സന്ദർശകർക്ക് ആഹ്ലാദം പകർന്ന് മരുഭൂശൈത്യം
text_fieldsഅബൂദബി: മരംകോച്ചുന്ന തണുപ്പിലേക്ക് ഇമാറാത്ത് പ്രവേശിച്ചിരിക്കുകയാണ്. അതിശൈത്യം ആസ്വദിക്കാനും മരുഭൂമിയുടെ കൊടുംതണുപ്പ് അനുഭവിച്ചറിയാനും സാധിക്കുന്ന ദിനങ്ങളാണിത്. അബൂദബി എമിറേറ്റിലെ പ്രസിദ്ധമായ വിവിധ മരുഭൂ മേഖലകള്‍ സന്ദര്‍ശിക്കാൻ നിരവധിപേരാണ് ഈയവസരത്തിൽ ഒഴുകിയെത്തുന്നത്. മാര്‍ച്ച് ആദ്യംവരെ നീളുന്ന ശൈത്യകാലം മികച്ച അനുഭവമായിരിക്കും സന്ദര്‍ശകര്‍ക്കു പകരുക. തണുത്ത കാലാവസ്ഥയും പലപ്പോഴും മഴയും ഈ സീസണില്‍ ഈ മരുക്കാടുകള്‍ സന്ദര്‍ശകരുടെ മനവും തണുപ്പിക്കും.
ബീച്ച് സന്ദര്‍ശനവും മരുഭൂമിയിലെ സവാരികളുമൊക്കെ ഈ സീസണില്‍ അബൂദബിയിലെത്തുന്നവര്‍ക്ക് മനോഹരമായി അനുഭവിച്ചറിയാനാവുന്നതാണ്. പകല്‍ സവാരിയും രാത്രി തമ്പ് അടിച്ച് കുടുംബവും കൂട്ടുകാരുമായി ആഘോഷമാക്കാനും സാധിക്കും. ഡെസേര്‍ട്ട് സവാരി സാധ്യമാക്കുന്ന വിവിധ സ്ഥലങ്ങൾ അബൂദബിയിലും പരിസരപ്രദേശങ്ങളിലുമുണ്ട്.
അബൂദബിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത അല്‍ ഹംറ ഇതിൽ പ്രധാനപ്പെട്ടതാണ്. മണല്ക്കൂനകള് കൊണ്ട് സമ്പന്നമായ ഇവിടം പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പ്രദേശവും ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രവുമാണ്. മാനുകള്‍ അടക്കമുള്ള വന്യജീവികളെയും ഇവിടെ കാണാനാവും. പകലിലെ സന്ദര്‍ശനത്തിനു പുറമെ, രാത്രി തമ്പടിക്കാനും ഇവിടെ അവസരമുണ്ട്.
അബൂദബി-ഹമീം റോഡില്‍(ഇ-65) നിന്നാണ് ഇവിടേക്ക് പ്രവേശിക്കേണ്ടത്. പഴയതും നന്നായി പരിപാലിക്കുന്നതുമായ ഖിസ് ഖാറ്റ്ചിലെ മണല്‍ ട്രാക്ക് മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാണ്. ഇവിടെ മണല്കൂനകളിലൂടെയുള്ള യാത്ര മനോഹരമാണ്. റോഡിനു സമീപത്തായി ക്യാമ്പ് ചെയ്യുന്നതിന് നിരവധി സ്ഥലങ്ങളുമുണ്ട്. ഹമീം-ലിവ സിറ്റി റോഡിലാ(ഇ-90) ണ് പ്രവേശന ഭാഗം.
‘അറാദ’ മണല്‍ ട്രാക്കിലൂടെയുള്ള യാത്ര മണല്‍ക്കൂനകളുടെ കയറ്റിറക്കങ്ങളുടെ വന്യത അനുഭവിക്കാന്‍ വഴിയൊരുക്കുന്നതാണ്. മണല്ക്കൂനകള് ഏറെയുണ്ട് എന്നതിനാല്‍ മുന്നോട്ടു പോവുംതോറും തിരികെ വരാനുള്ള ശേഷി വാഹനത്തിനുണ്ടോ എന്ന കാര്യം കൂടി ഉറപ്പുവരുത്തിയാല്‍ യാത്ര കൂടുതല്‍ സുഗമമാവും. ഇരുട്ടും നിശ്ശബ്ദതയുമൊക്കെ ഇവിടെ അനുഭവിക്കാനാവും.
ഗയാത്തി-അറാദ റോഡ്(ഇ -15) വഴി ഈ പ്രദേശത്തേക്ക് പ്രവേശിക്കാം. മദീന സായിദ് സിറ്റിയില്‍ നിന്ന് 30 മിനിറ്റ് സഞ്ചരിച്ചാൽ വിശാലമായ മണല്‍ പരപ്പുകളിലൂടെയുള്ള സഞ്ചാരം സാധ്യമാകും. ഒട്ടേറെ ചുവന്ന മണല്ക്കൂനകള് കാണാനുള്ള അവസരം ഇവിടം ഒരുക്കുന്നുണ്ട്. പകല്‍ യാത്രയ്ക്കും രാത്രി ക്യാമ്പിനുമൊക്കെ മദീനത്ത് സായിദ് മനോഹമായ ഇടമാണ്.
ജെ റസീന്‍, കെ അല്‍ ക്വാ റോഡ്, എല്‍ അറാദ എന്നിങ്ങനെ നിരവധി മരുഭൂപ്രദേശങ്ങളും അബൂദബി എമിറേറ്റിൽ ശൈത്യം ആസ്വദിക്കാൻ യോജിച്ചതാണ്. ഇവിടങ്ങളിലെല്ലാം സന്ദർശകർ വന്നുനിറഞ്ഞു തുടങ്ങിയിട്ടുമുണ്ട്.