നിലമ്പൂർ യുനെസ്‌കോയുടെ ലേണിങ് സിറ്റി പട്ടികയില്‍
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭക്ക് യുനെസ്‌കോയുടെ അംഗീകാരം. നിലമ്പൂര്‍ നഗരത്തെ യുനെസ്‌കോയുടെ ലേണിങ് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശിപാര്‍ശ ജി.എൻ.എൽ.സി അംഗീകരിച്ചു. കേരളത്തില്‍നിന്ന് തൃശൂര്‍, തെലങ്കാനയിലെ വാറങ്കല്‍ എന്നിവയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.
44 രാജ്യങ്ങളിലെ 77 നഗരങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്.
ലോകത്തെ ചെറുതും വലുതുമായ 294 നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്. വിവിധ രാജ്യങ്ങളിലെ പഠനാനുഭവങ്ങള്‍ പങ്കുവെക്കലും പരസ്പര സഹകരണവും ഇതുവഴി സാധ്യമാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ക്ക് വിവിധ പഠന അറിവുകള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
77 പുതിയ നഗരങ്ങളുടെ കൂട്ടത്തില്‍ അറബ് രാഷ്ട്രങ്ങളില്‍നിന്ന് ദോഹ, അല്‍ദായല്‍, അല്‍യറാന്‍, റാസല്‍ഖൈമ, ഷാര്‍ജ, യാംബു ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവയും ഉള്‍പ്പെടും.