ഖരീഫ് വിളിക്കുന്നു ...
text_fieldsപലപ്രാവശ്യം പ്ലാൻ ചെയ്ത സലാല യാത്ര 2023ൽ സഫലമായി. റോഡ് മാർഗം ഷഫീർ, നൗഫൽ, റാസിഖ് എന്നിവരോടൊപ്പമായിരുന്നു യാത്ര. വ്യാഴാഴ്ച രാത്രി പുറപ്പെട്ട് അൽഐൻ അതിർത്തിയിലൂടെ ഒമാനിലേക്ക്. ഇബ്രി വഴി മസ്കത്ത്-സലാല റോഡിലേക്ക് കടന്ന് ഉച്ചയോടെ സലാലയിൽ എത്തി. റാസിഖിന്റെ ഇണ തയ്യാറാക്കിയ രാത്രി ഭക്ഷണം - രുചിയേറിയ കുഞ്ഞിപ്പത്തൽ - അൽഐനിലെ വഴിയോര വിശ്രമ കേന്ദ്രത്തിലിരുന്നു കഴിച്ചു. രാത്രി ഒരു മണിയോടെ ഇബ്രിയിൽ എത്തി. റോഡ് ചെറുതായതിനാലും വഴിവിളക്കില്ലാത്തതിനാലും രാത്രിയാത്ര റിസ്ക് ആകുമെന്ന് നേരത്തെ അറിഞ്ഞതിനാൽ, വഴിമധ്യേ ഉറങ്ങി യാത്ര തുടരാമെന്ന് തീരുമാനിച്ചിരുന്നു. ഉറക്ക വിശ്രമത്തിനായി വഴിയരികിലെ കടക്കു മുന്നിൽ കയ്യിൽ കരുതിയിരുന്ന പായയും വിരിപ്പും വിരിച്ചു നാലു പേരും തെളിഞ്ഞ ആകാശവും നക്ഷത്രങ്ങളും നോക്കി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്വാനന്മാരുടെ കുരബഹളം. ഒന്ന് രണ്ടെണ്ണം ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു. അതോടൊ ഉറക്കം ഉപേക്ഷിച്ച് യാത്ര തുടർന്നു. ബീഅ ടൗണിൽ ഇറങ്ങി ഫ്രഷ് ആയി കട്ടനുമടിച്ചുരുന്ന് മരുഭൂമിയിൽ ഉയർന്നുപൊങ്ങുന്ന സൂര്യന്റെ ഭംഗിയറിഞ്ഞു.
ശംസ് ജമീൽ, ഷഫീർ, നൗഫൽ, റാസിഖ്
വിശാല മരുപ്പരപ്പിൽ നീട്ടി വരച്ച വരപോലെ കറുത്ത റോഡ് കണ്ണെത്താ ദൂരം നീണ്ടു നിവർന്നു കിടന്നു. ഇരുവശത്തും മരുഭൂമിയുടെ നിറം വെളുത്തും കറുത്തും ചുവന്നും മാറിക്കൊണ്ടിരുന്നു. കടന്നു പോകുന്ന വലിയ ട്രക്കുകളിലെ പ്രധാന ചരക്ക് കാറുകളായിരുന്നു. ഇത്രയധികം വണ്ടികൾ എവിടേക്കാണ് കയറ്റിക്കൊണ്ടു പോകുന്നതെന്ന സംശയം എല്ലാവർക്കുമുണ്ടായി. തിരിച്ചു വരുമ്പോഴേക്കും അതിനുള്ള മറുപടി ഞങ്ങൾക്ക് കണ്ടെത്താനായി. ഓരോ പെട്രോൾ സ്റ്റേഷനുകൾക്കിടയിലും നൂറുക്കണക്കിന് കിലോമീറ്ററുകളുടെ അകലമുണ്ട്. മുൻയാത്രക്കാർ പങ്കുവെച്ച അനുഭവങ്ങൾ വെച്ച് കാണുന്ന പമ്പുകളിൽ നിന്നെല്ലാം പെട്രോൾ നിറച്ചു കൊണ്ടായിരുന്നു യാത്രയുടെ തുടർച്ച. ഇടക്ക് ചപ്പാത്തിയും ദാലും കൂട്ടി നാസ്ത കഴിച്ചു. കഫ്തീരിയകൾ മലയാളികളേക്കാൾ കൂടുതലായി ബംഗാളികൾ നടത്തുന്നതായി കണ്ടു.
ഉച്ച സമയം ഒരു മണിയോടെ ഞങ്ങൾ മരുഭൂമി വിട്ടു സലാലയുടെ പച്ചപ്പിലേക്ക് കടന്നു. അതുവരെ കണ്ടിരുന്ന തിളച്ചു മറിയുന്ന മരുഭൂമി ഏതു നിമിഷത്തിലാണ് പച്ചപ്പിലേക്കും തണുപ്പിലേക്കും കോടയിലേക്കും മാറിയതെന്ന് അറിയില്ല, അവക്കിടയിലെ അതിർവരമ്പ് എവിടെയാണ് വരച്ചിരിക്കുന്നതെന്നും. പ്രകൃതി തീർത്തുവെക്കുന്ന അത്ഭുതങ്ങൾ നമ്മെ വിസ്മയിപ്പിച്ചു കളയും. കോടമഞ്ഞു പെയ്തിറങ്ങുന്ന റോഡിന്റെ ഇരുവശവും പച്ചപുതപ്പു വിരിച്ചപോലെ പുല്ലു തളിർത്തു നിൽക്കുന്ന കാഴ്ചക്ക് ചിത്രങ്ങളിൽ കണ്ടുമറന്ന ഏതോ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിച്ഛായയായിരുന്നു.
ദോഫാർ മലനിരകൾ
യമനുമായി അതിർത്തി പങ്കിട്ടുകൊണ്ട് ഏകദേശം 300 കിലോമീറ്റർ നീണ്ടു കിടക്കുന്ന ദോഫാർ മലനിരകൾ അറബിക്കടലിനും മരുഭൂമിക്കും ഇടയിൽ വലിയൊരു മതിൽ തീർക്കുന്നുണ്ട്. ഈ മലനിരകളുടെ താഴ്ഭാഗത്തായി നീണ്ടു പരന്നു കിടക്കുന്ന പച്ചപിടിച്ച പീഠഭൂമി ഒരു കലാകാരന്റെ മനോഹര ചിത്രം പോലെ കണ്ണിൽ നിറഞ്ഞു വരും. മലയിറങ്ങി താഴ്ഭാഗത്തേക്കിറങ്ങുമ്പോൾ ഒരു വശത്തു ആടുകളും പശുക്കളും കൂട്ടം കൂട്ടമായി മേയുന്നതു കാണാം, എതിർഭാഗത്തു ഒട്ടകങ്ങളുടെ ടെന്റുകൾ നിരനിരയായി നീണ്ടുകിടക്കുന്നു. പച്ചപ്പു നിറഞ്ഞ കുന്നിൽ ചെരുവുകളിൽ ആളുകൾ ടെന്റടിച്ചു കുടുംബത്തോടെ കൂടിയിരിക്കുന്നു.
റോഡിന്റെ വലതു വശം നീണ്ടു പരന്നു കിടക്കുന്ന പച്ചപ്പുല്ലിന്റെ പരവതാനി, അതിലൂടെ മേഞ്ഞു നടക്കുന്ന ആട്-മാട് കൂട്ടങ്ങൾ, ഒപ്പം വിരിപ്പ് വിരിച്ചും ടെന്റുകൾ കെട്ടിയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നവരും. ഇടതു വശത്തായി ഒട്ടകങ്ങളെ കെട്ടി നിർത്തിയിരിക്കുന്ന ആലയങ്ങളുടെ നീണ്ട നിര, കുറച്ചു മുന്നോട്ടു നീങ്ങുമ്പോൾ സലാല എയർപോർട്ടിന്റെ സുന്ദരമായ ബിൽഡിങ്ങും കണ്ടു. നാട്ടുകാരനും കൂട്ടുകാരനായ സുഹൈലിന്റെ സുഹൃത്തു തങ്ങാൻ ആവശ്യമായ ഹോട്ടൽ റൂം അറേഞ്ച് ചെയ്തിരുന്നു. കുളിച്ചു ഫ്രഷായി ഭക്ഷണം കഴിക്കാനിറങ്ങി. ബംഗാളികൾ തയ്യാറാക്കിയ മന്തി കഴിച്ചു.
ഐൻകൂർ വെള്ളച്ചാട്ടം
പച്ചപ്പ് നിറഞ്ഞ ഉയർന്ന മലനിരകളാലും മലകളുടെ ഉച്ചിയിൽ നിന്ന് ഉറവയെടുത്തു തെളിഞ്ഞ വെള്ളത്തിന്റെ കുതിച്ചു ചാട്ടമായി മാറുന്ന നിരവധി വെള്ളച്ചാട്ടങ്ങളാലും അവ നീണ്ടു പരന്നൊഴുകുന്ന താഴ്വരകളാലും സമ്പന്നമാണ് സലാല. എല്ലാ നീരുവകളിലും പോയി കുളിക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നു, സമയക്കുറവിൽ എല്ലാം ഒത്തുവന്നില്ല. ആദ്യം കണ്ടത് സലാലയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഐൻ ഖൂർ വെള്ളച്ചാട്ടമായിരുന്നു. അവിടേക്കെത്താൻ ഫോർ വീലർ നിർബന്ധം, അതുതന്നെ ഇടയ്ക്കു നിർത്തിയിടേണ്ടി വരും, പിന്നെ നടന്നു വേണം മുന്നോട്ട് പോകാൻ. ഉയർന്ന കുന്നിൻ ചെരുവിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ ആളുകൾ വലിയ വണ്ടികൾ ഓടിച്ചു വെള്ളച്ചാട്ടത്തിന്റെ തുടക്കം തേടി പോകുന്നുണ്ടായിരുന്നു, ഞങ്ങളും പിന്നാലെ കൂടി. വെള്ളത്തിലൂടെ വണ്ടി ഓടിക്കുമ്പോൾ എൻജിൻ നിലച്ചു പോകുമോയെന്ന ആശങ്ക. കുറച്ചു പോകുമ്പോഴേക്കും മുന്നോട്ട് പോകാൻ കഴിയാത്ത വിധം വഴി ദുഷ്കരമായി. വണ്ടി സൈഡിൽ പാർക്ക് ചെയ്തു നടക്കാൻ തുടങ്ങി. വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല നടത്തം, ലക്ഷ്യം എവിടെയെന്നറിയാതെയുള്ള പോക്ക്.
ഉയർന്നു നിൽക്കുന്ന മലയുടെ ഉച്ചിയിൽ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിൽ താഴെ ഭൂമിയിൽ പതിച്ചു പടരുമ്പോൾ തെളിഞ്ഞ നീല നിറമായി മാറി വലിയ നീർച്ചോലയായി ഒഴുകിപ്പരക്കുന്ന കുളിരുകോരും കാഴ്ച. നേരം ഇരുട്ടിയാൽ തിരിച്ചു പോക്ക് വൈകുമെന്നതിനാൽ വേഗത്തിൽ തിരിച്ചു നടന്നു. ഐൻ അസൂം, ഐൻ ഗോഗുബ്, ഐൻ ഹൂത്ത എന്നീ പ്രധാന വെള്ളച്ചാട്ടങ്ങളും സലാല പ്രദേശത്തുണ്ട്.
ഇരുട്ട് വീണു തുടങ്ങിയതോടെ മലമുകളിൽ നിന്നിറങ്ങി. മഗ്രിബ് നമസ്കാരത്തിന് പള്ളിയിലേക്ക് നീങ്ങുമ്പോൾ ചുറ്റുഭാഗത്തെ വീടുകളിൽ നിന്നും ഒമാനികൾ വന്നുകൊണ്ടിരുന്നു, ഒരു ചെറിയ ഗ്രാമവും അവിടെ ഒരു പള്ളിയും അതിനെ ചുറ്റിപ്പറ്റിയുള്ള ശാന്തത നിറഞ്ഞ ജീവിതവും. ഖരീഫ് സീസന്റെ ഭാഗമായി നടക്കുന്ന കാർണിവെല്ലിലേക്ക് ചെല്ലുമ്പോൾ സ്റ്റാളുകൾ നിറയെ തിരക്കായിരുന്നു. ദുബായിൽ ജീവിക്കുന്നവരെ വല്ലാതെ ആകർഷിക്കുന്ന തരത്തിലുള്ള തിരക്കോ കച്ചവടമോ അവിടെ ഉണ്ടായിരുന്നില്ല. സലാലയുടെ രാത്രികൾക്കു നല്ല തെളിച്ചമുണ്ടായിരുന്നു. പതിനൊന്നു മണിക്ക് പോലും പ്രകാശം നിറഞ്ഞു നിൽക്കുന്നു. അന്വേഷണത്തിൽ, അവിടെ രാത്രി അങ്ങിനെയാണത്രെ! ഹൈമാക്സ് ലൈറ്റ് ഇല്ലാതെ തന്നെ രാത്രിയിൽ സുഖമായി ഫുട്ബാൾ കളിക്കാം. അന്നത്തെ കറക്കം മതിയാക്കി റൂമിൽ എത്തി കുളിച്ചു ഉറക്കത്തിലേക്ക്..
വാദി ദർബാത്
അടുത്ത ദിവസത്തിലെ യാത്രക്കായി നേരത്തെയിറങ്ങി. വാദി ദർബാത് ആയിരുന്നു ലക്ഷ്യം. സിറ്റിയിൽ നിന്നും നാൽപതു കിലോമീറ്റർ ദൂരെയാണീ സ്ഥലം. മലഞ്ചെരുവിലെ ഇരുവശത്തും പച്ചപിടിച്ച പാതയിലൂടെ സഞ്ചാരം മനസ്സിന് വലിയ ഉന്മേഷം നൽകി. ഞങ്ങളുടെ സെക്യൂരിറ്റിയെന്നോണം ഒമാൻ റോയൽ പോലീസിന്റെ വണ്ടി തൊട്ടു മുന്നിൽ തന്നെയുണ്ടായിരുന്നു. ചെറിയ താളത്തിൽ ഒഴുകി വരുന്ന വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കാഴ്ചയിലേക്കാണ് എത്തിച്ചേർന്നത്. 100 മീറ്റർ ഉയരത്തിൽ തെളിഞ്ഞ വെള്ളം പതിഞ്ഞ താളത്തിൽ പുളഞ്ഞൊഴുകി മുന്നോട്ട് പോകുന്നു. ചാടി മറിഞ്ഞു കുളിച്ചുല്ലസിക്കാൻ തോന്നും. പക്ഷെ വെള്ളത്തിൽ ഇറങ്ങരുതെന്ന കൃത്യമായ നിർദ്ദേശം നൽകപ്പെട്ടിരുന്നു. ചെറിയ ഒരു പ്രദേശം ആണെങ്കിലും ബോട്ടിങ്ങിനുള്ള സൗകര്യം ഉണ്ടായിരുന്നു. അവിടെ നിന്നും വാദി ദർബാത്തിലേക്ക്...
രാവിലെ മുതൽ തന്നെ സന്ദർകർ എത്തിത്തുടങ്ങിയിരുന്നു. ചെറിയ ചാറ്റൽ മഴയും. ഒരു വശത്തു വലിയ പാറകളും മരങ്ങളും അതിനു താഴോട്ടായി നീണ്ട അരുവിയും പച്ചപ്പ് നിറഞ്ഞ താഴ്വാരവും. പ്രകൃതിയെ എത്ര മനോഹരമായാണ് വർണ്ണത്തിൽ ചാലിച്ചിരിക്കുന്നത്!! വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ കുറെ ദൂരം നടന്നു. ചെറിയ കൂടാരങ്ങൾ വാടകക്ക് നൽകുന്നുണ്ട്, തമ്പടിക്കാൻ താൽപര്യമുള്ളവർക്ക് അതാവാം. ബോട്ടിംഗ് സൗകര്യം വേറെ.
ജബൽ സംഹാൻ
ദോഫാർ മലനിരകളുടെ ഒരു ഭാഗം തന്നെയാണ് സംഹാൻ മലയും. അറേബ്യാൻ പുള്ളിപ്പുലിയും മറ്റു ജന്തു-സസ്യ വർഗ്ഗങ്ങൾ കാണപ്പെടുന്ന വന്യജീവി സംരക്ഷിത മേഖലയാണിത്. വാദി ദർബാതിൽ നിന്നും ജബൽ സംഹാനിലേക്കുള്ള യാത്ര ചാറ്റൽ മഴയുടെയും കോടമഞ്ഞിന്റെയും അകമ്പടിയോടെ ആയിരുന്നു. മഴയും മഞ്ഞും കൊണ്ട് കെട്ടിടങ്ങൾ പഴകിയ പോലെ തോന്നിച്ചു, ഏതോ ഷെർലക് ഹോംസ് കഥകളിൽ വായിച്ച പ്രദേശങ്ങൾ പോലെ. റോഡിനിരുവശവും നീണ്ടു പരന്നു കിടക്കുന്ന പുൽത്തകിടികൾ, ഇടക്ക് റോഡ് മുറിച്ചു കടക്കുന്ന ഒട്ടകകൂട്ടങ്ങൾ. ഉയർന്ന മലഞ്ചെരിവാണ് ജബൽ സംഹാൻ. മലനിരകൾ അവസാനിക്കുന്നിടത്തു പതുത്ത പഞ്ഞി കുടഞ്ഞിട്ട പോലെ കോടമഞ് പുതച്ചു കിടക്കുന്ന താഴ്വര. വെയിൽ കനത്തു വരുമ്പോൾ കോടമഞ്ഞു നീങ്ങി താഴ്വാരം തെളിഞ്ഞു കണ്ടു. വലിയൊരു മലയടിവാരത്തിന്റെ സകല വന്യതയും അഴകും അവിടെമാകെ നിറഞ്ഞു നിന്നിരുന്നു. താഴെ പക്ഷികളുടെ ബഹളം തെളിഞ്ഞു കേട്ടു. മലയുടെ അറ്റത്തു കുറെ സമയം കഴിച്ചുകൂട്ടി. കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ ഗുഹപോലുള്ള ഒരു ഭാഗം കണ്ടു. അതിന്റെ ഉള്ളിലേക്ക് പിടിച്ചു കയറി. അവിടെ ഇരുന്നാൽ ഒരു ബാൽക്കണിയിൽ ഇരിക്കുന്ന പോലെ മലയും താഴ്വരയും കോടമഞ്ഞുമൊക്കെ ഇരുന്ന് ആസ്വദിക്കാം. അവിടെയും ഒന്ന് രണ്ട് ചെറിയ ഷോപ്പുകൾ കണ്ടു, കരിക്ക് ജ്യൂസ് കുടിച്ചു താഴേക്കിറങ്ങി.
താവി അൽത്താഇർ സിങ്ക്ഹോൾ
നിരവധി സിങ്ക്ഹോളുകൾ സലാലയുടെ പലഭാഗത്തായി ഉണ്ട്. തിരിച്ചു വരുന്ന വഴിയിൽ "Well of Birds" എന്നറിയപ്പെടുന്ന സിങ്ക്ഹോളിന്റെ ഭാഗത്തിറങ്ങി. തേനീച്ചകൾ ധാരാളമായി കൂടുകൂട്ടുന്ന ചുണ്ണാമ്പു കല്ലുകളുടെ ഭൂപ്രദേശമാണിത്. വണ്ടി പാർക്ക് ചെയ്ത് നീലക്കുറുഞ്ഞി പോലെ വിടർന്നു നിൽക്കുന്ന ചെടികൾക്കിടയിലൂടെ താഴേക്കിറങ്ങി. ഒരു കിലോമീറ്റർ നീളവും 200 മീറ്റർ താഴ്ചയുമുള്ള ഏകാന്തത നിറഞ്ഞു നിൽക്കുന്ന ഭാഗം. കൂടുതൽ താഴേക്കിറങ്ങാൻ പേടി തോന്നി. പക്ഷെ ഗുണകേവിന്റെ ആഴത്തിൽ നിന്നുമുയരുന്ന ശബ്ദം പോലെ താഴേക്കിറങ്ങിയ ആളുകൾ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒച്ചയുടെ പ്രകമ്പനം മുകളിലേക്ക് കേൾക്കാമായിരുന്നു. പാറക്കൂട്ടങ്ങളുടെ കനപ്പും അഗാധഗർത്തങ്ങളുടെ വന്യതയും പ്രകൃതിയുടെ ഏകാന്തതയും നമ്മെ വല്ലാതെ ആകർഷിക്കും.
ആന്റി ഗ്രാവിറ്റി പോയിന്റ്
പലരും ഷെയർ ചെയ്ത വീഡിയോകളിലൂടെ സലാലയിലെ സുപരിചിതമായ സന്ദർശക സ്ഥലമാണ് ഈ ഭാഗം. സലാലാക്കും മിർബാത്തിനുമിടയിലാണ് ഈ പ്രതിഭാസം. ഈ ഭാഗത്തു വണ്ടികൾ ന്യൂട്രലിലിട്ടാൽ 30-35 കിലോമീറ്റർ വേഗതയിൽ മുകളിലേക്ക് ഉരുണ്ട് നീങ്ങും. ശാസ്ത്രീയവും അല്ലാത്തതുമായ പലവിധ വിശദീകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. സന്ദർശകർ വണ്ടികളിട്ട് പരീക്ഷണങ്ങൾ നടത്തി സായൂജ്യമടയുന്നു. കാഴ്ചകളുടെ പ്രത്യേകതകതളൊന്നും ഈ പ്രദേശത്തിനില്ലെങ്കിലും, നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രകൃതി പ്രതിഭാസത്തെ നേരിട്ടറിയാൻ ഇവിടം എത്തിയെ തീരൂ.
മെർനീഫ് കേവും ബ്ലോഹോൾസും
സലാലയിൽ നിന്നും 40 കിലോമീറ്റർ ദൂരത്തുള്ള മുഗ്സൈൽ കടൽത്തീരത്താണ് പ്രകൃതി കാത്തുവെച്ചിരിക്കുന്ന മെർനീഫ് ഗുഹ. ഞങൾ അവിടെ എത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. വാപിളർന്നു നിൽക്കും പോലെയുള്ള മെർനീഫ് ഗുഹയുടെ അടിയിലൂടെയുള്ള നടത്തം. തൊട്ടടുത്ത് കടലിരമ്പത്തിന്റെ ഹുങ്കാരം. തിരമാലകൾ അടിച്ചുകയറി കൂറ്റൻ മലയുടെ പാറകൾ തേഞ്ഞും ഇടിഞ്ഞും കടലിലേക്ക് ലയിച്ചു കൊണ്ടിരിക്കുന്നു. ഗുഹ മുറിച്ചുകടന്ന്, കെട്ടിയുണ്ടാക്കിയ നടപ്പാതയിലൂടെ മുന്നോട്ട് നീങ്ങി കടലും പാറയും ചേരുന്നിടത്തെത്തി. അവിടെയാണ് ബ്ലോഹോഴ്സിന്റെ വിസ്മയം. വെള്ളം ചീറ്റാൻ, തിമിംഗലങ്ങളുടെ തലക്കുമുകളിൽ കാണുന്ന ദ്വാരം എന്നർഥം വരുന്ന ഈ ഭാഗത്തു തിരമാലകൾ അടിച്ചു കയറുമ്പോൾ പാറകളിലെ ദ്വാരങ്ങൾക്കുള്ളിലൂടെ വെള്ളം തെറിച്ചു മുകളിലേക്ക് വരുന്ന കാഴ്ച, തിമിംഗലം വെള്ളം ചീറ്റും പോലെ. ചന്ദ്രന്റെ വെളിച്ചത്തിൽ ദൂരെ തിളങ്ങുന്ന കടൽ, അടിച്ചു വരുന്ന തിരമാലകളുടെ ഹുങ്കാരം, താഴേക്ക് നോക്കുമ്പോൾ ഭയപ്പെടുത്തുന്ന കടലിന്റെ രൗദ്രത... വല്ലാത്ത അനുഭൂതി തന്നെയാണ് ആ രംഗം. സ്വദേശികളും വിദേശികളുമായ നിരവധി പേർ തടിച്ചുകൂടുന്ന ഒരു പ്രധാന ടൂറിസ്റ്റ് സ്പോട് ആണ് മുഗ്സൈൽ ബീച്ചും മെർനീഫ് ഗുഹയും.
കൃഷിത്തോട്ടങ്ങളും മാർക്കറ്റും
പിറ്റേ ദിവസം രാവിലെ തന്നെ സലാലയിലെ കൃഷിത്തോട്ടങ്ങൾ കാണാനിറങ്ങി. കോർണിഷ് ഭാഗത്തായി തെങ്ങും വാഴയും കപ്പങ്ങയും കരിമ്പും പച്ചക്കറികളും നിറഞ്ഞു നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ തോട്ടങ്ങൾ. ഏക്കർ കണക്കിന് ഭൂമി കൃഷിക്കായി ഉപയോഗിക്കുന്നു. സലാല പട്ടണത്തെ ഹരിതാഭമാക്കി നിർത്തുന്നതിൽ ഈ തോട്ടങ്ങൾക്ക് വലിയ പങ്കുണ്ട്. അവിടെ കറങ്ങിയും കൃഷി രീതികൾ കണ്ടും മനസ്സിലാക്കിയും കുറച്ചു സമയം ചിലവാക്കി.
നബിമാരുടെ ഖബറിടങ്ങൾ
നഗരമധ്യത്തിൽ തന്നെ ഇമ്രാൻ നബിയുടേതെന്നു കരുതപ്പെടുന്ന ഖബർ സംരക്ഷിക്കപ്പെടുന്നുണ്ട്. ആ ഖബറിന്റെ നീളം ലോക റെക്കോർഡ് ആണ്. എന്ത്കൊണ്ട് ഇത്ര നീളം എന്നത് ഇന്നും കൃത്യമായി വിശദീകരിക്കപ്പെട്ടീട്ടില്ല. ഈ ഖബറിന്റെ 50 വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയുടെ ഒരു ഫോട്ടോ ചുമരിൽ തൂക്കിയിട്ടിരുന്നു. തൊട്ടടുത്ത് ഒരു ചെറിയ പള്ളിയും മനോഹരമായ പുൽത്തകിടിയും നിർമ്മിച്ചീട്ടുണ്ട്. അയ്യൂബ് നബി, ഹൂദ് നബി തുടങ്ങിയ പ്രവാചകന്മാരുടെ ഖബറിടങ്ങളും ഇതുപോലെ സലാലയുടെ പലഭാഗത്തായി സംരക്ഷിക്കപ്പെടുന്നു. ഇനിയും കൺനിറയെ കാണാനും ആസ്വദിക്കാനുമുള്ള പ്രദേശങ്ങൾ ഉണ്ട്. പക്ഷെ, തിരിച്ചു പോരാനുള്ള സമയമായി. ഓരോ ഖരീഫ് സീസണും യാത്രാകുതുകികളെ ക്ഷണിക്കുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പ്രകൃതിയുടെ മാസ്മരിക കാഴ്ചകളിലേക്കാണ്.