ആന്ദ്രേ ബർഗീൽ എവറസ്റ്റിലെ മഹാത്ഭുതം
text_fieldsആന്ദ്രേ ബർഗീൽ സ്കേറ്റിങ്ങിനിടെ
സഞ്ചാരികൾക്ക് എവറസ്റ്റ് എന്നും ഒരു സ്വപ്നംതന്നെയാണ്. എന്നാൽ, ഒരേസമയം ഭംഗിയും ഭീഷണിയും നിറഞ്ഞതാണ് ഇവിടം. കഠിനമായ തണുപ്പുതന്നെയാണ് അതിന് പ്രധാന കാരണവും. എവറസ്റ്റ് യാത്രക്കിടെ എത്രയോ പർവതാരോഹകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ സ്ഥലംകൂടിയാണ് എവറസ്റ്റ്.
എന്നാൽ, ഈ എവറസ്റ്റിൽ ഓക്സിജൻ ടാങ്ക് സഹായംപോലുമില്ലാതെ സ്കീയിങ് നടത്തി ലോക റെക്കോഡിട്ടിരിക്കുകയാണ് ഒരു യുവാവ്. പേര് ആന്ദ്രേ ബർഗീൽ, പോളിഷ് പർവതാരോഹകൻ. വയസ്സ് 37. ഇതുവരെ ആരും ശ്രമിച്ചുനോക്കാത്ത ഈ ഉദ്യമത്തിന് മുതിർന്ന ബർഗീലിനെ ആശംസകൾകൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങളും യാത്രാ പ്രേമികളും.
8849 മീറ്റർ അതായത് 29,032 അടി ഉയരമുണ്ട് എവറസ്റ്റിന്. എവറസ്റ്റ് കയറ്റം അതികഠിനമാണ്. ഓക്സിജൻ ടാങ്കുകൾ ഉപയോഗിക്കാതെ എവറസ്റ്റിൽ വളരെ കുറച്ചുപേർമാത്രമാണ് ഇതിനകം കയറിയിരിക്കുന്നത്. എന്നാൽ, അതിലും അത്ഭുതം കൃത്രിമ ഓക്സിജന്റെ സഹായമില്ലാതെ കൊടുമുടിയിൽനിന്ന് താഴേക്ക് സ്കീയിങ് നടത്തി എന്നതാണ്.
എവറസ്റ്റിന്റെ ‘ഡെത്ത് സോൺ’ എന്നറിയപ്പെടുന്ന 8000 മീറ്ററിന് മുകളിലുള്ള പ്രദേശത്തുനിന്നായിരുന്നു ബർഗീലിന്റെ പ്രകടനം. ഇവിടെ സമുദ്രനിരപ്പിലുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഓക്സിജന്റെ അളവ്. ഓക്സിജൻ ലഭിക്കാതെ എത്രയോ മരണങ്ങൾ നടന്ന ഈ ഇടത്തിന് ആ പേരുവരുന്നതും അങ്ങനെയാണ്. കൊടുമുടി കയറാൻ പരിശീലനം ലഭിച്ചവർപോലും തളർന്നുപോകുന്ന ഇടമാണത്.
മൈനസ് 40 ഡിഗ്രി വരെ താപനില താഴുന്ന ഈ സ്ഥലത്ത് ഓക്സിജൻ ടാങ്ക് ഉപയോഗിച്ചാലും അസ്വസ്ഥതകൾ സാധാരണമാണ്. ഓക്സിജൻ ഇല്ലാതെ അതിജീവിക്കാൻ അധികസമയം സാധ്യമാകാത്ത ഇടം. ഇവിടെയാണ് ബർഗീൽ 16 മണിക്കൂറോളം ചെലവഴിച്ച് സ്കീയിങ് നടത്തിയത്. ഐസ് നിറഞ്ഞ, കുത്തനെയുള്ള എവറസ്റ്റ് ചെരിവുകളിൽ സ്കീയിങ് എളുപ്പമല്ല. ആദ്യം ഓക്സിജൻ ടാങ്കില്ലാതെ കൊടുമുടിയിലേക്ക്. അതിനുതന്നെ ബർഗീൽ എടുത്ത പരിശ്രമം ചെറുതാകില്ല. വൈകാതെതന്നെ സ്കീയിങ്ങും. എവറസ്റ്റ് കൊടുമുടിയിൽനിന്ന് മുമ്പും പലരും സ്കീയിങ് നടത്തിയിട്ടുണ്ട്. പക്ഷേ ഓക്സിജൻ ടാങ്കുകൾ ഉണ്ടായിരുന്നു എന്നുമാത്രം.
എവറസ്റ്റിൽ കയറി കൃത്രിമ ഓക്സിജൻ ഉപയോഗിക്കാതെ സ്കീയിങ് നടത്തിയതിന്റെ ലോക റെക്കോർഡ് മാത്രമല്ല ബർഗീലിന്റെ പേരിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2വിൽ ഓക്സിജൻ ഇല്ലാതെ സ്കീയിങ് നടത്തിയ ഏക വ്യക്തിയും ബർഗീൽ തന്നെ.