വേനൽമഴ; പച്ചയണിഞ്ഞ് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല
text_fieldsവേനൽമഴയെ തുടർന്ന് പച്ചയണിഞ്ഞ ഏഴാറ്റുമുഖത്തെ മലനിരകൾ. തുമ്പൂർമുഴിയിൽ നിന്നുള്ള കാഴ്ച
അതിരപ്പള്ളി: തുടർച്ചയായ വേനൽമഴയിൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല പച്ചപ്പ് വീണ്ടെടുത്തു. കഴിഞ്ഞ ഡിസംബറിൽ ചുടുകാറ്റ് മലനിരകളെ ഉണക്കിയിരുന്നു. കടുത്ത വെയിലിൽ മരങ്ങളും കുറ്റിച്ചെടികളും കരിഞ്ഞുണങ്ങി. പുഴയിൽ വെള്ളവും വറ്റി. പുഴയുടെ ഉയർന്ന ഭാഗങ്ങൾ പാറക്കെട്ടുകൾ മാത്രമായി മാറിയ കാഴ്ച ദയനീയമായിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടം രണ്ട് നീർച്ചാലായി അവശേഷിച്ചു. വാഴച്ചാലിലും തുമ്പൂർമുഴിയിലും ചാലക്കുടിപ്പുഴ പാറക്കെട്ടുകൾ മാത്രമായി മാറിയിരുന്നു. അതോടെ വിനോദ സഞ്ചാരികൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയായിരുന്നു.
ഏപ്രിലിൽ വേനൽമഴ സജീവമായത് രക്ഷയായി. മരങ്ങളും മലനിരയും വീണ്ടും ഹരിതകാന്തി വീണ്ടെടുത്തു. കെ.എസ്.ഇ.ബി പെരിങ്ങൽക്കുത്ത് ഡാമിലെ വൈദ്യുതോൽപാദനം ക്രമീകരിച്ചപ്പോൾ ചെറിയ തോതിലാണെങ്കിലും പുഴയിൽ വെള്ളമായി. അതുകൊണ്ടു തന്നെ വിനോദ സഞ്ചാര മേഖല ആകർഷണീയത വീണ്ടെടുത്തു.
അതിരപ്പിള്ളി വെള്ളച്ചാട്ടം സൗന്ദര്യം വീണ്ടെടുത്തു. ഏഴാറ്റുമുഖത്തെ മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ തുമ്പൂർമുഴി ഉദ്യാനത്തിലെ തൂക്കുപാലം സജീവമായി. വേനലവധിയും ആഘോഷക്കാലവും ഒത്തുചേർന്നപ്പോൾ മേഖലയിൽ സഞ്ചാരികളുടെ തിരക്കായി. പ്രത്യേകിച്ച് ശനി, ഞായർ ദിവസങ്ങൾ സന്ദർശകരുടെ എണ്ണം പതിവിലും കൂടുതലാണ്. പരിയാരത്തടക്കം ആനമല പാതയിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂപംകൊള്ളുന്നുണ്ട്. വേനൽമഴ പെയ്തതിനാൽ ഈ സീസണിൽ കാട്ടുതീ വെല്ലുവിളിയാകാത്തത് വനപാലകർക്കും ആശ്വാസമായി.