ഓറോ! റഷ്യ
text_fieldsമോസ്കോ നഗരം
എട്ട് നൂറ്റാണ്ടുകളിലേറെ നീണ്ടുനിൽക്കുന്ന സമ്പന്ന ചരിത്രനഗരം. പൗരാണികതയും ആധുനികതയും സമന്വയിക്കുന്ന മുഖമാണ് മോസ്കോയുടേത്
ആറു പേർ, ഒന്നിച്ചു സ്കൂളിൽ തുടങ്ങിയ സൗഹൃദം. പതിവ് അത്താഴ ചർച്ചയിൽ ഉയർന്നുവന്ന ‘ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര പോകണം’ എന്ന തീരുമാനത്തിൽനിന്ന് ‘പോകേണ്ട ദിവസവും സ്ഥലവും കുറിച്ചു’. ഭൂമിയിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ മനോഹരമായ രണ്ടു പട്ടണങ്ങൾ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ്, അതിനിടയിലെ കുറച്ചു റഷ്യൻ ഗ്രാമങ്ങൾ. ആർക്കും ഒരു എതിരഭിപ്രായം ഉണ്ടായിരുന്നില്ല. പോകാൻ ഇനിയും മാസങ്ങൾ, അതിന്റെ പ്ലാനിങ്. യാത്രയോളം തന്നെ സുഖം ഉണ്ടായിരുന്നു ഞങ്ങളുടെ തയാറെടുപ്പുകൾക്കും. ഷമ്മാസ്, അജ്മൽ, അംജാദ്, മൊയ്തു, ആഷിക്ക് പിന്നെ ഞാനും.
കാത്തിരിപ്പിനൊടുവിൽ
ജൂൺ ഏഴിന് ഉച്ചയോടെ റഷ്യയുടെ തലസ്ഥാന നഗരിയായ മോസ്കോയിൽ പറന്നിറങ്ങി. ഇടിയും മഴയുമാണ് വരവേറ്റത്. സ്വീകരിക്കുന്നയാളും ഹോട്ടലിലേക്ക് പോകാനുള്ള വാനും പുറത്തു കാത്തുനിൽക്കുന്നുണ്ട്. മഴ ആസ്വദിച്ച് ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി. ‘മോസ്കോ’ ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിലൊന്നാണ്. എട്ട് നൂറ്റാണ്ടുകളിലേറെ നീണ്ടുനിൽക്കുന്ന സമ്പന്ന ചരിത്രനഗരം. സോവിയറ്റ് കാലഘട്ടത്തിലെ കെട്ടിടങ്ങൾ, പരമ്പരാഗത റഷ്യൻ വാസ്തുവിദ്യ, അതോടൊപ്പം ചില്ലുപാകിയ കെട്ടിടങ്ങൾ തിങ്ങിനിൽക്കുന്ന ഇന്റർനാഷനൽ ബിസിനസ് സെന്ററിന്റെ തെരുവുകൾ... പൗരാണികതയും ആധുനികതയും സമന്വയിക്കുന്ന മുഖമാണ് മോസ്കോയുടേത്.
പിറ്റേന്ന് രാവിലെ കാഴ്ച കാണാനിറങ്ങി. പോകുന്ന സ്ഥലങ്ങളെപ്പറ്റിയും അവിടത്തെ നിർമിതികളെപ്പറ്റിയും ഗൈഡ് ‘ലിലിയ’ വാ തോരാതെ സംസാരിക്കുന്നു. കൂടെ റഷ്യക്കാരായ സ്റ്റീഫനും വാർവറമിയും ടീമിലുണ്ട്. വാഹനം നഗരത്തിന്റെ ഹൃദയഭാഗമായ ക്രെംലിൻ കോട്ടയുടെ ചുവന്ന മതിലിനടുത്തുകൂടി നീങ്ങുകയാണ്, റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധ കോട്ട സമുച്ചയമാണിത്. പ്രശസ്തമായ റെഡ് സ്ക്വയറും സെന്റ് ബേസില്സ് കത്തീഡ്രലും സ്ഥിതിചെയ്യുന്നത് ഇതിന്റെ സമീപത്ത്. വർണാഭമായ താഴികക്കുടങ്ങളുള്ള സെന്റ് ബേസില്സ് കത്തീഡ്രൽ റഷ്യൻ സൗന്ദര്യത്തിന്റെ പ്രതീകമാണ്. തൊട്ടടുത്തുള്ള ബോൾഷോയ് തിയറ്ററും നിരവധി മ്യൂസിയങ്ങളും ആർട്ട് ഗാലറികളും നഗരത്തിലെ സാംസ്കാരിക ജീവിതത്തെ വരച്ചുകാട്ടുന്നു.
മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി
റഷ്യൻ ജനത പൊതുവെ സമാധാനപ്രിയരാണ്. സൗമ്യതയും സൗന്ദര്യവും തിളങ്ങിനിൽക്കുന്ന കുറെ മനുഷ്യർ. ഭൂരിഭാഗവും റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്നവരാണെങ്കിലും ട്രാൻസ് ലേറ്റർ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ യാതൊരു മടിയും അവർക്കില്ല. വിദ്യാഭ്യാസത്തിനും ബൗദ്ധിക ജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന മോസ്കോ പ്രശസ്തമായ സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും ആസ്ഥാനംകൂടിയാണ്. സ്പാരോ ഹിൽസ് വ്യൂ പോയന്റിനടുത്ത് സ്ഥിതിചെയ്യുന്ന ‘മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി’യെ നോക്കി ആശ്ചര്യപ്പെടുന്നതിനിടെ, ഇത് റഷ്യൻ വിദ്യാർഥികളുടെ ഒരു സ്വപ്നമാണെന്ന് ടീമംഗം സ്റ്റീഫൻ പറയുന്നുണ്ടായിരുന്നു.
മോസ്കോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, ക്രെംലിനിലേക്കുള്ള
കവാടം
ഉച്ച ഭക്ഷണത്തിനുശേഷം സോവിയറ്റ് കാലഘട്ടത്തിലെ പ്രശസ്തമായ ബഹിരാകാശ ജേതാക്കളുടെ സ്മാരകസ്തൂപം കാണാൻ പോയി. ബഹിരാകാശ പര്യവേക്ഷണത്തിൽ സോവിയറ്റ് ജനതയുടെ നേട്ടങ്ങളെ അനുസ്മരിക്കുന്നതിനായാണ് ഇത് നിർമിച്ചത്. പ്രഥമ ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിന്റെയും വാലന്റിന തെരഷ്കോവയുടെയും മുഖങ്ങൾ ഇവിടെ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. മെട്രോ വഴിയായിരുന്നു യാത്ര. പൊതുഗതാഗതത്തിൽ ഏറെ ശ്രദ്ധേയം മെട്രോ സംവിധാനമാണ്. വീതികൂടിയ റോഡുകളും വൈദ്യുതീകരിച്ച പൊതുഗതാഗത സംവിധാനവും മനോഹരമായ ട്രാമുകളും മോസ്കോയുടെ സൗന്ദര്യത്തിൽ ഏറെ പങ്കുവഹിക്കുന്നു.
ബോർഷും ബൊറൊഡിൻസ്കിയും
മൂന്നുദിവസം കഴിഞ്ഞത് ആരും അറിഞ്ഞില്ല. രാവിലെ ഹോട്ടലിൽനിന്ന് കഴിക്കുന്ന പ്രാതൽ ഒഴിച്ചാൽ ബാക്കിയെല്ലാം റഷ്യൻ വിഭവങ്ങൾ. ‘ബോർഷ്’ എന്ന ബീറ്റ്റൂട്ട് സൂപ്പിൽ തുടങ്ങി ‘ബൊറൊഡിൻസ്കി’ എന്ന കറുത്ത റൊട്ടിയിൽ അവസാനിക്കുന്ന നീണ്ട ഒരു പ്രക്രിയയാണ് ഓരോ നേരത്തെ ഭക്ഷണവും. അതിനിടയിൽ മുയലിറച്ചി മുതൽ സാൽമൺ വരെ പല പേരുകളിൽ തീൻ മേശയെ അലങ്കരിക്കും. ചുരുക്കം ചിലത് മാറ്റിനിർത്തിയാൽ എല്ലാം വളരെ സ്വാദിഷ്ഠവും. പതിവുപോലെ അത്താഴവും കഴിച്ച് ‘റൂബിളും’ ഒപ്പം ‘സ്പാസീബ’യും കൊടുത്തു ഞങ്ങളിറങ്ങി. രാവിലത്തെ വണ്ടിക്ക് സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോകണം. പ്രാതൽ കഴിഞ്ഞു റെയിൽവേ സ്റ്റേഷനിലെത്തി. വിമാനത്താവളത്തിന് സമാനമായ ചെക്കിങ്ങിന് ശേഷം പ്ലാറ്റ് ഫോമിലെത്തി. ട്രെയിൻ സമയം കൃത്യം. ട്രെയിൻ ജീവനക്കാരി ഞങ്ങളുടെ കൂപ്പെ കാണിച്ചുതന്നു. നാലു പേരെ ഉൾക്കൊള്ളാവുന്ന കൂപ്പെയിൽ കിടക്കാനുള്ള സൗകര്യങ്ങൾ വൃത്തിയിൽ ഒരുക്കിയിരിക്കുന്നു. ഒമ്പത് മണിക്കൂർ യാത്ര. ചെറിയ കാടുകൾ, പുഴകൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, സോവിയറ്റ് കാലഘട്ടത്തെ ഓർമിപ്പിക്കുന്ന കെട്ടിടങ്ങൾ, ഇടക്കൊക്കെ ചാറ്റൽ മഴയും. പുറത്തെ മാറുന്ന കാഴ്ചകൾ വളരെ ഹൃദ്യമായിരുന്നു.
കാതറിൻ പാലസ്
മുത്തശ്ശിക്കഥയിലെ സെന്റ് പീറ്റേഴ്സ്ബർഗ്
രാത്രിയോടെ സെന്റ് പീറ്റേഴ്സ്ബർഗിൽ ഇറങ്ങി. തണുപ്പ് പ്രതീക്ഷിച്ചതിലും അൽപം കൂടുതലായിരുന്നു. അതിവിശാലമായ, ജനത്തിരക്കുള്ള പൗരാണിക നഗരം, ആനന്ദത്തിന്റെ എല്ലാ വാതിലുകളും സഞ്ചാരികൾക്കായി മലർക്കെ തുറന്നിട്ടിരിക്കുകയാണിവിടെ. ചൂടുകാപ്പിയോടൊപ്പം തമാശകൾ പങ്കുവെച്ചു അലസമായി നടന്നു റൂമിലെത്തി. പുറത്തു നിയോൺ വിളക്കിന്മേൽ വരഞ്ഞിടുന്ന ചാറ്റൽമഴയുടെ സൗന്ദര്യവും ആസ്വദിച്ച് പതിയെ ഉറങ്ങി.
പ്രാതൽ കഴിച്ചു പുറത്തേക്കിറങ്ങി. നേവാ നദിയും വലിയ കെട്ടിടങ്ങൾക്കിടയിലൂടെ ഒഴുകുന്ന അനേകം കനാലുകളും ചെറിയ പാലങ്ങളിൽ നിരത്തിവെച്ചിരിക്കുന്ന പൂക്കളും പക്ഷികളും എല്ലാം നിറഞ്ഞു നിൽക്കുന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഏതോ മുത്തശ്ശിക്കഥയിൽ വായിച്ച ഭാവനാലോകമായി തോന്നും. നടപ്പാതകൾ കച്ചവടക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കോലാഹലങ്ങളൊന്നുമില്ലാതെ അച്ചടക്കത്തോടെ ജോലി ചെയ്യുന്ന വഴിവാണിഭക്കാർ. പാലസ് സ്ക്വയറിലേക്ക് നടന്നു, ലോകത്തെ ഏറ്റവും മികച്ച മ്യൂസിയങ്ങളിൽ ഒന്നായ ‘ഹെർമിറ്റേജ് മ്യൂസിയം’ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ മ്യൂസിയത്തിൽ ലിയനാർഡോ ഡാവിഞ്ചിയുടെയും പിക്കാസോയുടെയും സൃഷ്ടികൾ കാണാം. പഴയ റഷ്യയുടെ ആഡംബരത്തിന്റെ പ്രതീകമായിരുന്ന വിന്റർ പാലസ് എന്ന രാജ മന്ദിരവും ഈ ലോകപ്രശസ്ത മ്യൂസിയത്തിന്റെ ഭാഗമാണ്.
മോസൈക്കിനാൽ വിസ്മയം തീർത്ത സേവ്യർ പള്ളിയും പാരമ്പര്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന സെന്റ് ഐസക് കത്തീഡ്രലും സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്ന പീറ്റർ ആൻഡ് പോൾ ഫോർട്രെസും രാജകീയമായ കാതറിൻ കൊട്ടാരവും പോലുള്ള അനേകം നിർമിതികൾ ചരിത്രത്തിന്റെ കാൽപ്പാടുകളായി നഗരത്തിന്റെ ഓരോ കോണിലും തെളിഞ്ഞു നിൽക്കുന്നു.
കനാലിന്റെ തീരത്തെ നഗരം
എല്ലാ കെട്ടിടത്തിന്റെയും ഒരു ഭാഗം കനാലാണ്. അതിൽ നിറയെ വിനോദ സഞ്ചാരികൾക്കായുള്ള ബോട്ടുകളും. വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പട്ടണമാണിത്. അധികം പഴക്കമില്ലാത്ത ഒരു ക്രൂസ് ബോട്ടിൽ ഇരിപ്പുറപ്പിച്ചു. ഒരു മണിക്കൂറോളം കനാൽയാത്ര. രണ്ടു ദിവസത്തെ ആഘോഷങ്ങൾക്കു ശേഷം സെന്റ് പീറ്റേഴ്സ് ബർഗിൽനിന്നും മോസ്കോയിൽ തിരിച്ചെത്തി. പിറ്റേദിവസം രാത്രിയാണ് ദോഹയിലേക്ക് മടങ്ങേണ്ടത്.
ഉച്ചഭക്ഷണത്തിനു പോകുന്ന വഴി ഒരറിയിപ്പ് ലഭിച്ചു; രാത്രി ഞങ്ങൾക്ക് പോകേണ്ട വിമാനം കാൻസലായിരിക്കുന്നു. യാത്ര മുടങ്ങുമ്പോൾ സ്വാഭാവികമായി തോന്നാറുള്ള ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും ഒരാഴ്ചകൂടി അവിടെ തങ്ങാനായിരുന്നു അടുത്ത പ്ലാൻ. ഭക്ഷണവും കഴിഞ്ഞ് ഒരു കേബിൾ കാർ യാത്രക്കാണ് പോയത്. ലുഴ്സ്നിക്കി സ്റ്റേഡിയം ഭാഗത്തുനിന്ന് ആരംഭിക്കുന്ന നദിക്കു മുകളിലൂടെ നീങ്ങി സ്പാരോ ഹിൽസ് വരെ എത്തുന്ന ഈ ക്യാബിനിൽനിന്നും മോസ്കോ ഇന്റർനാഷൻ ബിസിനസ് സെന്റർ മുഴുവൻ കാണാം. അതിനിടക്ക് ട്രാവൽ ഏജന്റ് റഊഫിന്റെ മെസേജ് വന്നു. ടിക്കറ്റ് റെഡിയാണെന്നും കുവൈത്തിന്റെ ജസീറ എയർവേസ് സുരക്ഷിതമായ വഴികളിൽകൂടി പോകുന്നുണ്ട് എന്നും അറിയിച്ചു.
സെന്റ് പീറ്റേഴ്സ്ബർഗിലെ കനാൽ
മറക്കാനാവാത്ത കുറെ ഓർമകൾ സമ്മാനിച്ച റഷ്യയോടും അവിടെയുള്ള കുറെ നല്ല മനുഷ്യരോടും യാത്രപറഞ്ഞിറങ്ങി. മോസ്കോ വിമാനത്താവളത്തിലെത്തി. അഞ്ചര മണിക്കൂർകൊണ്ട് അവിടെനിന്നും ദോഹയിൽ എത്തേണ്ട യാത്ര, വ്യോമാതിർത്തി തടസ്സപ്പെട്ടതിനെ തുടർന്ന് പതിനഞ്ചു മണിക്കൂറായി. തുർക്കി, സൈപ്രസ്, ഈജിപ്ത്, കുവൈത്ത് വഴി പറന്നു ഖത്തറിലെ ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ വന്നിറങ്ങി.