പൂഞ്ചിറ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
text_fieldsഇലവീഴാപ്പൂഞ്ചിറ ടോപ്വ്യൂ
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. കൂടാതെ കാഞ്ഞാറിൽ നിന്ന് കൂവപ്പള്ളി- ചക്കിക്കാവ് വഴി ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചും ഇലവീഴാപൂഞ്ചിറയിൽ എത്താം.
പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിടപിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ.സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ കേരളത്തിലെ ആറ് ജില്ലകള്‍ കാണമെന്നതാണ് ഏറ്റവും വലിയ സവിശേഷത.
ആലപ്പുഴ, ഇടുക്കി, എറണാകുളം,കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നിവയാണ് ആ ജില്ലകള്‍. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഈ ഒരു അവസ്ഥയില്‍ നിന്നുമാണ് ഇലവീഴാ പൂഞ്ചിറയെന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത്. താഴ്വരയിലെ തടാകത്തില്‍ ഇലകള്‍ വീഴാറില്ല.
എപ്പോഴും നൂലുപെയ്യുന്നത് പോലെ മഴപെയ്ത് നില്ക്കുന്ന പൂഞ്ചിറയുടെ താഴ്വരയെ കുടയത്തൂര്‍ മല, തോണിപ്പാറ, മാങ്കുന്ന എന്നീ മലകള്‍ ചുറ്റി നില്ക്കുന്നു. എല്ലാ കാലാവസ്ഥയിലും തണുത്തു നില്ക്കുന്ന ഒരു അന്തരീക്ഷം സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേക്ക് ക്ഷണിക്കും. തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നു.