Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightവിഭജിക്കപ്പെട്ട...

വിഭജിക്കപ്പെട്ട വംഗദേശത്തിന്റെ മണ്ണും, മനുഷ്യരും

text_fields
bookmark_border
bengal diary, chakla, 24parganas, west bengal, banipur, ബംഗാൾ ഡയറി, ചക്ല, ​പശ്ചിമ ബംഗാൾ, ബാനിപുർ
cancel

ബാനിപുർ ഗ്രാമം വിട്ട് ജെസോർ റോഡ് എന്നറിയ പ്പെടുന്ന പുരാതന പാതവഴിയാണ് അമീറുൽ തന്റെ ടോട്ടോ (ബാറ്ററിയിൽ ഓടുന്ന വണ്ടി) ഹബ്രയിലേക്ക് ഓടിച്ചത്. ബാനിപ്പുരിൽനിന്നും ഹബ്ര എന്ന മുനിസിപ്പാലിറ്റിയിലേക്കാണ് യാത്ര തുടരുന്നത്, മോട്ടോർ സൈക്കിളുകളും, ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും കൂടിച്ചേർന്ന് തിരക്ക് കൂടിക്കൂടി വന്ന ജെസ്സോർ റോഡുവഴി മൂന്ന്കി.മീ ഓടിക്കിതച്ച് ടോട്ടോ ഹബ്ര റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുമ്പോഴേക്കും ടോട്ടോക്കാരനും എനിക്കും ഇടയിൽ സൗഹൃദം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.

ഗ്രാമീണ ജീവിതവും, ബംഗാൾ രാഷ്ട്രീയവും തന്നെയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ അമീറുൽ ചക്ലയുടെ അയൽപക്ക പഞ്ചായത്തായ പിഥിപ എന്ന ഗ്രാമവാസിയാണ്.നോർത്ത് 24 പർഗാനസ് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും വളർന്നുവരുന്ന നഗരവുമാണ് ഹബ്ര. തദ്ദേശീയരായ ജനതയെ കൂടാതെ 1947ൽ ഇന്ത്യ വിഭജനത്തെത്തുടർന്ന് പിറന്ന പാകിസ്താനിൽനിന്നും,1971 ൽ കിഴക്കൻ പാകിസ്താനിലെ (ഇന്നത്തെ ബംഗ്ലാദേശ്) ആഭ്യന്തര കലാപകാലത്തും വൻതോതിൽ കുടിയിറക്കപ്പെട്ട നിരാലംബരായ മനുഷ്യർ തിങ്ങിപ്പാർക്കുന്നതുമായ നിരവധി ചേരികൾ ഇന്നും നിലനിൽക്കുന്ന പട്ടണമാണ് ഹബ്ര.

2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1,47,221 മനുഷ്യർ ജീവിക്കുന്ന മുനിസിപ്പാലിറ്റിയാണ് ഹബ്ര. വിഭജനത്തിന്റെയും, നിസ്സഹായരായ മനുഷ്യരുടെയും, കൂട്ടപലായനങ്ങളുടെയും ഉണങ്ങാത്ത മുറിവുകൾ ഏറ്റുവാങ്ങിയ മണ്ണും മനുഷ്യരും ജീവിക്കുന്ന സ്ഥല മാണ് ഹബ്ര. കൊൽക്കത്തയിൽനിന്നും ബംഗ്ലാദേശിലേക്ക് പോകുന്ന ഹൈവേയുടെ അരികിലുള്ള ഹബ്ര മുനിസിപ്പാലിറ്റിയിൽ മാത്രം 2011 ലെ കണക്കുപ്രകാരം ഏകദേശം അമ്പതിനായിരത്തോളം മനുഷ്യരാണ് ചേരികളിലും, തെരുവുകളിലും താമസിക്കുന്നത്. ഇന്നും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന മനുഷ്യർക്ക് വേണ്ടാതായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ 1979 ൽ രൂപവത്കരിക്കപ്പെട്ട ഹബ്ര എന്ന മുനിസിപ്പാലിറ്റിക്ക് എത്രമാത്രം സാധിച്ചു ?

ഹബ്ര റെയിൽവേ സ്റ്റേഷന് സമീപത്തെ ചേരികളിലൂടെ നടന്നപ്പോഴാണ് എന്താണ് ചേരിപ്രദേശങ്ങൾ എന്നും,അവിടങ്ങളിൽ താമസിക്കുന്ന ദരിദ്രരായ മനുഷ്യരുടെ സാമൂഹിക- സാമ്പത്തിക ജീവിതാവസ്ഥ ഇന്നും എത്രമാത്രം ദയനീയമാണ് എന്നത് കണ്ടറിഞ്ഞത്. ജീർണ്ണാവസ്ഥയിലുള്ള ചുമരുകൾ ക്ക് തകരമോ,പ്ലാസ്റ്റിക് ഷീറ്റോ വിരിച്ച മേൽക്കൂരയുള്ള നിരനിരയായി കിടക്കുന്ന വീടുകൾക്ക് ഇടയിലൂടെ നടന്നപ്പോൾ കണ്ടത് വേണ്ടത്ര വായുസഞ്ചാരമോ, ശുചിമുറി സൗകര്യങ്ങളോ വേണ്ടത്ര ഇല്ലാത്ത, ആവശ്യത്തിന് പോലും കുടിവെള്ള സൗകര്യങ്ങളോ ഇല്ലാത്ത വൃത്തിഹീനമായ സാഹചര്യങ്ങളാണ് നമ്മുടെ ജീവിത പരിസരങ്ങളുടെ മാനദണ്ഡങ്ങളിൽ ചിന്തിച്ചാൽ മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഇടം എന്ന് തീർച്ചയായും പറയേണ്ടി വരും! നമ്മുടെ യാത്രകൾ തെരുവുകളിലേക്കും,ആ തെരു വുകളിൽ പരിമിതങ്ങളായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നതുമായ മനുഷ്യരിലേക്കും ആയതിനാൽ നേരിട്ട് കണ്ടറിഞ്ഞ ദുരിതജീവിതക്കാഴ്ചകൾ പറഞ്ഞോ,അല്ലെങ്കിൽ എഴുതിയോ പ്രതിഫലിപ്പിക്കാൻ കഴിയുന്നതിലും എത്ര മടങ്ങ് കഠിനതരമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ അന്നത്തെ ബംഗാളിലെ ജെസ്സോർ എന്ന സ്ഥലത്തെവൻകിട ഭൂവുടമയും, ധനാഢ്യനും, ജമീന്ദാറുമായ കയ് പ്രസാദ് പോദ്ദാർ തന്റെ മാതാവിന് വടക്കൻ കൊൽക്കത്തയിലെ കാളീക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേരുന്നതിനായി ജെസോറിനെ കൊൽക്കത്തയുമായി ബന്ധിപ്പിച്ച് റോഡ് നിർമിക്കുകയായിരുന്നു എന്നാണ് നാട്ടുപഴമയിലെ വാമൊഴി ചരിത്രം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹൈവേകളിൽ ഒന്നായ ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഭാഗമായ ജെസ്സോർ റോഡ് ഷേർഷാ സൂരിയും, മുഗളന്മാരും പിന്നീട് വിവിധ കാലങ്ങളിലായി പല ഭരണാധികാരികളും വികസിപ്പിക്കുകയും ചെയ്തു.ബംഗാൾ എന്ന വലിയ ഭൂപ്രദേശം പലതായി വെട്ടിമുറിക്കപ്പെട്ടു, മുറിക്കപ്പെട്ട ബംഗാൾ ആധുനിക കാല രാഷ്ട്രീയാതിർത്തി രേഖകൾ പ്രകാരം രണ്ട് രാജ്യങ്ങളായിമാറി. പുതിയ കാലത്തെ വടക്കൻ കൊൽക്കത്തയിലെ ശ്യാംബസാറിൽനിന്ന് ആരംഭിച്ച് ബംഗ്ലാദേശിലെ ഖുൽന ജില്ലയിലെ ജെസ്സോറിൽ അവസാനിക്കുന്നതാണ് ഇന്ന് ജെസ്സോർ റോഡ്.

സിയാൽദാ-ബംഗ വോൺ റെയിൽപാത ജെസോർ റോഡിന് സമാന്തരമായാണ് നിർമിക്കപ്പെട്ടിട്ടുള്ളത്, ഈ റെയിൽവേ റൂട്ടിലാണ് ഹബ്ര റെയിൽ സ്റ്റേഷൻ. ഹബ്ര റെയിൽവേ സ്റ്റേഷൻ നമ്മുടെ നാട്ടിലേത് പോലെ യാത്രികർക്ക് ട്രെയിനിൽ കയറാനും,ഇറങ്ങാനും മാത്രമുളള ഒരു സ്ഥലം മാത്രമല്ല. മറിച്ച് തെരുവിൽ ജീവിക്കുന്ന അനേകം മനുഷ്യർക്ക് അന്തിയുറങ്ങാൻ ആശ്രയമാവുന്ന അഭയ കേന്ദ്രം കൂടിയാണ്. തെരുവിൽ പലതരം ജോലി ചെയ്യുന്നവരും, ഭിക്ഷക്കാരുടെയും നിരാലംബരുമായ മനുഷ്യർ നിരനിരയായി വിരിവെച്ച് കിടന്ന് ഉറങ്ങുന്നത് സങ്കടത്തോടെ കണ്ടു, സഹയാത്രികയെ ചേർത്തു നിർത്തി ഒരു വൃദ്ധ മാതാവ് തനിക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട് പോയ മകളെ ഓർത്ത് വിതുമ്പിക്കരഞ്ഞു, മറ്റൊരു വൃദ്ധക്ക് പറയാനുണ്ടായിരുന്നത് കുടുംബത്തിലെ മറ്റ് അംഗങ്ങളെ നിഷ്‍കരുണം കൊല ചെയ്യപ്പെട്ടതും,നഷ്ടപ്പെട്ടുപോയ കൃഷിഭൂമിയെപ്പറ്റിയും ആയിരുന്നു! ഇന്നത്തെ ബംഗ്ലാദേശിലെ ഏതോ സമ്പന്ന കർഷക കുടുംബത്തിൽ ജനിച്ച് ജീവിച്ചു വരവെ മതഭ്രാന്തന്മാരാൽ കൊള്ളയടിപ്പെട്ട സമ്പത്തും, കൊലചെയ്യപ്പെട്ട മറ്റ് കുടുംബാംഗങ്ങക്കുറിച്ചും ഓർത്ത്തെരുവിൽ അലഞ്ഞ് അന്തിയുറങ്ങാൻ സ്വന്തമായി ഒരു ഇടമില്ലാതെ, ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ ജീവിക്കുകയാണ്. ഇങ്ങനെയുള്ള അനേകം ദുരിത ജീവിതവും അനുഭവങ്ങളുമുള്ള മനുഷ്യരുണ്ട് ഹബ്ര പോലുള്ള ബംഗാൾ നഗരങ്ങളിൽ.

അത്തരം മനുഷ്യർക്ക് വേണ്ടതായ കാര്യങ്ങളിലേക്കും സീറോ ഫൗണ്ടേഷൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. വിശപ്പടക്കാൻ ഭക്ഷണമായും, തണുപ്പുകാലത്ത് കമ്പിളിപ്പുതപ്പുകളായും സീറോ ഫൗണ്ടേഷൻ അവരിലേക്ക് എത്തിച്ചേരുകയാണ്.സീറോ ഫൗണ്ടേഷൻ ഹബ്രയിലെ തെരുവിൽ ജീവിക്കുന്ന മനുഷ്യർക്കിടയിൽ ഏറ്റവും അർഹതപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു,ഒരു വർഷത്തോളം ആ പ്രവർത്തനങ്ങൾ തുടർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അത്തരം പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വരികയായിരുന്നു.ഹബ്ര റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ 45 വർഷങ്ങളായി ഹബ്രയിലെ തെരുവുകളിലൂടെ നടന്ന് ‘ആനന്ദ ബസാർ’ പത്രം വിൽക്കുന്ന അശോക് ഘോഷ് എന്ന 62 വയസ്സുള്ള മനുഷ്യനെ കണ്ടത്.

ഹബ്രയിലെ പത്രവിൽപ്പനക്കാരൻ അശോക് ഘോഷ്

കലാപങ്ങളുടെ കാലത്ത് ബംഗ്ലാദേശിൽനിന്നും അഭയാർഥിയായി എത്തിയതാണ് അദ്ദേഹവും. പകലുകളിൽ‘ആനൊന്തൊ ബാജാർ...’എന്ന് ഉച്ചത്തിൽ വിളിച്ച് ഒരു കൈയിൽ പത്രക്കെട്ടുകളും ഒരു സൈഡ് ബാഗും തൂക്കി ബനിയനും ലുങ്കിയും ധരിച്ച് നരച്ചതാടിയുള്ള ആ മനുഷ്യൻ സ്റ്റേഷൻ മുഴുവൻ നടക്കും, ഉച്ചയോടെ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ തറയിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് പത്രങ്ങൾ നിരത്തിവെച്ച് അതിനരികിൽ ഇരിക്കും.ഈണത്തിലുള്ള ‘ആനൊന്തൊ ബാജാർ...’എന്ന ശബ്ദം കേട്ടാണ് ഞാൻ ആമനുഷ്യനെ ശ്രദ്ധിച്ചതും അടുത്തേക്ക് ചെന്ന് പത്രം വാങ്ങിയതും. പിന്നീട് നാസർ ബന്ധുവിൽനിന്നാണ് അശോക് ഘോഷ് എന്ന മനുഷ്യനെപ്പറ്റി, പത്രവിൽനക്കാരനായ ആ ജ്ഞാന വൃദ്ധനെപ്പറ്റി മനസ്സിലാക്കാൻ സാധിച്ചത്. പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന ആ മനുഷ്യന്റെ ജീവിത പരിസരവും പത്രവിൽപനയും, ഭക്ഷണവും എല്ലാം നാലരപ്പതിറ്റാണ്ടായി ഹബ്ര റെയിൽവേ സ്റ്റേഷനിൽ ആണത്രേ!

റെയിൽപ്പാളത്തോട് ചേർന്ന് നിരനിരയായി നിർമിക്കപ്പെട്ടിരിക്കുന്ന വീടുകളിൽ അനേകം മനുഷ്യരാണ് തിങ്ങിപ്പാർക്കുന്നത്, ആ വീടു കൾക്ക് ഇടയിടയിലെ ഇത്തിരി തുറസ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ കേരളത്തിൽ നിന്നെത്തിയ യാത്രികരാണ് ഞങ്ങൾ എന്നറിഞ്ഞതോടെ യാത്രാസംഘത്തിന്റെ കൂടെച്ചേർന്നു, കേരളം അവർക്കും അത്രമേൽ പ്രീയപ്പെട്ടതാണ്! അവരുടെ പിതാവോ,അമ്മാവനോ,മുതിർന്ന സഹോദരനോ അങ്ങനെ ഓരോ വീടുകളിലെയും ആരെങ്കിലും ഒരാൾ കേരളത്തിലേക്ക് എത്തിച്ചേർന്ന് വിവിധ ജോലികൾ ചെയ്യുന്നുണ്ട് എന്നതുതന്നെയാണ്!ബംഗാളിൽ നിന്നുള്ള നേർക്കാഴ്ചകളിൽ ദുരിതജീവിതക്കാഴ്ചകളാണ് ഏറെയും. ദുരിതങ്ങളും, കലാപങ്ങളും, വിഭജനങ്ങളും ഏറെ അനുഭവിച്ചവരാണ് ബംഗാളി ജനത.1947,1971 വർഷങ്ങളിൽ ഇന്ത്യയിലേക്ക് പ്രാണരക്ഷാർഥം ഓടിയെത്തിയത് ദശലക്ഷകണക്കിന് മനുഷ്യരാണ്, ബംഗാളിലെ വിവിധ ജില്ലകളി ലേക്ക് അഭയം തേടി ഒഴുകി.1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് കിഴക്കൻ പാകിസ്താനിൽനിന്നും ബംഗാളിലേക്ക് ഉടുതുണിക്ക് മറുതുണിയില്ലാതെ ജെസ്സോർ റോഡുവഴി എത്തിച്ചേർന്നത് 10 ദശലക്ഷം അഭയാർഥികളാണ്. ജെസ്സോർ റോഡിലെ അഭയാർഥി ക്യാമ്പുകൾ നേരിൽ കണ്ടറിഞ്ഞ അമേരിക്കൻ കവിയും, ആക്ടിവിസ്റ്റുമായ അലൻ ജിൻസ്‌ ബെർഗ് എഴുതിയ ‘സെപ്റ്റംബർ ഓൺ ജെസ്സോർ റോഡ്’ എന്ന കവിത 1971നവംബർ14ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുകയുണ്ടായി.

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്തെ മനുഷ്യരുടെ ദുരിതജീവിതവും, കഷ്ടപ്പാടുകളുടെയും വേദനാജനകമായ വരികളാണ് ആ കവിതയിൽ.ദശലക്ഷക്കണക്കിന് അഭയാർഥികളിൽ, പ്രത്യേകിച്ച് കുട്ടികളിലെ അരക്ഷിതാവസ്ഥയും, വീടും, കുടുംബവും ഉപജീവനമാർഗവും നഷ്ടപ്പെടുത്തിയ യുദ്ധത്തിന്റെയും, വംശവെറിയുടെയും, അടിച്ചോടിക്കലുകളുടെയും വിനാശകരമായ അനന്തരഫലങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞ കവിതയായിരുന്നു ജീൻസ് ബെർഗിന്റെ സെപ്റ്റംബർ ഓൺ ജെസ്സോർ റോഡ്.

കൊൽക്കത്തയിലേക്ക് നീളുന്ന ജെസ്സോർ റോഡിന്റെ സമാന്തരമായി റെയിൽപാളങ്ങൾ വന്നു, അതിന്റെ വശങ്ങളിലെ തുറസ്സുകൾ എല്ലാം മനുഷ്യർ നിറഞ്ഞ കാലം. അമ്പത്തിനാല് വർഷങ്ങൾകഴിഞ്ഞിട്ടും ഫലസ്തീൻ ഉൾപ്പെടെ എല്ലാ യുദ്ധബാധിത രാജ്യങ്ങളുടെയും ദുരിതാവസ്ഥ ആ കവിതയെ വീണ്ടും വീണ്ടും ഓർമയിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കുന്നു. കാരണം യുദ്ധങ്ങൾ ഇപ്പോഴും, എപ്പോഴും, എല്ലായിടത്തും ദുരിതങ്ങളാണ്, ദയനീയങ്ങളായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്. പലകാലങ്ങളിൽ സെപ്റ്റംബറുകൾ ആവർത്തിക്കപ്പെട്ടു, ടെക്നാഫ് റോഡിൽ ഒരു സെപ്റ്റംബർ...ഗാസ റോഡിൽ മറ്റൊരു സെപ്റ്റംബർ...., കാബൂൾ റോഡിൽ മറ്റൊരു സെപ്റ്റംബർ!

Show Full Article
TAGS:West Bengal kolkatta Railway Stations 
News Summary - The land and people of the divided Vanga region
Next Story