ചെരുപ്പിടാത്ത ഗ്രാമം...
text_fieldsദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് അടുത്താണ് ‘വെള്ളഗവി’ ഗ്രാമം. കഷ്ടിച്ച് നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന വനത്തിനുള്ളിലെ ഒരു ഗ്രാമം. കൊടൈക്കനാലിന്റെ അയല്‍ഗ്രാമമാണെങ്കിലും വലിയ ടൂറിസ്റ്റ് കേന്ദ്രമൊന്നുമല്ല. ഈ ഗ്രാമത്തിലേക്ക് റോഡോ മറ്റ് ഗതാഗത സംവിധാനങ്ങളോ ഇല്ല. കൊടൈക്കനാലിലെ ഡോൾഫിൻ നോസിൽനിന്ന് ആറ് കിലോമീറ്ററോളം നടന്ന് മാത്രമേ വെള്ളഗവി ഗ്രാമത്തിലെത്താൻ സാധിക്കൂ.

ഗ്രാമത്തിലേക്കുള്ള അവശ്യസാധനങ്ങൾ കൊണ്ടുവരുന്നതും വെള്ളഗവിയിലെ ഓറഞ്ചും അവക്കാഡോയും (ആയിരക്കണക്കിന് അവാക്കാഡോ മരങ്ങളാണ് ഇവിടെയുള്ളത്) കാപ്പിയുമൊക്കെ കൊടൈക്കനാൽ മാർക്കറ്റിൽ വിൽക്കാൻ കൊണ്ടുവരുന്നതും കോവർകഴുതയുടെയും കുതിരയുടെയും പുറത്താണ്. ഇങ്ങനെ സാധനങ്ങളെത്തിക്കാന്‍ കുതിര ഉടമക്ക് 500 രൂപ മുതലാണ് ചാര്‍ജ്. കൊടൈക്കനാൽ മാർക്കറ്റിലെത്തുന്ന ഭൂരിഭാഗം അവാക്കാടോ പഴങ്ങളും ഈ ഗ്രാമത്തിൽ നിന്നുള്ളതാണ്.

ഏകദേശം മുന്നൂറ് വര്‍ഷത്തോളം പഴക്കമുണ്ട് വെള്ളഗവി ഗ്രാമത്തിന്. കൊടൈക്കനാലിൽ ആള്‍ക്കാര്‍ എത്തിത്തുടങ്ങുംമുമ്പ് വെള്ളഗവി ഗ്രാമവും അവിടത്തെ ഗ്രാമീണരുമുണ്ടായിരുന്നു. വളരെയധികം ദുർഘടം നിറഞ്ഞതും വീതി കുറഞ്ഞതുമായ ഒരു നടപ്പാതയാണ് ഇവിടേക്ക്. എന്നാലും ഗ്രാമഭംഗി ആസ്വദിക്കാനും ഓറഞ്ച് തോട്ടങ്ങളും അവാക്കാടോ തോട്ടങ്ങളുമൊക്കെ കാണാനും നിരവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. എന്നാൽ ഗ്രാമത്തിലെത്തിയാൽ പ്രവേശിക്കുന്നതിന് മുമ്പായി ചെരുപ്പുകൾ ഉപേക്ഷിക്കണം. ഗ്രാമത്തിന്റെ പ്രവേശന കവാടത്തിൽ തന്നെ ‘ഇവിടെ ചെരുപ്പ് ധരിച്ച് പ്രവേശിക്കരുത്’ എന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം.

വെള്ളഗവിയുടെ പ്രവേശന കവാടത്തിൽ ആദ്യം കാണുന്നത് ഒരു ക്ഷേത്രമാണ്. ഏകദേശം 25ാളം ക്ഷേത്രങ്ങൾ ഈ ഗ്രാമത്തിലുണ്ട്. നിരവധി പ്രതിഷ്ഠകളും. അതിനാല്‍ തന്നെ ഗ്രാമത്തിന് ദൈവചൈതന്യം ഉള്ളതായി ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നു. വീടുകളും ക്ഷേത്രങ്ങളും തമ്മിൽ മതിലുകളില്ല. ഗ്രാമത്തിലെ ആളുകൾ ഈ ഗ്രാമത്തെ ഒരു ക്ഷേത്രമായിട്ടാണ് കണക്കാക്കുന്നത്. ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നു എന്നാണിവരുടെ വിശ്വാസം. അതുകൊണ്ടാണത്രെ ഇവർ ചെരിപ്പിടാത്തത്.

കൃഷിയും ടൂറിസവും തന്നെയാണ് വെള്ളഗവിയുടെ പ്രധാന വരുമാനമാർഗം. ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ഇവര്‍ തന്നെയാണ് ഒരുക്കുന്നത്. ഗ്രാമത്തിലെ ഉത്സവ സമയത്ത് പുറമെയുള്ള ആരെയും ഇവർ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാറില്ല. കൊടൈക്കനാലിൽനിന്ന് വെള്ളഗവിയിലേക്ക് ഇറക്കത്തിലുള്ള യാത്ര അത്ര ബുദ്ധിമുട്ടല്ലെങ്കിലും തിരികെ പൈസ മുടക്കി കുതിരപ്പുറത്ത് കയറി വരുന്നതാവും നല്ലത്.


