ഗുദൈരിയിലെ സാഹസിക യാത്ര…
text_fieldsജോർജിയയുടെ മർമ്മ പ്രധാന സ്ഥലമാണ് ഗുദൈരി. പാരഗ്ലൈഡിങ്, സ്കീയിങ്, ബൈക്ക് റൈഡിങ്, കാബിൾ കാർ തുടങ്ങി ഒട്ടനവധി വിനോദങ്ങളാൽ പേരുകേട്ട സ്ഥലം. മരം കോച്ചുന്ന തണുപ്പിൽ കുട്ടികളുമൊത്തുള്ള ഗുദൈരി യാത്ര അതി സാഹസികമായിരുന്നു. ആ ഇത് പറഞ്ഞപ്പോഴാണ് ഞങ്ങളെ കഥകളിലെ കഥാപാത്രങ്ങളെ പറയാൻ വിട്ടത് ഓർമ വന്നത്.
ഞാനും എന്റെ സഹോദരൻ നൗഫലും അദ്ദേഹത്തിന്റെ മൂന്നു കുട്ടികളുമാണ് സംഗത്തിലുള്ളത്. തനി നാടൻ മലയാളം പാട്ടുകളും ജോർജിയൻ പാട്ടുകളും പാടി ഇവർ ഞങ്ങളുടെ യാത്രയെ മനോഹരമാക്കി. പൗലോ നല്ല രസികനും പെട്ടെന്നു ഇണങ്ങിച്ചേരുന്നവനുമായിരുന്നു. ഒരു യാത്രയുടെ മുഖ്യ മാനദണ്ഡമാണല്ലോ കൂടെയുള്ളവരുടെ പെരുമാറ്റവും സ്വാഭവുമൊക്കെ.
ഗുദൈരി അടുക്കുന്തോറും തണുപ്പിന്റെ ശക്തിയും കൂടി കൂടി വരുന്നത് ചൂട്പിടിപ്പിച്ച കാറിനുള്ളിൽ നിന്നും ഫോണിലെ വെതർ ആപ്പ് വഴി അറിഞ്ഞു.
ഗുദൈരിക്ക് പോകുന്ന വഴികൾ മറക്കാൻ കഴിയാത്ത ഒരുപാട് കാഴ്ചകൾ നൽകി. വെള്ള പഞ്ഞിക്കൂടുകൾ പോലെ റോഡിന്റെ ഇരുവശങ്ങളിലായി മഞ്ഞിൻ കണികകൾ, ഇരുവശത്തായി ചെരിഞ്ഞു നിൽക്കുന്ന യൂക്കാലിപ്സ് മരങ്ങൾ അതിന് മുകളിൽ കെട്ടിക്കിടക്കുന്ന മഞ്ഞുകണങ്ങൾ, ചെറിയ ചാറ്റൽമഴ, കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നേർ പാതകൾ, കലർപ്പില്ലാത്ത പഴവർഗങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാർ. അപ്പോ വാങ്ങിയ ചെറു മധുര നാരങ്ങയുടെ രുചി മറ്റെവിടെയും ഇന്നും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഇടക്ക് മാത്രം കാണപ്പെടുന്ന നാടൻ റൊട്ടി വിൽപന ശാലകൾ.
വളരെ മൃദുവായതും സ്വൽപം മാധുര്യം ഉള്ളതുമായ റൊട്ടി ഇവിടത്തെ പരമ്പരാഗത ഭക്ഷണമാണ്. പോകുന്ന വഴി അതും വാങ്ങി കഴിച്ചു. ഒരു ലാറി (1.5 ദിർഹം / 28രൂപ) യാണ് അതിന്റെ വില. രാത്രിയോടെ എത്തിച്ചേർന്ന ഞങ്ങൾ ‘ഗുദൈരിയുടെ’ വിരിമാറിൽ നിദ്രയായി. ഞങ്ങൾ താമസിച്ച ഹോട്ടലിന് ചുറ്റും മുട്ടോളം പൊക്കത്തിൽ മഞ്ഞ് വീണ് നിറഞ്ഞിരുന്നു.
അതിശക്തമായ തണുപ്പ്. ദൂരെ നിന്ന് നോക്കുമ്പോ ചുറ്റിലും വെള്ള പരവതാനി വിരിച്ചതു പോലെ അനുഭവപ്പെട്ടു. അത്ര മനോഹരമായിരുന്നു ആ കാഴ്ച. തലേന്നു രാത്രി ഞങ്ങളെ വണ്ടിയുടെ ടയർ മഞ്ഞിന്റെ താഴ്ച്ചയിലേക്ക് കുടുങ്ങിക്കിടന്നത് കാരണം പിറ്റേ ദിവസം ഞാനും പൗലൊയും കുറച്ചു നേരത്തെ എഴുന്നേറ്റ് കാറിലെ ചങ്ങല (വൃത്താകൃതിയിൽ നിർമിതമായ ചെയിൻ) ടയറിനിട്ടു നീക്കാൻ നോക്കിയെങ്കിലും നടന്നില്ല.
പിന്നെ അവിടെയുള്ള ജെ.സി.ബി വന്ന് എടുത്തുമാറ്റേണ്ടി വന്നു. കാർ നല്ലൊരു ഭാഗത്ത് പാർക്ക് ചെയ്തു ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നടന്നു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ മഞ്ഞിൻ മലമുകളിലെ അതി സാഹസിക വിനോദം മനസ്സിനെയും ശരീരത്തെയും ഒരു പോലെ കോരിത്തരിപ്പിച്ചു. നീണ്ട സമയത്തെ പ്രയത്നത്തിലും മൽപ്പിടുത്തത്തിലും അധ്വാനത്തിലും തവണകളായുള്ള മഞ്ഞിൻ കൂനകളിലെ വീഴ്ചകൊണ്ടും ജീവിതത്തിലാദ്യമായി സ്കീയിങ് (മഞ്ഞിൻ മുകളിൽ നിന്നും ഊർന്ന് ചെയ്യുന്ന ഒരു വിനോദം) ഒരുവിധം പഠിച്ചെടുത്തു.
സന്തോഷവും അതിലേറെ ഭയാനകവും ഒത്തിണങ്ങിയ ഓർമ സമ്മാനിച്ച മറ്റൊരു വിനോദമായിരുന്നു പാരഗ്ലൈഡിങ്. മഞ്ഞ് പുതച്ച ചെങ്കുത്തായ മല മുകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് നിന്നും പാരച്യൂട്ടിനെയും യുക്രെയ്ൻ ഗൈഡിനെയും വഹിച്ച ഞാൻ വൻ താഴ്ചയിലേക്ക് എടുത്തുചാടി. പിന്നേ എല്ലാം ഒരു മിന്നായം പോലെ തോന്നി.
വളരെ നേരിയ കയറിൽ ബന്ധിപ്പിച്ച എന്റെ ആസനം വേദനിക്കുന്നത് പോലെ. മനസ്സിൽ നിറയെ ഭയം. കേറേണ്ടിയിരുന്നില്ല എന്ന് മനസ്സ് മന്ത്രിച്ചു. ആദ്യം കുറച്ചു സെക്കൻഡുകൾ ഞാൻ നന്നായി പേടിച്ചു എന്ന് തന്നെ പറയാം. പിന്നെ ചെറുതായി ആസ്വദിക്കാൻ തുടങ്ങി. സമുദ്ര നിരപ്പിൽ നിന്നും കിലോമീറ്റർ ഉയരത്തിൽ നിക്കുമ്പോൾ താഴ് ഭാഗത്തെ മനുഷ്യരെ ഉറുമ്പുകൾക് സമാനമായി തോന്നി. അതിശക്തമായ ശൈത്യം ഞാനിട്ടിരുന്ന ജാക്കറ്റിനെയും അതിനുള്ളിലെ ഷർട്ടിനെയും തുളച്ചു ഉള്ളിൽ കേറുന്നത് പോലെ അനുഭവപ്പെട്ടു.
സംസാരിക്കാനാവാത്ത വിധം ചുണ്ടുകളും മുഖവും മരവിച്ചിരുന്നു. കുറച്ചു സമയത്തെ ആകാശക്കാഴ്ചകൾക്ക് ശേഷം ഒരു വട്ടം കറക്കലോടെ കൂടി ഭൂമിയിലേക്ക് ഊർന്നിറങ്ങി. വലിയൊരു സാഹസികം ചെയ്ത പോലെ ഇതിഹാസന പുരുഷനായി ഞാൻ അവരിലേക്ക് നടന്നു. ഗ്രാമത്തിന്റെ സൗന്ദര്യം അറിയാൻ ഞങ്ങളെ പൗലോ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മുന്തിരി വള്ളികളാൽ നിറഞ്ഞ വീടിന്റെ പിൻഭാഗം, പന്നി ഫാം, കോഴി, പൂച്ച, മുയൽ എന്നിവ അടങ്ങിയ ഒരു കർഷക കുടുംബം. സിമന്റ് കട്ടകളാൽ പണിത ഒരു കുഞ്ഞ് വീട്.
ചെറിയ മുറികൾ. മേൽഭാഗത്ത് ഓടുകൊണ്ടും മറച്ചിരുന്നു. 90 വയസിന് മുകളിലുള്ള അവന്റെ അമ്മൂമ്മ ഞങ്ങൾക്ക് വൈൻ എടുക്കട്ടേ എന്ന് ജോർജിയൻ ഭാഷയിൽ പൗലോയോട് ചോദിച്ചു. കുടിക്കില്ലെന്നറിഞ്ഞ ആ സ്ത്രീ ഞങ്ങൾക്ക് ചർച്ചകല (മുന്തിരി ചാറ് കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം പലഹാരം) നൽകി. നല്ല ആതിഥേയത്വം ഉള്ള മനുഷ്യർ. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളുടെ വികസനമൊന്നും അവിടെ കണ്ടില്ല. ട്ടാറിടാത്തതും ഇടുങ്ങിയതുമായ വഴികൾ. പക്ഷെ ഇവിടത്തെ ജനങ്ങളെല്ലാം അധ്വാന ശീലരാണ്.
ഞങ്ങൾ കണ്ട അധിക സ്ഥാപനത്തിലും സ്ത്രീകളുടെ സാന്നിധ്യം നന്നേ അനുഭവപ്പെട്ടു. തുച്ഛമായ വേദനത്തിനാണ് ഇവിടത്തെ ജനങ്ങൾ ജോലി ചെയ്യുന്നത് എന്നതറിഞ്ഞ ഞാൻ ചിലരെ കണ്ടപ്പോ ദുബൈയിലേക്ക് ക്ഷണിച്ചു. രാജ്യം വിട്ട് പോവാൻ അവർക്ക് അത്ര ഉത്സാഹമില്ലെന്ന് മറുപടിയിൽ നിന്ന് വ്യക്തമായി. നീണ്ട എട്ട് ദിവസങ്ങൾ അതിവേഗം കടന്നു പോയതറിഞ്ഞില്ല.
പൗലോ ഇന്നവൻ ഞങ്ങളിൽ ഒരുവനെ പോലെയാണ്. ഗൈഡോ ഡ്രൈവറോ അല്ല. അത്രയും ഞങ്ങളുമായി അടുത്തിരുന്നു. പിന്നെ മടക്ക യാത്രക്കുള്ള പുറപ്പാട്. കൃത്യം വൈകുന്നേരം നാല് മണിക്ക് തന്നെ ഞങ്ങൾ തിബ്ലിസ് എയർപോർട്ടിലേക്ക് എത്തി. പറഞ്ഞുറപ്പിച്ച ഡോളറും കുറച്ചു ടിപ്സും കൊടുത്തു. ഇനിയൊരു കൂടിക്കാഴ്ച എന്ന് എന്ന ചോദ്യവും ബാക്കിയാക്കി. യാത്ര പറയുമ്പോ അറിയാതെ എന്റെ മിഴികൾ നിറഞ്ഞു.
(അവസാനിച്ചു)