ദൃശ്യവിസ്മയമായി ഉറിതൂക്കിമല
text_fieldsഉറിതൂക്കിമല
കുറ്റ്യാടി: നരിപ്പറ്റ, കാവിലുമ്പാറ പഞ്ചായത്തുകൾക്കിടയിലുള്ള ഉറിതൂക്കിമല സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പഴശ്ശി രാജാവിന്റെ യാത്രയുമായി ബന്ധപ്പെട്ട പേരുകളുള്ള ഈ മല അധികം അറിയപ്പെട്ടിരുന്നില്ല. എന്നാൽ, കൊടുംചൂടില്‍നിന്ന് ആശ്വാസം തേടി മഞ്ഞണിഞ്ഞുകിടക്കുന്ന ഉറിതൂക്കിമല കാണാന്‍ ദിവസവും ഒട്ടേറെ പേരാണ് എത്തുന്നത്.
മുമ്പ് വേനലിലാണ് സഞ്ചാരികൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പെരുമഴയിലും ആളുകൾ മല കയറുകയാണ്. കഴിഞ്ഞ ദിവസം നാദാപുരത്തുനിന്നു വന്ന മൂന്ന് കുട്ടികൾ ബൈക്കപകടത്തിൽ പെടുകയും ഒരാൾ മരിക്കുകയും ചെയ്തതോടെയാണ് പ്രദേശം വീണ്ടും ചർച്ചയാവുന്നത്. ഉയരംകൂടിയ കുന്നുകളും കിഴുക്കാംതൂക്കായ പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം വശ്യമനോഹരമായ കാഴ്ചയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.
തൊട്ടിൽപാലം കരിങ്ങാട്ടുനിന്ന് യാത്ര ചെയ്താൽ ആദ്യം കൊരണപ്പാറയാണ് കാണുക. പിന്നീട് ഉറിതൂക്കി മലയും. മൂന്ന് കിലോമീറ്റർ ദൂരം ഓഫ് റോഡ് യാത്ര ചെയ്യണം. പരിചയമില്ലാത്തവർ അപകടത്തിൽപെടാനുള്ള സാധ്യത ഏറെയാണ്. ഇവിടെയാണ് ഹൈസ്കൂൾ വിദ്യാർഥികളായ അഞ്ചംഗ സംഘം ബൈക്കിലെത്തിയത്. മഞ്ഞുപുതച്ച മലയിലെ പാറക്കെട്ടിലിരുന്ന് ഒരു പകല്‍ നീളെ കാഴ്ചകള്‍ കണ്ടിരിക്കാമെന്നതിനാൽ ഭക്ഷണവും പാർസലാക്കി യുവാക്കളുടെ സംഘങ്ങൾ ഇവിടേക്ക് എത്തുന്നു.
ഉറിതൂക്കി മലയിൽനിന്ന് കോഴിക്കോടിന്റെയും കണ്ണൂരിന്റെയും വയനാടിന്റെയും ദൃശ്യഭംഗി ആസ്വദിക്കാം. ഉറിതൂക്കിമലക്കു താഴെ അഗാധമായ ഗര്‍ത്തമാണ്. ശ്രദ്ധയൊന്ന് പാളിയാല്‍ വലിയ അപകടം വരെ സംഭവിക്കാം. സഞ്ചാരികളുടെ വരവേറിയതോടെ മലയിലേക്കുള്ള റോഡ് യാത്രായോഗ്യമാക്കാന്‍ നരിപ്പറ്റ പഞ്ചായത്ത് ശ്രമം തുടങ്ങിയതായി പ്രസിഡന്റ് കെ. ബാബു പറഞ്ഞു. പ്രദേശത്തെ രണ്ടു മലകളെ ചേര്‍ത്ത് റോപ്വേ നിര്‍മിക്കുന്നതും ആലോചനയിലാണ്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയതായും അദ്ദേഹം പറഞ്ഞു.


