ഇന്ന് ലോക വിനോദസഞ്ചാരദിനം; കുന്നിൻ മുകളിലെ അഴക്
text_fieldsപാലക്കാട്: ‘പാലക്കാടിന്റെ രാജ്ഞി’ എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ഇന്ന് വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്. ജില്ലയിലെ ഒരു കുന്നിൻ പ്രദേശം. തേയില, കാപ്പിത്തോട്ടങ്ങൾ, സമ്പന്നമായ ജൈവവൈവിധ്യങ്ങൾ, ട്രക്കിങ് പാതകൾ, പശ്ചിമഘട്ടത്തിലെ യുനെസ്കോ പൈതൃക സ്ഥലങ്ങളുടെ സാമീപ്യം എന്നിവക്ക് പേരുകേട്ടതാണ് നെല്ലിയാമ്പതി.
നെല്ലിയാമ്പതി കുന്നുകൾ പാവങ്ങളുടെ ഊട്ടി എന്നുകൂടി അറിയപ്പെടുന്നു. പ്രകൃതിസ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും മനോഹരമായ പച്ചപ്പ് നിറഞ്ഞ കുന്നുകളുടെ ഒരു പരമ്പരയാണ് നെല്ലിയാമ്പതിയിലുള്ളത്. ജില്ലയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും കൂടുതൽ യാത്രകൾ ഒരുക്കുന്നതും നെല്ലിയാമ്പതിയിലേക്കാണ്.
ഇവിടേക്കുള്ള യാത്ര തന്നെ സാഹസികതയാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4,600 അടി ഉയരത്തിലുള്ള നെല്ലിയാമ്പതി വർഷം മുഴുവനും തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് നൽകുന്നത്. തേയില, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയെയും സംസ്കരണത്തെയും കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് ഈ തോട്ടങ്ങളിലൂടെ ഗൈഡ് ടൂറുകൾ നടത്താം. സന്ദർശകർക്ക് ഫാമുകളിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനുള്ള അവസരവുമുണ്ട്. ജൈവവൈവിധ്യത്തിന് പേരുകേട്ട, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ, പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് നെല്ലിയാമ്പതി കുന്നുകൾ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
ആന, പുള്ളിപ്പുലി, കടുവ, കാട്ടുപോത്ത്, വിവിധ ഇനം മാനുകൾ എന്നിവയെ കാണാനാകും. നിരവധി തദ്ദേശീയ-ദേശാടന പക്ഷികൾ വരുന്ന ഇവിടം പക്ഷി നിരീക്ഷകരുടെ സങ്കേതം കൂടിയാണ്. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യവുമുണ്ട് ഈ സ്ഥലത്തിന്. പുരാതന ക്ഷേത്രങ്ങൾ, ഗോത്ര വാസസ്ഥലങ്ങൾ, കൊളോണിയൽ കാലഘട്ടത്തിലെ ബംഗ്ലാവുകൾ എന്നിവയാൽ ഈ കുന്നുകൾ നിറഞ്ഞിരിക്കുന്നു.
വികസനം ഇനിയുമകലെ
വിനോദസഞ്ചാരികൾ കൂടുതൽ കയറുമ്പോഴും വികസനത്തിൽ ഇന്നും പിന്നിലാണ് നെല്ലിയാമ്പതി ടൂറിസം മേഖല. നെല്ലിയാമ്പതി മുഴുവൻ വനഭൂമിയായതാണ് വികസനത്തിനുള്ള പ്രധാന തടസം. തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനതോട്ടങ്ങളും ഓറഞ്ച് ഫാമുകളും നിറഞ്ഞ നെല്ലിയാമ്പതിക്ക് ടൂറിസം പ്രധാന ആകർഷണമാണ്. എന്നാൽ വിനോദയാത്രികർക്ക് സഞ്ചരിക്കേണ്ട റോഡുകൾ മുതൽ ടുറിസ്റ്റ് കേന്ദ്രങ്ങളിലെ ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വരെ വളരെ പരിമിതാണ്. 2018 ലെ പ്രളയത്തിൽ തകർന്ന റോഡ് പൂർണമായി നന്നാക്കിയിട്ടില്ല.
പലയിടങ്ങളിലും ശുചിമുറി സൗകര്യമില്ലാത്തത് സ്ത്രീ യാത്രക്കാരെ വലക്കുന്നു. ‘ഭ്രമരം’ സിനിമ ഷൂട്ട് ചെയ്ത മാൻപാറസാങ്കേതിക കാരണങ്ങളാൽ പത്ത് വർഷമായി അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ഫണ്ട് ധാരാളം ലഭിക്കുമ്പോഴും വികസന പ്രവർത്തനങ്ങൾക്ക് വനനിയമങ്ങൾ പലപ്പോഴും തടസ്സമാകുകയാണെന്ന് നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് പറഞ്ഞു.