Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപോത്തുകെട്ടിയിലെ...

പോത്തുകെട്ടിയിലെ വിശേഷങ്ങള്‍...

text_fields
bookmark_border
Wayanad
cancel
camera_alt

ആറാട്ടുപാറ വ്യൂ പോയന്‍റിൽനിന്നുള്ള ഗ്രാമ ദൃശ്യം

പോളിങ് ദിനത്തില്‍ അതിരാവിലെ വോട്ടെടുപ്പ് തുടങ്ങുന്നതിനും വളരെ മുമ്പ് സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാര്‍ക്ക് വോട്ടിങ് മെഷീന്‍ പരിശോധിച്ച് വോട്ട് ചെയ്തു നോക്കാവുന്നതാണ്. മോക്ക് പോളിംഗ് (Mock Polling) എന്നാണ് ഈ പ്രക്രിയയുടെ പേര്. 5.45 ഓടുകൂടി ഇതാരംഭിക്കും. അതിനും മുന്നേ വോട്ട് ചെയ്യുന്നതിനു വരി നില്‍ക്കാനെത്തിയ ചെറുപ്പക്കാരനാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ മറക്കാനാവാത്ത മുഖങ്ങളിലൊന്ന്. കന്നിവോട്ട് ചെയ്യുമ്പോള്‍ ബൂത്തിലെ ആദ്യ വോട്ടറാകണമെന്ന ഒറ്റ വാശിയിലാണ് നേരം പുലരും മുമ്പേ ആളെത്തിയത്. മകരമഞ്ഞ് പെയ്യുന്ന ഡിസംബറിലെ മരംകോച്ചുന്ന തണുപ്പില്‍ മൊബൈല്‍ ടോര്‍ച്ചിന്റെ അരണ്ട വെട്ടത്തില്‍ പോളിംഗ് ബൂത്തിന്റെ പടികയറിയെത്തി ഏഴാകുന്നതും കാത്ത് അക്ഷമനായി നിന്ന അപരിചിതനായ ചെറുപ്പക്കാരന് ജനാധിപത്യത്തിന്റെ മഹോത്സവത്തിന്റെ ആശംസകള്‍.

വയനാട് ജില്ലയിലെ അമ്പലവയല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പോത്തുകെട്ടി വാര്‍ഡിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയത്. അമ്പലവയല്‍ ടൗണില്‍ നിന്നും നിന്നും കുറച്ച് ദൂരം കുന്നിറങ്ങി താഴ്വരയിലേയ്ക്ക് പോയാലാണ് പോത്തുകെട്ടി എത്തുക. ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥനായ സുമേഷ് സാറും കൂടെ ടീമില്‍ പോളിങ് ഉദ്യോഗസ്ഥരായ നെഹ്ലയും ഫൗസിയ ടീച്ചറുമാണ് ഉണ്ടായിരുന്നത്. ഒപ്പം റൂട്ട് ഓഫീസറായി ബിജു ചേട്ടനും സുരക്ഷാ ഉദ്യോഗസ്ഥനായി സുനില്‍കുമാര്‍ സാറും.

അമ്പലവയൽ

തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള പ്രദേശമാണ് പോത്തുകെട്ടി. വൈകുന്നേരങ്ങളില്‍ ആളുകള്‍ ഒന്നിച്ചുകൂടുന്ന ചെറിയ കവലയിലുള്ള സാംസ്‌കാരിക നിലയത്തിലാണ് പോളിങ് സ്റ്റേഷന്‍ സജ്ജീകരിച്ചിരുന്നത്. സമീപത്തൊരു കൊച്ചു ദേവാലയം, ഒരു വോളിബോള്‍ കോര്‍ട്ട്, ഒരു ചെറിയ പലചരക്ക് കട, ഒരു കൊച്ചു ചായക്കട എന്നിവ മാത്രം. യുവാക്കളില്‍ മിക്കവരും ഈ വോളീബോള്‍ കോര്‍ട്ടിലാണ് സായാഹ്നങ്ങള്‍ ചെലവഴിക്കുന്നത്. കളി കണ്ടും വെടിവട്ടം പറഞ്ഞുകൊണ്ടും വല്യവര്‍ത്തമാനം പറയുന്ന മുതിര്‍ന്നവരും സമീപത്ത് ഓടിക്കളിക്കുന്ന കുട്ടികളും പോത്തുകെട്ടിയെ കൂടുതല്‍ മനോഹരഗ്രാമമാക്കുന്നു. നാഗരികതയുടെ ചീത്തനിഴലുകള്‍ വീഴാത്ത ഒരു മനോഹര വയനാടന്‍ ഗ്രാമത്തുരുത്ത്.

അവിടെ ഏറ്റവും ഹൃദ്യമായി തോന്നിയത് അന്നാട്ടിലെ ജനങ്ങളുടെ പെരുമാറ്റമാണ്. വീട്ടിലെത്തിയ അതിഥികളെപ്പോലെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. നെഹ്ലയ്ക്കും ഫൗസിയ ടീച്ചറിനും പോളിങ് സ്റ്റേഷന്റെ തൊട്ടടുത്ത് ഒരു ചേച്ചിയുടെ വീട്ടില്‍ താമസമൊരുക്കിതന്നത് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടായിരുന്നില്ല. എനിക്കും സുമേഷ് സാറിനും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനും രാത്രി കിടക്കാനുള്ള ബെഡ്, ബെഡ്ഷീറ്റ്, കമ്പിളിപുതപ്പ്, കുടിവെള്ളം, രാവിലെ കട്ടന്‍കാപ്പി ഒക്കെ സമയാ സമയങ്ങളില്‍ എത്തി. ഗ്രാമപ്രദേശമായിരുന്നതിനാല്‍ ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവായിരിക്കുമെന്ന് കണ്ട് ഞങ്ങള്‍ മുന്‍കൂട്ടി ഭക്ഷണം കുറച്ചകലെ അടിവാരത്തൊരു ഹോട്ടലില്‍ ഏല്‍പ്പിച്ചിരുന്നു. അത് വേണ്ടിയിരുന്നില്ലല്ലോ എന്ന് എന്നു പരിഭവം പറഞ്ഞാണ് പലരും വന്നുപോയത്.

ആറാട്ടുപാറ വ്യൂ പോയന്‍റ്

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളാണെങ്കിലും ഏജന്റുമാര്‍ തമ്മില്‍ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അന്തര്‍ധാരകള്‍ സജീവമായിരുന്നു. ഏറെ അമ്പരപ്പിച്ചത് ഞങ്ങളോടുള്ള അവരുടെ പെരുമാറ്റമായിരുന്നു. ചിരപരിചിതരായ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലെയാണ് ഞങ്ങളോട് അവര്‍ പെരുമാറിയത്. അവിടെ കണ്ട മറ്റൊരു പ്രത്യേകത, എല്ലാവര്‍ക്കും പരസ്പരം അറിയാമെന്നതാണ്. വ്യത്യസ്ഥ രാഷ്ട്രീയ ആശയങ്ങള്‍ പങ്കിടുന്ന ആളുകളാണെങ്കിലും തര്‍ക്കിക്കാനോ കലഹിക്കാനോ അവരില്ല. ഐഡി കാര്‍ഡ് എടുക്കാന്‍ മറന്ന് വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയ ആളുകളോട് ഞാന്‍ ഐഡി വേണമെന്നു നിര്‍ബന്ധം പറയുമ്പോള്‍ അവര്‍ എതിര്‍ പാര്‍ട്ടിക്കാരാണെങ്കില്‍ പോലും 'നമുക്കെല്ലാം അറിയുന്നവരാണ് സാറേ, വോട്ടു ചെയ്തു പോയ്ക്കോട്ടെ' എന്നു പറയുന്ന ഏജന്റുമാരെ സാധാരണ കാണാറില്ല. പക്ഷേ പോത്തുകെട്ടിയില്‍ കണ്ടു. കക്ഷി രാഷ്ട്രീയത്തിനും ജാതി മത വര്‍ണ വര്‍ഗ ചിന്തകള്‍ക്കുമപ്പുറം അവരെയൊക്കെ ചേര്‍ത്തു ബന്ധിക്കുന്ന ഒരു കാണാച്ചരടുണ്ടെന്ന് സുനിശ്ചിതം. വോട്ടുചെയ്യാനായി ക്യൂവില്‍ നില്‍ക്കുമ്പോഴും അവര്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവക്കുന്നുണ്ടായിരുന്നു.

ആദ്യമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത നെഹ്ലയ്ക്കും ഫൗസിയ ടീച്ചറിനും ഒപ്പം സുമേഷ് സാറിനും പോത്തുകെട്ടി മറക്കാനാകാത്ത ഇടമായിരിക്കും. എല്ലാവരും പോത്തുകെട്ടിക്കാരെപ്പോലെയാണെന്നു കരുതരുത്, എന്ന് മുന്‍ തെരഞ്ഞെടുപ്പ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഡ്യൂട്ടിയിലെ പുതുമുഖങ്ങളെ ഇടയ്‌ക്കെപ്പോഴോ ഓര്‍മിപ്പിച്ചു. ആ സ്നേഹ താഴ്വരയില്‍ നിന്നും ഡ്യൂട്ടി പൂര്‍ത്തിയാക്കി തിരികെ കുന്നുകയറുമ്പോള്‍ ഇരുള്‍ പരന്നു തുടങ്ങി. തിരഞ്ഞെടുപ്പ് ജോലികള്‍ തീര്‍ന്നെന്ന ആശ്വാസത്തില്‍ അല്‍പ്പം ക്ഷീണത്തോടെ കാറിന്റെ സീറ്റില്‍ ചാഞ്ഞിരിക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ ആ ഗ്രാമവും അവിടുത്തെ ആളുകളുമായിരുന്നു. ഇനിയുമൊരു തെരഞ്ഞെടുപ്പ് ഡ്യുട്ടിക്കുപോകുമ്പോള്‍ അന്നു കൂടെ വരുന്നവരോട് പറയാന്‍ ഈ ഗ്രാമം ആയിരക്കണക്കിനു പേജുകളില്‍ എഴുതി നിറയ്ക്കാന്‍ മാത്രം ഓര്‍മകളും അനുഭവങ്ങളുമാണ് തന്നുവിട്ടിട്ടുള്ളത്.

Show Full Article
TAGS:Wayanad travels Travel Destinations nature village election duty 
News Summary - Wayanad pothuketty specialties
Next Story