70,000 ആളുകളുടെ അസ്ഥികൾ കൊണ്ട് നിർമിച്ച പള്ളി; ചെക്ക് റിപ്പബ്ലിക്കിലെ ‘സെഡ്‌ലെക് ഓഷ്യുറി’യുടെ കഥ...
text_fieldsചെക്ക് റിപ്പബ്ലിക്കിൽ 40,000ത്തിലധികം മനുഷ്യരുടെ അസ്ഥികൾ കൊണ്ട് അലങ്കരിച്ച പള്ളിയുണ്ട്. സെഡ്‌ലെക് ഓഷ്യുറി. ഇത് 'അസ്ഥികളുടെ പള്ളി' എന്നും അറിയപ്പെടുന്നു. ചെക്ക് റിപ്പബ്ലിക്കിലെ കുറ്റ്‌നാ ഹോറ എന്ന നഗരത്തിലാണ് ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. അസ്ഥികള്‍ കൊണ്ട് നിര്‍മിച്ച തൂക്കുവിളക്കുകള്‍, കമാനങ്ങള്‍, അലങ്കാരങ്ങള്‍. ഭീതികരമായ മരണത്തിന്റെ ഓര്‍മപ്പെടുത്തലായ ഈ ചാപ്പല്‍ ഇന്നും പ്രാര്‍ഥനയുള്ള ആരാധനാലയമാണ് എന്നതാണ് പ്രത്യേകത.
ഏകദേശം 40,000 മുതൽ 70,000 വരെ ആളുകളുടെ അസ്ഥികൾ ഈ പള്ളിയുടെ അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 14-ാം നൂറ്റാണ്ടിലെ പ്ലേഗ് മഹാമാരിയിലും 15-ാം നൂറ്റാണ്ടിലെ ഹുസൈറ്റ് യുദ്ധങ്ങളിലും മരണമടഞ്ഞ ആയിരക്കണക്കിന് ആളുകളെ അടക്കം ചെയ്ത സെമിത്തേരിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സെമിത്തേരി വികസിപ്പിക്കേണ്ടി വന്നപ്പോൾ കുഴിച്ചെടുത്ത അസ്ഥികൾ സൂക്ഷിക്കാനാണ് ആദ്യം ഒരു ചാപ്പൽ പണിതത്. പിന്നീട് ഈ അസ്ഥികൾ കലാപരമായി സജ്ജീകരിക്കുകയായിരുന്നു. 1400കളില്‍ അതിന്റെ മധ്യഭാഗത്ത് ഒരു ഗോഥിക് പള്ളി നിര്‍മിക്കപ്പെട്ടു. പ്രാര്‍ത്ഥനക്കായി കമാനാകൃതിയിലുള്ള മുകളിലൊരു ചാപ്പലും, അസ്ഥികൂടങ്ങള്‍ സൂക്ഷിക്കാനുള്ള ഒരു കുടീരമായി താഴെ മറ്റൊരു ചാപ്പലും ഇതിനുണ്ടായിരുന്നു.
1870ൽ പ്രാദേശിക മരം കൊത്തുപണിക്കാരനായ ഫ്രാന്റിസെക് റിന്റ് ആണ് ഈ അസ്ഥികൾ ഉപയോഗിച്ച് പള്ളിക്കുള്ളിൽ അലങ്കാരങ്ങൾ രൂപകൽപ്പന ചെയ്തത്. ചാപ്പലിന്റെ മുകൾനില ഗോഥിക് ശൈലിയിൽ നിർമിച്ചതാണ്. താഴെയുള്ള ഓഷ്യുറിക്ക് താരതമ്യേന ലളിതമായ രൂപകൽപ്പനയാണുള്ളത്, കാരണം ഇതിന്റെ പ്രാധാന്യം അസ്ഥികളുടെ അലങ്കാരത്തിലാണ്. മനുഷ്യശരീരത്തിലെ എല്ലാ അസ്ഥികളും ഉപയോഗിച്ച് നിർമിച്ച ഒരു വലിയ ഷാൻഡിലിയർ ആണ് ഇതിലെ പ്രധാന ആകർഷണം. അസ്ഥികൾ കൊണ്ട് രൂപകൽപ്പന ചെയ്ത ഒരു വലിയ കുടുംബ ചിഹ്നം ഇവിടെയുണ്ട്. ഒരു കാക്ക തുർക്കി സൈനികന്റെ കണ്ണിൽ കൊത്തുന്നതിന്റെ രൂപമാണ് ഇതിൽ ചെയ്തിരിക്കുന്നത്. വലിയ തലയോട്ടികളും മറ്റ് അസ്ഥികളും അടുക്കി വെച്ച നാല് വലിയ പിരമിഡുകളും ഇവിടെയുണ്ട്.
13-ാം നൂറ്റാണ്ടിൽ ഒരു സന്യാസി വിശുദ്ധ നാട് സന്ദർശിക്കുകയും ഗോൽഗോത്തയിൽ നിന്നുള്ള അൽപ്പം മണ്ണ് കൊണ്ടുവന്ന് സെഡ്‌ലെക് സെമിത്തേരിയിൽ വിതറുകയും ചെയ്തു. ഈ സംഭവം സെമിത്തേരിയെ യൂറോപ്പിലെ ഏറ്റവും ആകർഷകമായ ശ്മശാനങ്ങളിൽ ഒന്നാക്കി മാറ്റി. ആളുകൾ ഇവിടെ അടക്കം ചെയ്യാൻ ആഗ്രഹിച്ചു, ഇത് അസ്ഥികളുടെ എണ്ണം കൂടാൻ കാരണമായി. ഈ അസ്ഥിശേഖരത്തിന്റെ ഘടനയും സംരക്ഷണവും ഉറപ്പാക്കാൻ ചെക്ക് റിപ്പബ്ലിക് സർക്കാർ അടുത്തിടെ വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 2,00,000ലധികം സന്ദര്‍ശകരാണ് സെഡ്‌ലെക് ചാപ്പലിലേക്ക് എത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നാണിത്.


