'ഉറുബാമ്പ'യുടെ മടിത്തട്ടിൽ
text_fields2010 പുറത്തിറങ്ങിയ ‘യന്തിരൻ’ സിനിമയിൽ രജനീകാന്തും ഐശ്വര്യറായിയും നിറഞ്ഞാടിയ ഗാനത്തിന്റെ പശ്ചാത്തലം സപ്താത്ഭുതങ്ങളിലൊന്നായ മാച്ചുപ്പിച്ചു ആയിരുന്നു. ഉറുബാമ്പ പർവ്വതങ്ങളുടെ സൗന്ദര്യവും, ബ്രസീലിയൻ നർത്തകരുടെ ധ്രുതചലനങ്ങളും സമന്വയിച്ച ആ ദൃശ്യവിരുന്നാസ്വദിച്ച ആർക്കും ഇവിടയൊന്നു കാണണമെന്ന് തോന്നിപോകും.
ഒട്ടുമിക്ക യാത്ര കുതുകികളുടെയും ബക്കറ്റ് ലിസ്റ്റുകളിൽ പ്രഥമ സ്ഥാനം തന്നെയാവും ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ മാച്ചുപ്പിച്ചുവിന്. ഭൂമിയുടെ മറുതലക്കൽ ആയതുകൊണ്ടുതന്നെ അവിടെ എത്തിപ്പെടുക അത്ര എളുപ്പമല്ലാത്തതിനാൽ, പലപ്പോഴായി മാറ്റിവെച്ച യാത്രക്ക് ഒരവസരം ഒത്തുവന്നപ്പോൾ ഇറങ്ങിത്തിരിക്കുകയായിരുന്നു.
ചെങ്കുത്തായ ആൻഡിസ് ഗിരിശിഖരങ്ങളുടെ ഇടയിലൂടെ പറന്ന്, താഴ്വരയിലെ അലഹാൻഡ്രോ എയർപോർട്ടിലേക്ക് ഒരൽപ്പം വശംകെട്ട രീതിയിൽ വിമാനം ആകെ ഒന്ന് ഉലഞ്ഞു പറന്നിറങ്ങുമ്പോഴേക്ക് ചെറു ദീർഘനിശ്വാസത്തോടെ ഉള്ളിലെ യാത്രക്കാർ കൈയ്യടിക്കുന്നുണ്ടായിരുന്നു. തെക്കേ അമേരിക്കയിൽ, ശാന്തസമുദ്രത്തോട് ചേർന്നുള്ള പെറു എന്ന രാജ്യത്തിന്റെ തെക്കു പടിഞ്ഞാറായാണ് കുസ്കോ എന്ന ചരിത്ര നഗരം.
അവിടുത്തെ എയർപോർട്ടിലേക്കാണ് വന്നിറങ്ങിയിരിക്കുന്നത്. പതിവ് പരിശോധനയെല്ലാം കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ അസ്തമയ സൂര്യൻ മലനിരകളെയും, മലകളിലേക്ക് പടർന്നു കയറുന്ന കുസ്കോ നഗരത്തെയും ചെഞ്ചായത്തിൽ മുക്കിയിരുന്നു. സമുദ്രനിരപ്പിൽ നിന്നും 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കുസ്കോ. മാച്ചുപിച്ചുവിലേക്ക് എത്തിച്ചേരാൻ കുസ്കോയിലെത്തി വേണം പോകാൻ. പൊതുവെ ഉയരം കൂടിയ പ്രദേശങ്ങളിൽ ചെല്ലുമ്പോൾ ചിലപ്പോൾ ശരീരം അസ്വാഭാവിക രീതിയിൽ പ്രതികരിച്ചുകളയും. തലവേദന, ശ്വാസംമുട്ട് അങ്ങനെ പലതും. നേരത്തെ തന്നെ അതിന്റെ മരുന്നെല്ലാം കഴിച്ചതിനാൽ പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല.
അല്ലെങ്കിൽ സാധാരണ അക്ലമൈറ്റൈസേഷനായി ഒരു ദിവസം റൂമിൽ തന്നെ വിശ്രമിക്കാനായി പൊതുവെ അവിടെയുള്ള ഗൈഡുകൾ ഉപദേശിക്കാറുണ്ട്. രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്നും അത്താഴമെല്ലാം കഴിഞ്ഞു ചുമ്മാ നഗരത്തിലൂടെ ഒന്നു ചുറ്റിവരാം എന്ന് കരുതി പുറത്തേക്കിറങ്ങി. ഡിസംബർ മാസമായതിനാൽ ഭൂമിയുടെ ദക്ഷിണാർധ പ്രദേശങ്ങളെല്ലാം പൊതുവെ വേനൽക്കാലമാണല്ലോ. പക്ഷെ ഇത്ര ഉയരത്തിലുള്ള പ്രദേശമായതുകൊണ്ടോ എന്തോ ശൈത്യം ഇവിടെ വിട്ടൊഴിഞ്ഞിട്ടില്ല. നഗരമധ്യത്തിലെ പ്രധാന സ്ക്വയറായ പ്ലാസാ മയോറിലേക്ക് നടക്കുമ്പോൾ ചെറിയൊരു കിതപ്പ് അനുഭവപ്പെടുന്നുണ്ട്.
ഹൈ അൾട്ടിറ്റ്യൂഡ് സിക്ക്നെസ് ആണോ.. ഒരു നിമിഷം പകച്ചു. ഹോട്ടലിൽ നിന്നും ചെറിയൊരു കയറ്റം കയറി വേണം അങ്ങോട്ടെത്താൻ. പോകുന്ന വഴിക്കെല്ലാം ധാരാളം സുവനീർ കടകൾ. പിന്നെ ധാരാളമായി ടൂർ ബുക്കിങ് ഓഫീസുകൾ. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നത് കൊണ്ടാവാം നഗരം മുഴുവനും ടൂറിസ്റ്റുകൾക്കായുള്ള ധാരാളം കച്ചവട സ്ഥാപനങ്ങൾ. വിവിധ വർണങ്ങളിലെ ചെറു വൈദ്യൂതവിളക്കുകൾ കൊണ്ടലങ്കരിച്ച റസ്റ്ററന്റുകൾ.
പ്ലാസാ മയോർ അതിപുരാതനമായൊരു ചത്വരം തന്നെയാണ്. പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശം വരെ ഈ നഗരം ഇൻക സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.ഇപ്പോഴും കുസ്കോയെ പെറുവിന്റെ ചരിത്ര തലസ്ഥാനമായാണ് ഇവിടുത്തെ ഭരണകൂടവും ജനങ്ങളും കരുതുന്നത്. നടക്കല്ലുകൾ പാകി ഒരുക്കിയ സ്ക്വയറിന്റെ ഒരതിരിൽ കുസ്കോ കത്തീഡ്രൽ. സ്ക്വറിനു ചുറ്റുമായി പ്ലാസാ മയോറിലേക്കു ഫേസ് ചെയ്തുള്ള ചെറിയ ബാൽക്കണിയോട് കൂടിയുള്ള ഇരുനില പുരാമന്ദിരങ്ങൾ. മേൽക്കൂരകളിലെ ചുവന്ന ഓടുകളിൽ ചത്വരത്തിലെ വിലക്കുകാലുകളിൽ നിന്നുള്ള നിയോൺ വെളിച്ചം തങ്കനിറം ചാർത്തുന്നു.
ഒട്ടുമിക്കവയിലും ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നഗരത്തിലെ വാക്കിങ് ടൂറുകൾ എല്ലാം ആരംഭിക്കുന്നതും ഇവിടെ തന്നെ. സ്ക്വയറിലെ ചെറിയ പുൽമൈതാനിക്കു ചുറ്റുമായി ചാരുബഞ്ചുകൾ. ധാരാളം റസ്റ്ററന്റുകളും, ബിയർ പാർലറുകളും എല്ലാം സ്ക്വയറിനോട് അനുബന്ധിച്ചു ടൂറിസ്റ്റുകളുടെ സായാഹ്നങ്ങളെ സജീവമാക്കുന്നു. രാവേറെ ചെല്ലുംവരെ പ്ലാസ മയോറിലെ വ്യത്യസ്തമായ പല കാഴ്ചകളും കണ്ടങ്ങനെ നടന്നു. മാച്ചുപ്പിച്ചുവിലേക്കുള്ള യാത്ര ആരംഭിച്ച ദിവസം കുസ്കോയിൽ നിന്നും ബസിൽ നഗരത്തിന്റെ വടക്കുപടിഞ്ഞാറേക്കു സഞ്ചരിച്ചു.
കുസ്കോയിൽ നിന്നും ഉറുബാമ്പ പട്ടണത്തിലൂടെ ഒല്ലന്തായ് തംബൊ എന്ന പ്രദേശത്തേക്കെത്തണം. അതിരാവിലെ തന്നെ പുറപ്പെട്ടു. ചുവന്ന ഓടുകൾ പാകിയ മേൽക്കൂരകളുള്ള പുരാനിർമിതികൾ നിറഞ്ഞ കുസ്കോയുടെ നഗരാതിർത്തി പിന്നിട്ടതോടെ കിഴ്ക്കാംതൂക്കായ മലകളായി കാഴ്ച. എങ്കിലും നല്ല പാത. പോകുന്ന വഴിയെല്ലാം ആൻഡീസ് പർവതനിരയുടെ ഭാഗമായ മലമ്പ്രദേശങ്ങളാണ്. മലകളും, താഴ്വാരങ്ങളും, കൃഷിയിടങ്ങളുമെല്ലാം വഴിക്കാഴ്ചകൾ. അൽപം ദാരിദ്യം പ്രകടമാകുന്ന ഉൾനാടൻ ഗ്രാമങ്ങളെല്ലാം പിന്നിട്ട് ബസ് ഒല്ലന്തായ് തംബൊയിലേക്കെത്തി. ഇൻക സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന പച്ചാകുട്ടിയുടെ രാജകീയ എസ്റ്റേറ്റ് ആയിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് ഒല്ലന്തായ് തംബൊ പ്രദേശം.
ഇന്നവിടം മാച്ചുപ്പിച്ചുവിന്റെ താഴ്വാര നഗരമായ അഗ്വാസ് കലിന്റസിലേക്കുള്ള ട്രെയിൻ പുറപ്പെടുന്ന റെയിൽവേസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഒരു ചെറു നഗരമാണ്. ഒല്ലന്തായ് തംബൊയിൽ നിന്നും മാച്ചുപ്പിച്ചുവിന്റെ അടിവാരത്തേക്കെത്താൻ പെറു റയിൽസിന്റെ ടൂറിസ്റ്റ് ട്രെയിൻ ഉണ്ട്. പനോരമിക് വ്യൂ ലഭിക്കുന്ന മട്ടിൽ ചില്ലു ജാലകങ്ങളെല്ലാമുള്ള ട്രെയിൻ യാത്ര അവിസ്മരണീയമാണെങ്കിലും ഒരൽപം ചിലവേറിയതു തന്നെയാണ്.
രണ്ടു മണിക്കൂറോളം സഞ്ചരിക്കാൻ മാത്രം ഏതാണ്ട് 8,000ത്തോളം രൂപയാകും. ഇൻകാ റെയിലിന്റെ ട്രെയിനുകളും ഇവിടെ നിന്നും തന്നെയാണ് പുറപ്പെടുന്നത്. മറ്റൊരു മാർഗം 4 പകലും 3 രാത്രിയും നീണ്ടുനിൽക്കുന്ന പ്രകൃതിയെ അടുത്തറിഞ്ഞു കൊണ്ടുള്ള ഹൈക്കിങ് ട്രിപ്പാണ്. മലകൾ കയറിയിറങ്ങി വനത്തിലൂടെയെല്ലാം സഞ്ചരിച്ചു ഇൻകാ ഗോത്രത്തിന്റെ, സംസ്കാരത്തിന്റെ ശേഷിപ്പുകളെല്ലാം കണ്ടറിഞ്ഞു മാച്ചുപ്പിച്ചുവിലേക്കെത്തുന്ന സാഹസിക യാത്ര. അതിനായി ഭാണ്ഡക്കെട്ടുകളെല്ലാം തോളത്തു തൂക്കി നഗരത്തിലൂടെ നടക്കുന്ന പലരെയും നമുക്കവിടെ കാണാം.
പോകേണ്ട ട്രെയിൻ എത്തി. വൃത്തിയും ഭംഗിയുമുള്ള ട്രെയിൻ. പാസ്സ്പോർട്ടും ടിക്കറ്റും കാണിച്ചാൽ മാത്രം ട്രെയിനിലെ ഉദ്യോഗസ്ഥൻ നിർദിഷ്ട്ട സീറ്റിലേക്ക് കയറാൻ അനുവദിക്കും. കാരണം മാച്ചുപ്പിച്ചുവിലേക്കു ഒരു ദിവസം പരമാവധി 2500 പേരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ. അതിനാൽതന്നെ വളരെ മുൻപേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ വിചാരിച്ച സമയത്തു നമുക്ക് ആ ലോകാദ്ഭുതം കാണാനാകൂ.
തുടരും...


