തിബ്ലിസിലെ സൾഫർ ബാത്ത്...
text_fieldsഓൾഡ് തിബ്ലിസ്: നാരിഏല ഫോർട്ട്റസിന്റെ തായ്ഭാഗത്ത് സ്ഥിതിചെയുന നഗരം, പഴമയുടെ കയ്യൊപ്പ് ചാർത്തിയ തെരുവുകൾ, പാറക്കല്ലുകൾ കൊണ്ട് നിർമിതമായ നടപ്പാതകൾ, കുന്നിൻ മുകളിൽ തള്ളി നിൽക്കുന്ന മരം കൊണ്ടുള്ള വീടുകൾ ഇവയെല്ലാം പഴമയുടെ പുതുമകൾ സമ്മാനിച്ചു. കുത്തനെ ഉള്ളതും ഇടുങ്ങിയതും വളഞ്ഞും പുളഞ്ഞുമുള്ള നഗര വഴികളിലൂടെ ഉള്ള യാത്ര പൗലോയുടെ ഡ്രൈവിങ് മികവ് തെളിയിച്ചു.
സൾഫർ ബാത്ത് ഓൾഡ് തിബ്ലിസിയുടെ മറ്റൊരു പ്രത്യേകതയായിരുന്നു. ഡിസംബർ മാസത്തിലെ അതിശൈത്യത്തെ പ്രതിരോധിക്കാൻ സൾഫർ നിറച്ച കുളിമുറികൾ ഗോപുരം പോലെ നിരത്തിയതായി കണ്ടു. തിബ്ലിസ് നഗരങ്ങളെ വേർതിരിക്കുന്ന നദിയിലെ ബോട്ട് സവാരി കായ്ച്ചകളുടെ മറ്റൊരു ലോകം സമ്മാനിച്ചു. ഞങ്ങൾ താമസിച്ച തിബ്ലിസ് നഗരത്തിലെ ഹോട്ടലിന് ചുറ്റിപ്പറ്റിയുള്ള ഏരിയ വളരെ ഹൈക്ലാസ്സായി തോന്നി. വൃത്തിയുള്ള വഴിയോരങ്ങൾ. ബ്രിട്ടന് സമാനമായ കെട്ടിട നിർമാണ ശൈലി. ചെറിയ പാറക്കല്ലുകളാൽ വിരിക്കപ്പെട്ട അതി മനോഹരമായ ലാൻഡ്സ്കേപ്പ്. സ്ട്രീറ്റ് ലൈറ്റുകളെല്ലാം പുഞ്ചിരി തൂകി ഞങ്ങൾക്ക് നിറം പകർന്നു. ജുവാരി മൊണാസ്റ്ററി ഒരു യുനസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്. തിബ്ലിസിൽ നിന്നും 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൗതിസ്കേറ്റ എന്ന പട്ടണത്തിലെ കുന്നിൻ മുകളിലാണ് അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഓർത്തഡോക്സ് പള്ളി സ്ഥിതി ചെയ്യുന്നത്. കാലപ്പഴമ കൊണ്ടും നിർമാണ വൈദഗ്ധ്യം കൊണ്ടും വളരെ മനോഹമായിരുന്നു ചർച്ച്.
മറ്റുള്ള ചർച്ചുകൾ പോലെ തന്നെ പാറക്കല്ലിൽ കൊത്തി എടുത്ത ചുമരുകളും കർവ് രൂപത്തിലുള്ള പൂമുഖവും ഇതിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. രണ്ട് നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് മൗതിസ്കേറ്റ . ഇതിനടുത്ത് വർഷങ്ങൾ പഴക്കമുള്ള വൈൻ ശേഖരം കാണാനിടയായി. കാലപ്പഴക്കമുള്ള വിത്യസ്തമായ വൈൻ ശേഖരം. പല വിധത്തിൽ നിർമിതമായ വൈൻ അവിടെ ഉള്ള ഭൂഗർഭ അറകളിൽ അടുക്കിവെച്ചിരുന്നു. കുടിയമാരുടെ സ്വർഗം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. അത്രയും കാലപ്പഴക്കമുള്ള വീഞ്ഞുകളും വൈനുകളും സുലഭമായിരുന്നു. വ്യത്യസ്തമായ രുചികളിലുള്ള വൈനുകൾ സന്ദർശകർക്ക് രുചിക്കാൻ വേണ്ടി സൗജന്യമായി ഒരുക്കിവെച്ചത് കാണാമായിരുന്നു. വലിയൊരു കെട്ടിടത്തിന്റെ ഉൾഭാഗത്തെ ചുമരുകളിലും ഭിത്തികളിലും മരം കൊണ്ട് നിർമിച്ച ചെറിയ ചെറിയ ഷെൽഫുകളിൽ കിടത്തി വെച്ചിരിക്കുന്ന കുപ്പികൾ കാണാമായിരുന്നു. പക്ഷെ ഡ്രിങ്കില്ലാത്ത ഞങ്ങൾക്ക് എല്ലാം ഒരു കാഴ്ച വസ്തുവും അറിവ് ലഭ്യതയയും മാത്രമായി ഈ സന്ദർശനം.
കുട്ടെയ്സി: ജോർജിയൻ പാർലമെന്റ് സ്ഥിതി ചെയ്യുന്ന നഗരമാണ് കുട്ടെയ്സി. കുട്ടെയ്സി നഗരത്തിനടുത്തായി കുമിസ്താവി എന്ന ഗുഹ കാണാനിടയായി. ക്രിസ്താബ്ദങ്ങൾക്ക് മുമ്പ് ഗ്രീക്ക് പുരാണങ്ങളിൽ ദൈവ കോപം ഏറ്റ് എഴുതപ്പെട്ട പ്രോമിത്യുസിനെ ബന്ധിച്ചത് അതിനടുത്തുള്ള പർവ്വതത്തിലാണ്. കിലോമീറ്ററുകളാൽ ചുറ്റപ്പെട്ട ഏറ്റവും വലിയതും പുരാതനവുമായ ഈ ഗുഹ ജോർജിയൻ ചരിത്ര താളുകളിൽ ഇടം പിടിച്ചു. ഉൾഭാഗങ്ങളിലേക്ക് കടക്കും തോറും ഓക്സിജന്റെ കുറവും ഉഷ്ണതയും നന്നേ അനുഭവപ്പെട്ടു. ഈർപ്പമുള്ള തറകളും മുകൾ ഭാഗത്തായി തൂങ്ങി കിടക്കുന്ന മൺകൂനകൾ പോലെയുള്ള ഒന്ന് നന്നായി ശ്രദ്ധിക്കപ്പെട്ടു. എൽ.ഇ.ഡി ലൈറ്റുകൾ കൊണ്ട് ചില ഭാഗങ്ങൾ അലങ്കരിച്ചെങ്കിലും ഇരുട്ടിന്റെ അരണ്ട വെളിച്ചം എന്റെ ഡിജിറ്റൽ കാമറയിെൽ വെളിച്ചത്തെ ഉണർത്തി. കൈവരികൾ തീർത്ത നടപ്പാതകൾ സഞ്ചാരത്തെ എളുപ്പമാക്കി.
സ്നേഹ നഗരം: കമിതാക്കളുടെ നഗരം, വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നിവ ഈ നഗരത്തിന് ലൗ എന്ന നാമം നൽകി. ഈ നഗരത്തിലെ വളരെ പഴക്കമേറിയ ചർച്ച് കണ്ട് അതിനടുത്തു വെച്ച് ടൈറ്റാനിക് പോസിൽ ഒരു ഒരു ഫോട്ടോയുമെടുത്തു മടങ്ങി. ക്വാഡ് ബൈക്ക് ട്രിപ്പ് എന്നും ഓർമിക്കാൻ കഴിയുന്ന ചില രസകരമായ അനുഭവങ്ങൾ നൽകി. മഞ്ഞു കട്ടകളാൽ ചുറ്റപ്പെട്ട ഭാഗത്തൂടെ ഒരു പ്രത്യേക തരം ബൈക്കിൽ നടത്തുന്ന റൈഡ് നല്ല നല്ല ഓർമകൾ നൽകി. ബൈക്കിന്റെ ഹാൻഡിലിനെ കൺട്രോൾ ചെയ്യാൻ ഞാൻ നന്നേ പാടുപെട്ടു. സാധാരണ ബൈക്കിൽ നിന്നും വളരെ വ്യത്യസ്തമായ ഡ്രൈവിങ് മനസിലാക്കി ഓടിക്കാൻ കുറച്ച് സമയമെടുക്കേണ്ടി വന്നു. അപ്പോയെക്കും അനുവദിച്ച ടൈമും കഴിഞ്ഞിരുന്നു.