Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഷാർജയിലെ ചിറകുള്ള...

ഷാർജയിലെ ചിറകുള്ള തടാകം

text_fields
bookmark_border
sharjah-lake
cancel
camera_alt

ഷാർജയിലെ

അൽഖാൻ മേഖലയിലെ

മംസാർ തടാകം

ഷാർജയിലെ അൽഖാൻ മേഖലയിലെ മംസാർ തടാകം നിലക്കാത്ത സംഗീതത്തിന്‍റെ നിർമല തീരമാണ്. ജലസാഹസികത ഇഷ്ടപ്പെടുന്നവരുടെ മനോഹര തടാകമാണിത്. കുറഞ്ഞ ചിലവിൽ ബോട്ടുകളിൽ പാറിനടക്കാനുള്ള സൗകര്യമാണ് ഈ തടാകത്തിന് ചിറകുകൾ നൽകുന്നത്. കടലും റോഡും അതിരുകളിടുന്ന തടാകത്തിനോട് ചേർന്ന് ചെറുകുന്നുകളും സ്ഥിതി ചെയ്യുന്നു. കുന്നിലാകെ മേഞ്ഞുനടക്കുന്ന പക്ഷികളുടെ പാട്ട് കേൾക്കാം.

ദുബൈ മംസാർ ബീച്ചിനോട് ചേർന്ന് കിടക്കുന്നതിനാൽ സഞ്ചാരികൾക്ക് വരാനും പോകാനും എളുപ്പവഴികൾ ധാരാളം. കടലുമായി നിരന്തരം സല്ലപിക്കുന്നതിനാൽ ഏതുവേനലിലും തടാകം നിറഞ്ഞുകിടക്കും. വേലിയിറക്കത്തിൽ പവിഴപുറ്റുകൾ തെളിഞ്ഞുവരും.

തീരത്തിനോട് ചേർന്ന് താമസിക്കുന്ന ഉത്തരേന്ത്യൻ കുടുംബങ്ങൾ പൂജക്കായി കൊണ്ടുവന്ന മൺചെരാതുകൾ വേലിയിറക്കത്തിൽ പൊങ്ങിവരും. അവ ആകാശത്തെ നോക്കി ധ്യാനിക്കുന്നതായി തോന്നും.

നിരവധി ബോട്ടുകളാണ് തടാകത്തിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആദ്യമായി ബോട്ടോട്ടത്തിനെത്തുന്നവർക്ക് സഹായം നൽകാൻ പരിശീലകരുണ്ട്. സാഹസികത അതിരുകടന്ന സമയത്തെല്ലാം നിരവധി അപകടങ്ങൾക്കും തടാകം കണ്ണീർ സാക്ഷിയായിട്ടുണ്ട്. സർക്കാർ മുന്നോട്ട് വെക്കുന്ന സുരക്ഷനിയമങ്ങൾ ലംഘിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുള്ളത്. പൊലീസിന്‍റെ നിരീക്ഷണം ഏതുസമയത്തും തടാകത്തിനോട് ചേർന്നുപ്രവർത്തിക്കുന്നുണ്ട്.

മരുഭൂമിയിലെ ചൂടും ഈത്തപ്പഴത്തിന്‍റെ മധുരവും തേടിവന്ന ദേശാടന കിളികളാണ് തടാകത്തിന്‍റെ ഗ്രീഷ്മ സൗന്ദര്യം. പക്ഷികൾ തൊട്ടടുത്ത വിക്ടോറിയ ഇന്‍റർനാഷ്ണൽ സ്കൂൾ അങ്കണത്തിലെ തൈമാവുകളിലും ഉദ്യാനങ്ങളിലുമാണ് കൂടണയുന്നത്. അമിത ചിലവുകളില്ലാതെ ജലകേളികൾ സാധ്യമാകുന്നതിനാൽ യു.എ.ഇയുടെ പലഭാഗങ്ങളിൽ നിന്നും മംസാറിലേക്ക് സഞ്ചാരികളെത്തുന്നു.

ബോട്ടുകൾ നിരന്തരം പായുന്നതിനാൽ തടാകത്തിൽ നീന്തൽ അനുവദിക്കാറില്ല. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നിയമം ലംഘിച്ചാൽ പിഴ ഉറപ്പിക്കാം. തടാക കരയിലൂടെ പുലർച്ചെ നിരവധി പേരാണ് നടക്കാനിറങ്ങുന്നത്. തടാക കരയിലൂടെ നടന്ന് കടലോരത്തിലൂടെ കടന്ന് ബുഹൈറ ഉദ്യാനത്തിലേക്ക് എത്താനുള്ള സൗകര്യമുണ്ട്. രാവിലെ തടാക കരയിലെ പുൽമേടുകളിൽ യോഗ പരിശീലിക്കുന്നവർ ധാരാളമാണ്.

പാകിസ്താനികളും ബംഗ്ലാദേശുകാരുമാണ് ബോട്ടോട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. ഓരോ ബോട്ടിനും പേരുകളുണ്ട്. സുരക്ഷ ഉറപ്പാക്കിയിട്ടുവേണം സഞ്ചാരികൾക്ക് നൽകാൻ. വീഴ്ച്ച ഉണ്ടായാൽ ബോട്ടിന്‍റെ ഫിറ്റ്നസ് റദ്ദാക്കും പിഴയും ഈടാക്കും. സഞ്ചാരികളെ കാത്ത് റോഡോരത്തു തന്നെ ബോട്ടുകാരുണ്ടാകും. യാത്രക്കാരെ തങ്ങളുടെ ബോട്ടുകളിലേക്ക് സ്വാഗതം ചെയ്യാനുള്ള തിടുക്കം.

വിലപേശൽ നടത്തുന്നവരും സ്ഥിരം കാഴ്ച്ചയാണ്. മഞ്ഞുകാലമായാൽ തടാകത്തിന് ഭംഗികൂടും. മഞ്ഞിൽ നിന്ന് തടാകം ഉണർന്നുവരാൻ സമയമെടുക്കും. മഞ്ഞിനിടയിലൂടെ നീർകാക്കകൾ പറന്നുല്ലസിക്കുന്നത് കാണാൻ നല്ലരസമാണ്. വെയിലേറി തുടങ്ങുമ്പോൾ തടാകം മഴവില്ലണിയും. ദബൈ, ഷാർജ ഇത്തിഹാദ് റോഡിൽ നിന്നാണ് ഇവിടേക്കുള്ള പ്രധാന പാത. തടാക കരയിൽ വൻ വികസന പദ്ധതികൾക്കാണ് ഷാർജ തുടക്കമിട്ടിരിക്കുന്നത്.

പ്രാചീന ചരിത്രങ്ങളുടെ വിളനിലം കൂടിയാണ് ഈ തീരം. പൗരാണിക അടയാളങ്ങൾ നിലനിറുത്തികൊണ്ടുള്ള വികസനങ്ങളാണ് തീരത്ത് നടക്കുന്നത്. തടാക കരയിൽ നിന്ന് നോക്കിയാൽ ലോകപ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന എക്സ്പോസെന്‍റർ കാണാം.

Show Full Article
TAGS:Lake Sharjah 
News Summary - Winged Lake in Sharjah
Next Story