റഹ്മാനിയ്യ; ഷാർജയുടെ ഹരിത നഗരം
text_fieldsഷാർജയുടെ പ്രധാന ഉപനഗരങ്ങളിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് അൽ റഹ്മാനിയ്യ. അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന, ഡമാസ് മരങ്ങൾ അതിരുകളിടുന്ന സുന്ദര പ്രദേശം. ഈ മേഖലയെ സുസ്ഥിര നഗരമായി രൂപപ്പെടുത്തിയിരിക്കുകയാണ് ഷാർജ.
ഷാർജ നിക്ഷേപ വികസന അതോറിറ്റിയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. നടപ്പ് വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തെ ഗ്രാമീണമായ കാലാവസ്ഥയിലൂടെ കടത്തിവിട്ട് വരും തലമുറയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന മഹത്തായ പ്രാർഥന കൂടിയാണ് റഹ്മാനിയ്യ എന്നു പറഞ്ഞാൽ അധികമാകില്ല. കാർബൺ പ്രസരണത്തെ തടഞ്ഞുനിർത്തി, കാറ്റിന് വന്നിരിക്കാൻ ചില്ലകളെ പാകപ്പെടുത്തി, വസന്തത്തെ വരവേൽക്കാൻ ഹരിത കൂടാരങ്ങളൊരുക്കിയുള്ള ഈ സുസ്ഥിര നഗര പദ്ധതി ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
സൂര്യപ്രകാശത്തെ രാത്രിയുടെ കാവൽക്കാരായി പരിവർത്തിപ്പിച്ച്, ഊർജ്ജ സംരക്ഷണത്തിന് പ്രഥമ സ്ഥാനം നൽകുന്നു. റോഡോരങ്ങൾക്കുണ്ട് വൃക്ഷങ്ങളുടെ ഹരിത കാവൽ. വീടുകളിൽനിന്ന് കൃഷിയുടെ പാഠങ്ങൾ തുടങ്ങുന്നു. വായനക്ക് പ്രഥമ സ്ഥാനം നൽകാൻ വായൻശാലകൾ വെളിച്ചം വീശുന്നു. കൃഷിയുടെ കാര്യത്തിൽ പണ്ടുകാലം തൊട്ടെ റഹ്മാനിയ്യ മുന്നിലുണ്ട്. ബദുവിയൻ കാർഷിക കാവ്യങ്ങളുടെ പൂങ്കാവനമാണ് റഹ്മാനിയ്യ. പലായനങ്ങളിൽ നിന്ന് രൂപ്പപ്പെട്ട മരുഭൂ വഴിത്താരകളിൽ നിന്ന് പ്രകൃതിയുടെ വായ്ത്താരി കേൾക്കാം.ദേശാടന പക്ഷികളുടെ ചിറകടി നിലക്കാത്ത പ്രദേശം. ആടും മാടും മേയും മയിലാടും പ്രദേശം.
കോടമഞ്ഞുകാലത്ത് റഹ്മാനിയ്യ കൂടുതൽ സുന്ദരിയാകും. മഞ്ഞിനുള്ളിലൂടെ പോകുന്ന ഒട്ടക കൂട്ടങ്ങളെ കാണാൻ നല്ല രസമാണ്. മഞ്ഞിനുള്ളിൽ നിന്ന് ഉയർന്നു വരുന്ന പുലരിച്ചോപ്പിൽ റഹ്മാനിയ്യ പതിനേഴിൽ പടിവ്വാതിൽ തുറക്കുന്നത് കാണാം. ഷാർജ സുസ്ഥിര നഗര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പരിസ്ഥിതി സൗഹൃദ രീതികളെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെയും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ്.
ഗുണനിലവാരമുള്ള ജീവിതം നയിക്കാനുള്ള താമസക്കാരുടെ നിലവിലെ ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ, വിപരീത ആഘാതങ്ങളിൽ നിന്ന് മുക്തമായി ജീവിക്കാനുള്ള അടുത്ത തലമുറയുടെ അവകാശങ്ങൾ കൂടി സംരക്ഷിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
7.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ച ഷാർജ സുസ്ഥിര നഗരത്തിൽ 1250 റെസിഡൻഷ്യൽ യൂണിറ്റുകളും മറ്റ് വിനോദ, ആരോഗ്യ, സേവന, ബിസിനസ് സൗകര്യങ്ങളും ഉൾപ്പെടും. ഷാർജ സുസ്ഥിര നഗരത്തിൽ പരിസ്ഥിതി സൗഹൃദപരമായ നിരവധി പ്രവർത്തനങ്ങൾ ഉണ്ട്, 100 ശതമാനം സംസ്കരിച്ച മലിനജലം ഉപയോഗിച്ച് ഹരിത പ്രദേശങ്ങളിലെ ജലസേചനം, ശുദ്ധമായ ഗതാഗതത്തിന്റെ ഉപയോഗം, ഹരിതഗൃഹങ്ങളിൽ ലംബമായി കൃഷി ചെയ്യുന്നതിലൂടെ ഏകദേശം 90,000 കിലോഗ്രാം രാസ രഹിത പച്ചക്കറികളുടെ ഉത്പാദനം, മാലിന്യങ്ങളുടെ പുനരുപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലോകം വളരെ വേഗത്തിൽ നഗരവൽക്കരിക്കപ്പെടുകയാണ്, വികസ്വര രാജ്യങ്ങളിലെ നഗരങ്ങൾ ഇതിലും ഉയർന്ന വേഗതയിൽ വളരുന്നു. നഗരങ്ങൾ ആഗോള സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകുമ്പോൾ, അവ പാരിസ്ഥിതിക തകർച്ചയുടെ ചാലകശക്തി കൂടിയാണ്. നഗരങ്ങൾ ആഗോള ഊർജത്തിന്റെ 80 ശതമാനം ഉപയോഗിക്കുമ്പോൾ 70 ശതമാനം ഹരിതഗൃഹ വാതക ഉദ്വമനത്തിന് ഉത്തരവാദികളാണ്. വലിയ അളവിലുള്ള മാലിന്യങ്ങളും മലിനീകരണവും സൃഷ്ടിക്കുന്നു. കൂടാതെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് അതിവേഗം കടന്നുകയറുന്നു.
നഗര വ്യാപനം മോശം ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നു, നഗരങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിന് വളരെ ദുർബലമാക്കുന്നു, കൂടാതെ നഗരങ്ങൾക്ക് ചുറ്റുമുള്ള ജൈവവൈവിധ്യത്തിന് ഭീഷണിയാകുന്നു. 2050 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ 70 ശതമാനം നഗരങ്ങളിൽ താമസിക്കുന്നതായി പ്രവചിക്കപ്പെടുന്നു. സുസ്ഥിര നഗരങ്ങളുടെ പ്രാധാന്യത്തെയാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ആദ്യ ചുവടാണ് ഷാർജ മുന്നോട്ട് വെച്ചിട്ടുള്ളത്.