ഹെൽമറ്റിനാലൊരു സ്നേഹമതിൽ
text_fieldsമത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പും ഇടവേളകളിലും സ്റ്റേഡിയം ഗേറ്റുകളുടെ ഇടനാഴികളിലൂടെ വെറുതെ ഒന്ന് നടക്കുക എന്നുള്ളത് എന്റെ ലോകകപ്പ് യാത്ര തുടങ്ങിയത് മുതലുള്ള ഒരു ഹോബിയാണ്. നമ്മുടെ കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഉദ്ഘാടന സീസൺ സമയത്ത് മാച്ച് കോഓഡിനേറ്റർ ബാർബഡോസ് കാരൻ പോൾ സ്കിന്നറോടൊത്ത് ഒരു പാട് തവണ നമ്മുടെ അന്താരാഷ്ട്ര സ്റ്റേഡിയം വലയം വെച്ചത് പലപ്പോഴും ഓർമ്മ വരും. പക്ഷേ നമ്മുടെ കാഴ്ചപ്പാടിനും പരിമിതികൾക്കുമപ്പുറമാണ് ഭൂഖണ്ഡങ്ങൾക്കിപ്പുറമുള്ള ഇത്തരം കളി മൈതാനങ്ങൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത്തരം മൈതാനങ്ങളും സംവിധാനങ്ങളും നമുക്ക് ഒരു വിദൂര സ്വപ്നമായി നില നിൽക്കുന്നു.
കുറേ മുന്നോട്ട് സ്റ്റേഡിയം ഇടനാഴിയിലൂടെ നീങ്ങിയപ്പോൾ ഒരു വലിയ ചുമർ നിറയെ ഹെൽമറ്റുകൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്നത് കണ്ടു. കുറെ ആളുകൾ അതിനടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നു. എന്താണെന്നുള്ള കൗതുകത്തിന് കുറെ സമയം അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു. ഇത് ഇവിടത്തെ അതായത് അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിനുള്ളിൽ ഒരുക്കിയിരിക്കുന്ന GHSA ഹെൽമറ്റ് കലക്ഷൻ (Helmet Wall) ആണ്. ജോർജിയയിലെ കായികപ്രേമികൾക്കിടയിൽ വളരെ പ്രശസ്തമായ ഒരു സംഭവം തന്നെ ആണ് ഈ ഹെൽമറ്റ് മതിൽ. വലിയ പാരമ്പര്യത്തിന്റെ തുടർച്ചയായി ജോർജിയയിലെ ഹൈസ്കൂൾ ഫുട്ബാൾ ചരിത്രത്തോടുള്ള ആദരസൂചകമായാണ് ഈ മതിൽ നിർമിച്ചിരിക്കുന്നത്. അറ്റ്ലാന്റ ഫാൽക്കൺസിന്റെ പഴയ ഹോം ഗ്രൗണ്ടായിരുന്ന 'ജോർജിയ ഡോമിൽ' ആരംഭിച്ച ഈ ഹെൽമെറ്റ് പ്രദർശന പാരമ്പര്യം, പുതിയ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം നിർമിച്ചപ്പോഴും കൂടുതൽ മനോഹരമായി നിലനിർത്തുകയായിരുന്നു ഇവർ.
ഫോട്ടോ എടുത്തു കൊണ്ടിരുന്ന രണ്ടു പേർ വിശദമായി ഉച്ചത്തിൽ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു.. അല്ലെങ്കിലും നമ്മൾ എന്തെങ്കിലും സംശയം ചോദിച്ചാൽ വളരെ വിശദമായ മറുപടി ഇവിടത്തെ ഒരു രീതിയാണ് എന്ന് മനസ്സിലായി. സ്ഥലത്തെ എല്ലാ സ്കൂളുകൾക്കും പ്രാതിനിധ്യമുള്ള ഈ മതിൽ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ 100-ലെവൽ കോൺകോഴ്സിൽ (സെക്ഷൻ 130-ന് അടുത്ത്) ആയിട്ടാണ് ഭീമാകാരമായ രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നത്. ജോർജിയ ഹൈസ്കൂൾ അസോസിയേഷന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ഹൈസ്കൂൾ ഫുട്ബാൾ ടീമുകളുടെയും ഹെൽമെറ്റുകൾ ഈ ഭിത്തിയിൽ കൃത്യമായി അക്ഷരമാലാക്രമത്തിൽ നിരത്തിവെച്ചിട്ടുണ്ട്. സ്റ്റേഡിയം സന്ദർശിക്കുന്ന ആരാധകർ സ്വന്തം സ്കൂളിന്റെ ഹെൽമറ്റ് എവിടെയാണെന്ന് തെരയുന്നതും അതിനൊപ്പം ചിത്രങ്ങൾ എടുക്കുന്നതും ഇവിടത്തെ ഒരു പ്രധാന ആചാരമാണ് എന്ന് തോന്നുന്നു.
ഏറ്റവും അതിശപ്പെടുത്തിയ മറ്റൊരു കാര്യം ഈ ഹെൽമറ്റ് മതിലിനോട് ചേർന്ന് "HOMEGROWN LEGENDS" എന്ന പേരിൽ ഒരു പ്രത്യേക പ്രദർശന വിഭാഗമുണ്ട്. ജോർജിയയിലെ ഹൈസ്കൂളുകളിൽ കളിച്ച് വളർന്ന് പിന്നീട് എൻ.എഫ്.എൽ പോലുള്ള വലിയ വേദികളിൽ ഇതിഹാസങ്ങളായി മാറിയ കായികതാരങ്ങളെ ആദരിക്കാനാണ് ഇത് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത കളിക്കാരുടെ ട്രോഫികളും മറ്റ് അപൂർവ്വ സ്പോർട്സ് വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു എന്ന് മാത്രമല്ല ഈ പ്രദർശനത്തിന്റെ വലതുവശത്തായി കാണുന്ന "ONE VOICE" എന്ന വലിയ ബോർഡ് വെറുമൊരു എഴുത്തല്ല. ജോർജിയയിലെ വിവിധ ഹൈസ്കൂൾ കളിക്കാരുടെ ഏകദേശം 8,000-ത്തോളം ഷൂ ലൈസുകൾ കോർത്തിണക്കി നിർമ്മിച്ച വളരെ സവിശേഷമായ ഒരു കലാരൂപമാണത്. ചുരുക്കത്തിൽ, ജോർജിയ സംസ്ഥാനത്തിന്റെ കായിക സംസ്കാരവും ഹൈസ്കൂൾ ഫുട്ബോളിനോടുള്ള അവിടുത്തെ ജനങ്ങളുടെ ആവേശവും വിളിച്ചോതുന്ന മനോഹരമായ സ്മാരകമാണ് മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ ഈ ഹെൽമെറ്റ് മതിൽ.


