റാസല്‍ഖൈമ; വന്യം, സൗമ്യം, ഉല്ലാസം
text_fieldsറാക് ജബല്‍ ജെയ്സ് ആഷിക് ലീ
കൊടും ചൂടിന് വിട നല്കി വസന്തകാലം വിരുന്നത്തെിയതോടെ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി റാസല്‍ഖൈമ. അതുല്യമായ ഭൂപ്രകൃതിക്കൊപ്പം പൗരാണികതയുടെ സുഗന്ധവും അത്യാധുനികതയുടെ പ്രൗഢിയും ഒരുപോലെ അനുഭവഭേദ്യമാകുമെന്നതും ശ്രദ്ധേയമാണ്. കടല്‍ തീരങ്ങള്‍, ഹരിതാഭമായ കൃഷി നിലങ്ങള്‍, മരുഭൂമി, മലനിരകള്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയവയുടെ ആസ്വാദനം ഒറ്റ യാത്രയില്‍ സാധ്യമാകുമെന്നതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി റാസല്‍ഖൈമ മാറി. വന്യമായ അനുഭൂതി നല്കുന്ന പര്‍വ്വത നിരകളും കുളിര്‍മ നല്കുന്ന വാദികളും ഗതകാല സ്മരണകള്‍ തലയെടുപ്പോടെ നില്ക്കുന്ന പൗരാണിക പ്രദേശങ്ങളും കുറഞ്ഞ നിരക്കില്‍ ആഢംബര സൗകര്യങ്ങളുള്ള താമസ കേന്ദ്രങ്ങളും ബിസിനസ് സൗകര്യവും റാസല്‍ഖൈമയുടെ കീര്‍ത്തി വാനോളം ഉയര്‍ത്തി. ഹജാര്‍ മലനിരകളുടെ വന്യമായ പശ്ചാത്തലമുള്ള റാസല്‍ഖൈമയില്‍ ജബല്‍ ജെയ്സ്, റെഡ് ഐലന്റ്, വാദി ഷൗക്ക, ദയാ ഫോര്‍ട്ട്, യാനസ് മൗണ്ടന്‍, കാര്‍ഷിക പ്രദേശം, കണ്ടല്‍ക്കാടുകള്‍, പത്തോളം കടല്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ തികച്ചും സൗജന്യമായ ആസ്വാദനം സാധ്യമാകും.
ജബല്‍ ജെയ്സ്
സമുദ്ര നിരപ്പില്‍ നിന്ന് 1934 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന ഖ്യാതിയാണ് റാസല്‍ഖൈമയിലെ ജെയ്സ് മലനിരക്കുള്ളത്. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനംനിറക്കുന്ന കാഴ്ചകള്‍ ജബല്‍ ജെയ്സ് പ്രദാനം ചെയ്യുന്നു. മലമുകളിലേക്കുള്ള 35 കിലോ മീറ്റര്‍ നീളമുള്ള റോഡില്‍ എട്ട് ഹെയര്‍പിന്നുകളും നിരവധി കുത്തനെയുള്ള കോണുകളുമുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ്ലൈന്‍ പ്രവര്‍ത്തിക്കുന്നത് ജബല്‍ ജെയ്സിലാണ്. വര്‍ഷത്തില്‍ മുഴുസമയവും സൗജന്യമായി സന്ദര്‍ശകര്‍ക്ക് ജബല്‍ ജെയ്സ് ആതിഥ്യമരുളും.
ചുവന്ന ദ്വീപ്
ജസീറ അല്‍ ഹംറയിലെ പുരാതന കുടിയേറ്റ പട്ടണം ചിത്രം; ആഷിക് ലീ
യു.എ.ഇയിലെ ഏറ്റവും പഴക്കമേറിയ കുടിയേറ്റ പട്ടണമാണ് റാസല്‍ഖൈമയിലെ റെഡ് ഐലന്റ്. 16ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്ന് കുടിയേറിയ സഅബ് വംശജര്‍ കെട്ടിപ്പടുത്ത സാമ്രാജ്യമായിരുന്നു ഈ ചുവന്ന ദ്വീപ്. ഒരു ദേശത്തിന്റെയും ജനതയുടെയും പ്രതാപത്തെ അടയാളപ്പെടുത്തുന്ന പ്രദേശം. എണ്ണയുടെ കണ്ടത്തെലിന് മുമ്പുള്ള പ്രദേശത്തിന്റെ ജീവിത ശൈലിയുടെ നേര്‍ക്കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ജസീറ അല്‍ ഹംറയില്‍ നിന്ന് കാലങ്ങളുടെ കഥകള്‍ വായിച്ചെടുക്കാം. പ്രതാപകാലത്ത് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യാപാരത്തിനും മറ്റുമുള്ള ആശ്രയമായിരുന്നു ഈ റെഡ് ഐലന്റ്. ചരിത്ര പുസ്തക താളുകള്‍ പോലെ വിവരണാതീതമായി ചിതറികിടക്കുന്ന ഈ പ്രദേശം ചരിത്ര വിദ്യാര്‍ഥികളുടെയും ലോക സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്.
വാദി ഷൗക്ക
ഷൗക്ക ഡാം ചിത്രം; മാലിക്
120 മില്ലി മീറ്റര്‍ തോതില്‍ വാര്‍ഷിക മഴ രേഖപ്പെടുത്തുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വാദി ഷൗക്ക. ഹജാര്‍ മലനിരകളോട് ചേര്‍ന്നു ഷൗക്ക മേഖല സാഹസിക സഞ്ചാരികുളുടെ ഇഷ്ട കേന്ദ്രമാണ്. 275,000 ഘന അടി ജലസംഭരണ ശേഷിയുള്ള ഷൗക്ക ഡാമും പരിസര പ്രദേശങ്ങളും യു.എ.ഇയുടെ വിനോദ ഭൂപടത്തില്‍ സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. പരുക്കന്‍ പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും നിറഞ്ഞതാണ് ഷൗക്ക മേഖല. ഇവിടെയുള്ള ഉപേക്ഷിക്കപ്പെട്ട വാസ സ്ഥലങ്ങളും പ്രസിദ്ധമാണ്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഉല്ലാസത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങളും ഷൗക്ക ഡാമിനോടനുബന്ധിച്ച് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.