എ ഡ്രീം ട്രിപ് ഓൺ എ ബെെക്ക്
text_fieldsസാഹസികതക്കും സ്വപ്നങ്ങൾക്കും അതിരുകളില്ല എന്ന് തെളിയിക്കാൻ രണ്ട് യുവാക്കൾ അവരുടെ ബൈക്കിലേറി ഒരു യാത്രക്ക് തയാറെടുക്കുകയാണ്. മൂന്നര മണിക്കൂറിൽ ഫ്ലൈറ്റിൽ എത്തിച്ചേരുന്ന വെറും യാത്രയല്ല. മൂന്നുമാസത്തോളം എടുത്ത് ഒമ്പത് രാജ്യങ്ങൾ താണ്ടി കേരളത്തിൽ അവസാനിക്കുന്ന ഒരു അഡാർ ട്രിപ്പ്.
യു.എ.ഇയിൽ നിന്ന് ഏപ്രിൽ 21 തിങ്കളാഴ്ച തുടങ്ങുന്ന യാത്രയുടെ ആദ്യഘട്ടം ഇറാനിലെ ബന്ദർ അബാസിലേക്കുള്ള ഫെറി യാത്രയാണ്. അവിടെ നിന്നങ്ങോട്ട് യാത്ര തീരുംവരെ റോഡ് മാർഗ്ഗം. ഇറാന്റെ തലസ്ഥാനമായ തഹറാനിൽ എത്തി പിന്നീട് തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജികിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ചൈനയിൽ പ്രവേശിക്കും. ഈ യാത്രയിൽ ഏതൊരു സാഹസിക സഞ്ചാരിയുടെയും സ്വപ്നമായ പാമിർ ഹൈവേയിലൂടെ സുദീർഘമായ ദൂരം ഇവർ പിന്നിടും. ചൈനയിൽ കുറച്ച് അധിക നാളുകൾ ചെലവിടുന്ന ഇവർ എവറസ്റ്റ് ബേസ് ക്യാമ്പും ടിബത് ബോർഡറും സന്ദർശിക്കും.
മഫൂസ്, വസീം സാക്ക്
അവിടെനിന്ന് നേപ്പാളും ഭൂട്ടാനും പിന്നിട്ട് ഇന്ത്യയിൽ പ്രവേശിച്ച് തെക്കോട്ട് വീണ്ടും യാത്ര ചെയ്ത് കേരളത്തിൽ ചെന്നെത്തും. കടന്നുപോകുന്ന ഓരോ വഴികളിലെയും തദ്ദേശീയ ജീവിതശൈലി, ആചാരങ്ങൾ, പ്രാദേശിക ഭക്ഷണരീതി എന്നിവ നേരിട്ടനുഭവിക്കാനും അതുവഴി ഭിന്ന സംസ്കാരങ്ങളിൽ ആണെങ്കിലും എല്ലാ മനുഷ്യരും ഒന്നാണെന്നുള്ള ആശയത്തെ സമൂഹത്തെ ബോധ്യപ്പെടുത്താനുമാണ് ഈ യാത്ര കൊണ്ട് ലക്ഷ്യം ഇവർ വെക്കുന്നത്.
തങ്ങളുടെ യാത്രയിലെ അപൂർവ്വ മുഹൂർത്തങ്ങളും അനുഭവങ്ങളും മറ്റും തങ്ങളെ വീക്ഷിക്കുന്ന കാഴ്ചക്കാരിലേക്ക് സമൂഹ മാധ്യമങ്ങൾ വഴി എത്തിക്കാൻ ശ്രമിക്കും. സമാന ചിന്താഗതിക്കാരായ, യാത്രയിൽ ഏതെങ്കിലും തരത്തിൽ ഇവരെ സഹായിക്കാൻ പറ്റുന്ന സ്പോൺസേഴ്സിനെ ഇവർ സ്വാഗതം ചെയ്യുന്നുണ്ട്. ചെന്നെത്തുന്ന സ്ഥലങ്ങളിൽ സഹൃദയരായ മലയാളികളടക്കമുള്ള നാട്ടുകാരിൽ നിന്നും ഇവർ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ഫോട്ടോഗ്രാഫിയും ഫിലിം മേക്കിങ്ങും കണ്ടന്റ് ക്രിയേഷനും ഒക്കെയാണ് മഫൂസിന്റെ പ്രവർത്തന മേഖലകൾ. ഒരു ഓൾ ഇന്ത്യ ബൈക്ക് റൈഡും 2024 നടത്തിയ ജി സി സി ബൈക്ക് ടൂറിന്റെയും ആത്മവിശ്വാസത്തിലാണ് മഫൂസ് യാത്രക്കൊരുങ്ങുന്നത്.
ഏതാണ്ട് ഇതെ മേഖലകളിൽ താല്പര്യങ്ങളുമായി നടക്കുന്ന വസീം സാക്കിന് നേപ്പാളിലെ അന്നപൂർണ മലനിരകളിൽ 21 ദിവസത്തെ ദുർഘടമായ ട്രക്കിംഗ് നടത്തിയ പരിചയ സമ്പത്തുണ്ട്. കണ്ണൂർ മാടായി സ്വദേശിയായ ലിയാഖത്തിന്റെ മകനാണ് മഫൂസ്. മാടായി സ്വദേശി തന്നെയായ മുഹമ്മദ് സക്കരിയുടെ മകനാണ് വസീം സാക്ക്. മൂന്ന് കാറുകളിലായി സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ ഒരു കൂട്ടായ്മയും ഇവരുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്.
അനസ് തൈവളപ്പിൽ, സുനീർ പരീദ്, അബ്ദുൽ നിസ്സാർ, സുധീർ, മുജീബ് തേനിശ്ശേരി കണ്ടി, റഹീസ് അക്കരമ്മൽ, റമീസ് അക്കരമ്മൽ എന്നിവരാണ് ആ സഞ്ചാരികൾ.എന്നാൽ മുഴു നീളെ ഇവരുടെ കൂടെ ഇല്ലാത്ത അവർ ചൈനയിൽ വെച്ച് വേറെ പ്ലാനും റൂട്ടുമായി പിരിയും.