സഞ്ചാരികൾ നിറഞ്ഞ് ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും
text_fieldsകട്ടപ്പന: കാലാവസ്ഥ അനുകൂലമായതോടെ ചെല്ലാർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും കാണാൻ സഞ്ചാരികളുടെ തിരക്കേറി. ഞായറാഴ്ച നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തി. തമിഴ്നാടിന്റെ വിദുര ദൃശ്യവും അരുവിക്കുഴിവെള്ളച്ചാട്ടവുമാണ് ചെല്ലാർ കോവിൽ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ മനോഹരിത.
തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകളിൽ ഏറെയും എത്തുന്ന സമീപത്തെ മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രമാണ് ചെല്ലർകോവിൽമെട്ടും അരുവിക്കുഴി വെള്ളച്ചാട്ടവും. രണ്ട് സ്ഥലങ്ങൾ ഒരുമിച്ചു കാണാനും ഉല്ലസിക്കാനും പറ്റുന്ന പ്രദേശമാണ് ഇവിടം.
പെരിയാർ വന്യജീവി സങ്കേതത്തിൽനിന്ന് 15 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചാൽ ചെല്ലാർകോവിൽ ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. സമുദ്ര നിരപ്പിൽ നിന്ന് 3500 അടിയോളം ഉയരമുള്ള ചെല്ലാർകോവിൽ മെട്ടിൽനിന്ന് നോക്കിയാൽ തമിഴ്നാടിന്റെ വിദുരദൃശ്യം കാണാം. സമീപത്തായി വനം വകുപ്പ് നിർമിച്ചിട്ടുള്ള പാർക്കും വാച്ച് ടവറും ഉണ്ട്.
ചെല്ലാർകോവിൽമെട്ടിൽനിന്ന് കേരള- തമിഴ്നാട് അതിർത്തിയിലൂടെ ഒന്നര കിലോമീറ്റർ നടന്നോ, വാഹനത്തിലോസഞ്ചാരിച്ചാൽ അരുവിക്കുഴി വെള്ളച്ചാട്ടത്തിലെത്താം. അപകട സാധ്യത ഏറെയുള്ള പ്രദേശമായതിനാൽ ഏറെ ശ്രദ്ധയോടെ വേണം ഇവിടെ ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാൻ. 3500 അടി ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളത്തിൽ പകുതിയും മഞ്ഞുകണങ്ങളായി അന്തരീക്ഷത്തിൽ തന്നെ അലിഞ്ഞു ചേരുന്ന കാഴ്ച മനം മയക്കുന്നതാണ്.
അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രങ്ങൾ
ചെല്ലാർകോവിൽമെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് കുത്തനെ പതിക്കുന്ന വെള്ളച്ചാട്ടവും മലമുകളിൽ നിന്നുള്ള തമിഴ്നാട്ടിന്റെ വിദൂര കാഴ്ചയുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇതോടെപ്പം പ്രകൃതി ഭംഗിയും വാച്ച് ടവറിൽ നിന്നുള്ള ആകാശ കാഴ്ചയും സഞ്ചാരികളുടെ മനം മയക്കുന്ന ദൃശ്യങ്ങളാണ്. അമിനിറ്റി സെന്റർ, വാച്ച് ടൗവർ, ശൗചാലയങ്ങൾ, പാർക്കിങ് ഗ്രൗണ്ട് എന്നിവ പുതുതായി നിർമിച്ചതോടെ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളായി. ഇവിടേക്കുള്ള റോഡ് നിർമാണവും പൂർത്തിയായതോടെ കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്.