പ്രണയപ്പകയുടെ കാട്ടാത്തിപ്പാറ
text_fieldsകൊക്കാത്തോട് അള്ളുങ്കലിലെ കാട്ടാത്തിപ്പാറ
കോന്നി: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് അള്ളുങ്കലിലെ കാട്ടാത്തിപ്പാറ ഭംഗികൊണ്ട് ഏതു സഞ്ചാരിയുടെയും മനം കവരുന്നതാണ്. ഭംഗിയും വിസ്മയവും ജനിപ്പിക്കുന്ന കാട്ടാത്തിപ്പാറയ്ക്ക് പിന്നിൽ പ്രണയപ്പകയുടെ കഥയുണ്ട്.
പ്രതികാര ദാഹിയായ ആദിവാസി യുവതിയുമായി ചുറ്റിപ്പറ്റി നിൽക്കുന്ന കഥകളാണിത്. പണ്ടുകാലത്ത് പാറയുടെ അടിവാരത്ത് കാട്ടാളനും കാട്ടാളത്തിയും താമസിച്ചിരുന്നു. വന വിഭവങ്ങൾ വാങ്ങാൻ പതിവായി ഒരു വ്യാപാരി ഇവരെത്തേടി എത്തിയിരുന്നു. തുടർന്ന് വ്യാപാരിയും കാട്ടാളത്തിയും പ്രണയത്തിലായി. കാട്ടാളനെ കൊലപ്പെടുത്തുവൻ ഇവർ പദ്ധതിയിട്ടു.
കാട്ടാത്തിപ്പാറയുടെ അടിവാരത്തിൽ ഇപ്പോഴും സമൃദ്ധമായ തേൻ എടുക്കുന്നതിനിടെ കാട്ടാളനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി കയർ കെട്ടി പാറയുടെ മുകളിൽ കയറിയ കാട്ടാളനെ വ്യാപാരിയും കാട്ടാളത്തിയും ചേർന്ന് കയർ അറുത്തുവിട്ട് കൊലപ്പെടുത്തിയതായും കാട്ടാളത്തി വ്യാപാരിക്ക് ഒപ്പം ഒളിച്ചോടിയതായും കഥകൾ പറയുന്നു.
അന്നുമുതലാണത്രെ ഈ പാറയ്ക്ക് കാട്ടാത്തിപ്പാറ എന്ന പേര് വന്നത്. സഞ്ചാരികൾക്ക് കണ്ണുകൾക്ക് വിസ്മയം തീർക്കുന്ന കാട്ടാത്തിപ്പാറ പ്രണയപ്പകയുടെ പ്രതീകമായി ഇന്നും നിലനിൽക്കുന്നു. കോന്നിയിൽ നിന്ന് 16 കിലോമീറ്റർ സഞ്ചാരിച്ചാൽ ഇവിടെ എത്താം. കരിപ്പാൻതോട് ഫോസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ വന ഭാഗത്ത് പ്രവേശിക്കാൻ വനപാലകരുടെ നിർദേശം പൂർണമായി അനുസരിച്ചേ തീരൂ.