ലോകത്തിലെ ഏറ്റവും ജനപ്രിയ തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിൽ വാരണാസിക്ക് രണ്ടാം സ്ഥാനം
text_fieldsവാരണാസി (ഫയൽ ചിത്രം)
വാരണാസി: വിശ്വാസാധിഷ്ഠിത ടുറിസം പ്രവണതകൾ വിശകലനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ മൈ ക്രോസ് നടത്തിയ പഠനത്തിൽ ഇന്ത്യൻ നഗരമായ വാരണാസിക്ക് രണ്ടാം സ്ഥാനം. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ തീർത്ഥാടന കേന്ദ്രമായാണ് വാരാണസി തെരഞ്ഞെടുക്കപ്പെട്ടത്.
വാർഷിക സന്ദർശകരുടെ എണ്ണം, മതപരമായ സ്ഥലങ്ങളുടെ എണ്ണം, ഓൺലൈൻ വഴി സ്ഥലത്തെ കുറിച്ചുള്ള അന്വേഷണം, സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശം, ലഭ്യമായ താമസ സൗകര്യങ്ങൾ എന്നി അഞ്ച് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മൈ ക്രോസ് നഗരങ്ങളെ വിലയിരുത്തുന്നത്. ഓരോ മാനദണ്ഡത്തിനും 1 മുതൽ 100 വരെയുള്ള മാർക്കുകൾ നൽകി അഞ്ച് മാനദണ്ഡത്തേയും ഒറ്റ സ്കോറിലേക്ക് കൊണ്ടുവരുന്നതാണ് സർവേ.
ജപ്പാനിലെ ക്യോട്ടോയാണ് ഒന്നാം സ്ഥാനത്ത്. 78 മാർക്ക് നേടി വാരണാസി രണ്ടാം സ്ഥാനം സ്വന്തമാക്കി. വാർഷിക സഞ്ചാരികളുടെ എണ്ണത്തിൽ ക്യോട്ടോ മുന്നിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ തീർത്ഥാടന കേന്ദ്രങ്ങളുള്ള നഗരമായി വാരണാസി തൊട്ടുപിന്നിൽ എത്തി. എന്നാൽ ഓൺലൈൻ വഴി സ്ഥലത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വാരണാസിയാണ് ഒന്നാമത്. പ്രതിമാസം ഏകദേശം 2.8 ദശലക്ഷത്തോളമാണ് വാരണാസിയെ ആളുകൾ ഓൺലൈൻ വഴി അന്വേഷിച്ചത്.
ഏറ്റവും കൂടുതൽ ആളുകൾ സന്ദർശകരായി ക്യോട്ടോയിൽ എത്തുമ്പോഴും ക്യോട്ടോയെക്കാൾ ഇരട്ടി താമസസൗകര്യങ്ങളാണ് വാരണാസിയിലുള്ളത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ തീർത്ഥാടന കേന്ദ്രമായി വാരണാസി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ട്. ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ വിജയമാണിതെന്ന് ഉത്തർപ്രദേശ് ടൂറിസം മന്ത്രി ജൈവീർ സിങ് പറഞ്ഞു.
70 മാർക്ക് നേടി വത്തിക്കാൻ സിറ്റി മൂന്നാം സ്ഥാനത്തെത്തി. ഒമ്പത് തീർത്ഥാടന കേന്ദ്രങ്ങൾ മാത്രമേ ഇവിടെയൊള്ളൂ. എങ്കിലും കൂടുതൽ താമസ സൗകര്യം നൽകുന്നതിൽ കത്തോലിക്ക സഭ ഏറെ മുന്നിലാണ്.
'ആധുനിക യാത്രകളുമായി ആത്മീയ പാരമ്പര്യങ്ങൾ ഇഴചേർന്ന് തീർത്ഥാടന ടൂറിസം മുന്നേറുകയാണ്. ആഗോള സഞ്ചാരികളുടെ ആവിശ്യങ്ങൾ പരിഗണിച്ച് പവിത്രതയെ ബഹുമാനിക്കുന്ന സ്ഥലങ്ങളാണ് ഏറ്റവും വിജയകരമായ ലക്ഷ്യസ്ഥാനങ്ങളെന്ന്' മൈ ക്രോസ് വക്താവ് അഭിപ്രായപ്പെട്ടു.
മൈ ക്രോസ് പഠനത്തിലെ മികച്ച സ്ഥലങ്ങൾ
- റിയോ ഡി ജനീറോ (ബ്രസീൽ)
- ലാസ (ടിബറ്റ്)
- മക്ക, മദീന (സൗദി അറേബ്യ)
- ജറുസലേം (ഇസ്രായേൽ)
- സീം റീപ് (കംബോഡിയ)
- കാന്റർബറി (യു.കെ)