ഈജിപ്ഷ്യൻ പിരമിഡ് മാതൃകയിൽ ഒരു ക്ഷേത്രം; പോണ്ടിച്ചേരിയിൽ വരുന്നവർ തീർച്ചയായും സന്ദർശിക്കേണ്ടയിടം
text_fields'2004ൽ സുനാമി ക്ഷേത്രം നശിപ്പിച്ചു, പക്ഷേ പുതുക്കുപ്പത്ത് ജീവഹാനി സംഭവിച്ചില്ല. കാരണം ഭഗവാൻ കർണേശ്വരൻ ഗ്രാമത്തെയും ജനങ്ങളെയും സംരക്ഷിച്ചു'-പ്രഭാകരൻ (മുൻ ക്ഷേത്ര പൂജാരി)
മലയാളികൾക്ക് എളുപ്പത്തിൽ പോയ് വരാൻ കഴിയുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് പോണ്ടിച്ചേരി. വൈറ്റ് ടൗൺ, ഓറോവിൽ, റോക്ക് ബീച്ച്, സാധനാ ഫോറസ്റ്റ് തുടങ്ങി കാണാനേറെയുണ്ട് പോണ്ടിച്ചേരിയിൽ. പക്ഷെ അധികമാരും കേൾക്കാത്ത എന്നാൽ സന്ദർശിക്കേണ്ട ഒരു സ്ഥലം കൂടിയുണ്ട് ഈ കേന്ദ്രഭരണപ്രദേശത്തിൽ. 2004 ലെ സുനാമിയിൽ തകർന്നുപോയൊരു ക്ഷേത്രം. അതും ഈജിപ്തിലെ പിരമിഡുകളുടെ രൂപത്തിൽ നിർമിച്ചത്. പുതുക്കുപ്പം ബീച്ചിനോട് ചേർന്ന് കിടക്കുന്ന ഈ ക്ഷേത്രം 'പിരമിഡ് ടെമ്പിൾ' എന്നും 'ശ്രീ കർണേശ്വർ നടരാജ ക്ഷേത്ര'മെന്നും അറിയപ്പെടുന്നു.
പുരാതന പിരമിഡ് രൂപകൽപ്പനയുടെയും ഇന്ത്യൻ ആത്മീയതയുടെയും മികവാർന്ന സംയോജനമാണിത്. ഈ അതുല്യമായ പിരമിഡ് ക്ഷേത്രം ശിവന് സമർപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് നടരാജന്റെ രൂപത്തില്‍. 'കർണേശ്വരൻ' എന്ന പേര് ശിവന്റെ ചെവിയുടെ ശക്തിയെ പ്രതിനിധീകരിക്കുന്നു. ഭക്തരുടെ പ്രാർത്ഥനകളും യാചനകളും കേൾക്കാനുള്ള കഴിവിനെ ഇത് പ്രതീകപ്പെടുത്തുന്നു. ശിവനെ കൂടാതെ, ഒരു നന്ദി പ്രതിമയും ശിവലിംഗവും ഗണപതിയും ക്ഷേത്രത്തിലുണ്ട്.
നടരാജ വിഗ്രഹത്തിന് അഭിമുഖമായി നിൽക്കുന്ന നന്ദിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ രഹസ്യമായി പറയാം. നന്ദി ഭക്തരുടെ ആത്മാർത്ഥമായ ആഗ്രഹങ്ങൾക്കും ദൈവത്തിനും ഇടയിലെ വിശ്വസ്തനായി വർത്തിക്കുന്നു. ജാതിമത ഭേദമന്യേ ആർക്കും ഇവിടെ പ്രവേശിക്കാം. കടൽ തീരത്താണ് ക്ഷേത്രമെന്നതാണ് മറ്റൊരു ആകർഷണീയത. 2000ത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം 2004ലെ സുനാമിയിൽ തകർന്നിരുന്നു. പിന്നീട്, 2006 ൽ ഓറോവില്‍ എര്‍ത്ത് ഇൻസ്റ്റിറ്റ്യൂട്ട് പുനർനിർമിക്കുകയായിരുന്നു.
കാലാതീതമായ വാസ്തുവിദ്യാ പൈതൃകത്തിന്റെയും ആധുനിക രൂപകൽപ്പന തത്വങ്ങളുടെയും ഈ ശ്രദ്ധേയമായ മിശ്രിതം സമാധാനപരവും ആകർഷകവുമായ ഒരു ഭക്തി കേന്ദ്രം സൃഷ്ടിക്കുന്നു. ആരാധനാ കേന്ദ്രം എന്നതിലുപരി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിവിടം. വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പിരമിഡ് ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യാ ഭംഗി ആസ്വദിക്കാൻ ഇവിടെയെത്തുന്നു. പ്രകൃതിയും ആത്മീയതയും ഒന്നാകുന്ന ഇടം കൂടിയാണിത്. ദിവസവും രാവിലെ ഒൻപത് മുതൽ ഉച്ചക്ക് 12 വരെയും വൈകുന്നേരം നാല് മുതൽ വൈകുന്നേരം ഏഴ് വരെയുമാണ് സന്ദർശന സമയം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്.