ഫ്രാൻസ് മുതൽ ബ്രിട്ടൺ വരെ; 2025 ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച 10 രാജ്യങ്ങൾ
text_fieldsവേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ അടിസ്ഥാനത്തില്‍ 2025ല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയ പത്തു രാജ്യങ്ങള്‍ ഒന്നാം സ്ഥാനത്ത് ഫ്രാന്‍സാണ്. സ്‌പെയിൻ, അമേരിക്ക, ചൈന, ഇറ്റലി, തുർക്കിയ, മെക്‌സിക്കോ, തായ്‌ലന്‍ഡ്, ജര്‍മനി, ബ്രിട്ടൺ എന്നിവയാണ് യഥാക്രമം ആദ്യ പത്തിലുള്ളത്.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഫ്രാൻസ്. രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രം, സാംസ്കാരിക പൈതൃകം, ലോകോത്തര ഭക്ഷണവിഭവങ്ങൾ, 54 യുനെസ്കോ ലോക പൈതൃക സ്ഥലങ്ങൾ എന്നിവയെല്ലാം ചേർന്ന് എല്ലാ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടെയെത്തുന്നത്. ഈഫല്‍ ടവര്‍, ലൂവ്ര് മ്യൂസിയം, നോത്രദാം, മെഡിറ്ററേനിയന്‍ തീരപ്രദേശമായ കോറ്റ് ഡി അസൂര്‍, വെര്‍സാലിസ് കൊട്ടാരം, ഡിസ്‌നി ലാന്‍ഡ് പാരിസ് എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ നിരവധിയാണ് ഫ്രാന്‍സിലുള്ളത്.
സ്‌പെയിൻ ആണ് രണ്ടാം സ്ഥാനത്ത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ബാഴ്‌സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്‌പെയിനിലുള്ളത്. വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ കൂടിച്ചേരലും ചരിത്ര നിര്‍മിതികളും മനോഹര തീരങ്ങളും കാളപ്പോരും ടൊമാറ്റോ ഫെസ്റ്റിവലും പോലുള്ള ആഘോഷങ്ങളുമെല്ലാം സ്‌പെയിനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രതിവര്‍ഷം 9.4 കോടി വിനോദസഞ്ചാരികളാണ് സ്‌പെയിനിലെത്തുന്നതെന്നാണ് കണക്ക്.
അമേരിക്കയാണ് മൂന്നാം സ്ഥാനത്തുള്ളത്. അമേരിക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്റ്റാച്യു ഓഫ് ലിബർട്ടി , ടൈംസ് സ്ക്വയർ, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, ഡിസ്നിലാൻഡ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, നാഷണൽ മാളിലെ സ്മാരകങ്ങൾ, ഗ്രാൻഡ് കാന്യൺ പോലുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങൾ, മ്യൂസിയങ്ങൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു. 26 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളുണ്ട് അമേരിക്കയില്‍. വ്യത്യസ്തമായ വിഭവങ്ങളാല്‍ സമ്പന്നമായ രാജ്യം കൂടിയാണ് അമേരിക്ക.
ചൈനയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ചിലത് ചൈനയുടെ വൻമതിൽ, ബീജിങിലെ ഫോർബിഡൻ സിറ്റി, ടെറാക്കോട്ട ആർമി, ഷാങ്ഹായ് നഗരം, ഗ്വിലിൻ നഗരത്തിലെ പ്രകൃതിരമണീയമായ കാഴ്ചകൾ, ചെങ്‌ഡുയിലെ പാണ്ടകളെ കാണാനുള്ള സ്ഥലം എന്നിവയാണ്. സിയാനിലെ ടെറാക്കോട്ട യോദ്ധാക്കളും ഷാങ്ഹായുടെ ഭാവികാല ആകാശരേഖയും ചൈനയുടെ ചരിത്രപരവും സമകാലികവുമായ ആകർഷണം പ്രകടമാക്കുന്നു.
കലയേയും ചരിത്രത്തേയും ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമാണ് ഇറ്റലി. റോമിലെ കൊളോസിയം വത്തിക്കാന്‍ സിറ്റി,കലാ നഗരമായ ഫ്‌ളോറന്‍സ്, വെനീസുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ചരിത്രപരവും സാംസ്കാരികവും പ്രകൃതിപരവുമായ ധാരാളം പ്രത്യേകതകളാൽ സമ്പന്നമാണ്.റോമിലെ കൊളോസിയവും പാന്തിയോണും പുരാതന പ്രതാപം ഉണർത്തുമ്പോൾ, വെനീസിലെ കനാലുകളും ഫ്ലോറൻസിലെ ഉഫിസി ഗാലറിയും നവോത്ഥാന മഹത്വം ആഘോഷിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി.
തുർക്കിയയിലെ ഇസ്താംബുളിലെ ബ്ലു മോസ്‌കും കാപഡോഷ്യയിലെ ചിമ്മിണികളും ബലൂണ്‍ യാത്രകളുമെല്ലാം സഞ്ചാരികളുടെ പ്രാധനാ ആകർഷണമാണ്. യൂറോപ്പിലും ഏഷ്യയിലും വ്യാപിച്ചു കിടക്കുന്ന ഒരു യൂറേഷ്യൻ രാജ്യമാണ്. ഇതിന്റെ തലസ്ഥാനം അങ്കാറയും ഏറ്റവും വലിയ നഗരം ഇസ്താംബുളും ആണ്. തുർക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിലത് ഇസ്താംബൂളിലെ ടോപ്കാപ്പി പാലസും ഹാഗിയ സോഫിയയും, ഈജിയൻ തീരത്തുള്ള ബോഡ്രം, അതുപോലെ എന്നിവയാണ്.
കാന്‍കുണിലെ വെള്ളിമണല്‍ തീരങ്ങളും പ്യുര്‍ട്ടോ വല്ലാര്‍ട്ടയിലെ തീരങ്ങളും ഫ്രിദ കഹ്‌ലോ മ്യൂസിയവും ഡിയ ഡെ ലോസ് മുര്‍ട്ടോസ് പോലുള്ള ഉത്സവങ്ങളുമെല്ലാം മെക്‌സിക്കോയിലേക്ക് കൂടുതലായി സഞ്ചാരികളെ എത്തിക്കുന്നുണ്ട്. 130 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മെക്സിക്കോ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ രാജ്യമാണ്, കൂടാതെ ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്.
സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസും പ്രഭാതക്ഷേത്രമെന്ന വിളിപ്പേരുള്ള വാട്ട് അരുണുമെല്ലാം തായ്‌ലന്‍ഡിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. പ്രകൃതിഭംഗിയിലും ഒട്ടും പുറകിലല്ല എന്നത് മറ്റൊരു കാര്യം. കടലിലെ സാഹസിക വിനോദങ്ങളും രുചികരമായ ഭക്ഷണവുമെല്ലാം സഞ്ചാരികള്‍ക്ക് തായ്‍ലൻഡിനോടുള്ള പ്രിയം കൂട്ടുന്നു. ലോകത്തെ രാജ്യങ്ങളെ സുരക്ഷിതത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ 91-മത് ആണ് തായ്‍ലൻഡിന്‍റെ സ്ഥാനം.
ലോകത്ത് കൂടുതല്‍ സഞ്ചാരികളെത്തുന്ന നാടുകളിലൊന്നാണ് ജര്‍മനി. തലസ്ഥാനമായ ബെര്‍ലിനിലേക്കു തന്നെ നിരവധി പേര്‍ ആകര്‍ഷിക്കപ്പെടാറുണ്ട്. മ്യൂണിച്ചിലെ ഒക്ടോബര്‍ ഫെസ്റ്റും ഗ്രാന്‍ഡ് പാലസുകളും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഒരു വ്യാവസായിക, വാണിജ്യനഗരമാണ് ഡ്യൂസ്സൽഡോർഫ്. റൈൻ, ഡ്യൂസ്സൽ നദികളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന നഗരത്തില്‍, മനോഹരമായ ഒട്ടേറെ മന്ദിരങ്ങളും പാർക്കുകളും ഉദ്യാനങ്ങളുമെല്ലാമുണ്ട്. 1200 കളിൽ ഗോഥിക് മാതൃകയിൽ പണികഴിപ്പിച്ച ദേവാലയം, 1500 കൾ മുതൽക്കുള്ള ടൗൺഹാൾ തുടങ്ങിയവ പ്രധാന കാഴ്ചകളില്‍പ്പെടുന്നു.
ബ്രിട്ടനാണ് പത്താം സ്ഥാനത്ത്. എല്ലാത്തരം സഞ്ചാരികളേയും തൃപ്തിപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ ബ്രിട്ടനിലുണ്ട്. പൗരാണികകാലത്തു നിന്നുള്ള അത്ഭുതമായ സ്റ്റോന്‍ഹെന്‍ജും മധ്യകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന എഡിന്‍ബര്‍ഗുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നു.