മരുഭൂമിയിലെ ബാബരി തൂണുകൾ
text_fieldsഖത്തറിലെ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയം
പുരാതന കാറുകളും കാർപ്പറ്റുകളും കാണാമെന്ന പ്രതീക്ഷയോടെയാണ് ഖത്തറിലെ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയത്തിൽ പ്രവേശിച്ചത്. അപ്പോഴാണ് ബാബരി മസ്ജിദിലെ മനോഹര ചിത്രപ്പണികളുള്ള സ്തംഭങ്ങൾ തൊട്ടുമുന്നിൽ തിളങ്ങി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. അവിചാരിതവും ആകർഷകവുമായ ആ കാഴ്ചയിൽ ഞാൻ സ്തബ്ധനായി. ഒന്ന് തൊട്ടുനോക്കി; മിഥ്യയല്ല, സത്യംതന്നെ. ചരിത്രയാത്ര പൂർത്തിയാക്കി, ഈ പുരാതന തച്ചുശിൽപങ്ങൾ അറേബ്യൻ മരുഭൂവിൽ എത്തിച്ചേർന്നിരിക്കുന്നു. എന്ത് കഥയാകും ഈ സ്തംഭങ്ങൾ സന്ദർശകരോട് പറയുന്നത്!

ചരിത്രത്തിന്റെ സാക്ഷ്യം
വിവരണപ്പലക പറയുന്നു; ‘വടക്കേ ഇന്ത്യയിലെ ബാബരി മസ്ജിദിന്റെ മേൽക്കൂര താങ്ങിയിരുന്നത് ഈ ഒന്നോടൊന്ന് ചേർന്ന സ്തംഭങ്ങളാണ്. മേൽക്കൂരക്ക് താങ്ങായി അവ മസ്ജിദിനുള്ളിൽ അതിസുന്ദരമായി നിലകൊണ്ടു. ഇറാനിയൻ, ഇസ്ലാമിക കലാരീതികളെ ഹിന്ദു കലാരൂപങ്ങളുമായി കൂട്ടിച്ചേർത്താണ് ഈ തൂണുകൾ നിർമിച്ചിരിക്കുന്നത്. തച്ചുശാസ്ത്ര-കരകൗശല വിദഗ്ധർ ചന്ദനം, തേക്ക്, റോസ് വുഡ് എന്നിവയിൽ ജ്യാമിതീയ അലങ്കാരങ്ങളും രൂപങ്ങളും വൈദഗ്ധ്യത്തോടെ കൊത്തിയിട്ടുണ്ട്.’
കാലത്തെ മറികടക്കുന്ന കല
സ്തംഭങ്ങളുടെ മുന്നിൽ ഞാൻ ചിന്തയിൽ മുഴുകി. നാലുനൂറ്റാണ്ടിലേറെ പള്ളിയുടെ മേൽക്കൂര താങ്ങിയ തൂണുകൾ. അവയുടെ ഓരത്ത് ഇരുന്ന് എത്രപേർ പ്രാർഥിച്ചിട്ടുണ്ടാവും? ഓരോ ചിത്രപ്പണിയിലെയും കൊത്തുപണികൾ, അവ കൊത്തിയ വിദഗ്ധർ, ഒടുവിൽ അവ തകർത്ത കരങ്ങൾ... ഈ ചരിത്രസാക്ഷ്യം എങ്ങനെ ഇവിടെയെത്തി? നിലംപൊത്തിയ കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുത്തിയതാണോ വ്യാപാരത്തിലൂടെ ലഭിച്ചതോ ശേഖരക്കാരുടെ കൈവശം എത്തിച്ചേർന്നതാണോ അതോ ആ ലഹളക്കിടയിൽ ആരെങ്കിലും കട്ടുകടത്തി വിറ്റതാണോ? ആലോചനകൾ പലവഴി പറന്നു. എന്തായാലും, കടലും മഹാദ്വീപുകളും കടന്ന് ഇവിടെയെത്തിയ ഈ ചരിത്രരേഖകൾ മ്യൂസിയത്തിന് പ്രൗഢി കൂട്ടുന്നു. ഇവിടെ ഇവ രാഷ്ട്രീയ വിവാദത്തിന്റെ അവശിഷ്ടങ്ങളല്ല, മറിച്ച് തടി വാസ്തുവിദ്യയുടെ മാസ്റ്റർപീസുകളാണ്. ഇന്ത്യൻ വാതിലുകൾ, യമനി പലകകൾ, സാൻസിബാരി തച്ചുശിൽപങ്ങൾ, അറബി കലിഗ്രഫി കൊത്തിവെച്ച തൂണുകൾ എന്നിവക്കിടയിലാണ് ഇവയുടെ സ്ഥാനം.
കോട്ടപോലെ തോന്നുന്ന മ്യൂസിയത്തിന്റെ മാളികകളിലൂടെ നടക്കുമ്പോൾ, വെളിച്ചത്തിന്റെ നിഴലുകൾ ശിൽപങ്ങളിൽ വീഴുന്ന രീതി ശ്രദ്ധേയമാണ്. ചെറുപ്രകാശത്തിൽ കുളിച്ച സ്തംഭങ്ങൾ, ഒരുപക്ഷേ ഞങ്ങളോട് സംസാരിക്കുകയാണ്, കരകൗശലക്കാരുടെ ക്ഷമയെക്കുറിച്ചും രാഷ്ട്രീയ പ്രക്ഷോഭങ്ങളെക്കുറിച്ചും ചരിത്ര സ്മരണകളെക്കുറിച്ചും.

പൈതൃകത്തിന്റെ പ്രതീക്ഷ
ഈ പുരാവസ്തുക്കൾ എങ്ങനെ ഖത്തറിലെത്തി എന്നത് ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അത് രഹസ്യമായിത്തന്നെ തുടരുന്നു. നൂറ്റാണ്ടുകൾ വസിച്ച ജന്മദേശത്തുനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി, അതിർത്തികൾ കടന്ന് ചരിത്രഭാരം പേറി ഈ സ്തംഭങ്ങൾ ഖത്തറിലിരുന്ന് കഥപറയുകയാണിപ്പോൾ. ബാബരി മസ്ജിദിന്റെ ഭൗതിക അവശിഷ്ടങ്ങൾ ഇന്ന് വിരളമാണ്. അതുകൊണ്ടുതന്നെ, ഈ ശിൽപങ്ങൾ യഥാർഥമാണെങ്കിൽ ഒരു ഭൂതകാലത്തിന്റെ അപൂർവ സാക്ഷ്യങ്ങൾതന്നെയാണ്.
ഖത്തർ രാജകുടുംബത്തിലെ പ്രമുഖ അംഗവും രാജ്യത്തെ ഏറ്റവും ധനികരിലൊരാളുമായ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി 1998ൽ സ്ഥാപിച്ച ഈ മ്യൂസിയവും ഒരത്ഭുതമാണ്. പാരമ്പര്യ-പൈതൃക സംരക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ ആഗാധ താൽപര്യം മ്യൂസിയത്തിന്റെ മൂക്കുമൂലകളിലൊക്കെ വ്യക്തമാണ്. 5,30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയത്തിൽ ജുറാസിക് യുഗത്തിലെ ഫോസിലുകൾ മുതൽ പുരാതന കാറുകൾ, കൈയെഴുത്ത് ഗ്രന്ഥങ്ങൾ, നേർത്ത ശിൽപങ്ങളുള്ള ടെക്സ്റ്റൈലുകൾ വരെ 30,000ത്തോളം പുരാവസ്തുക്കളുണ്ട്. യമനി പലകകൾ മുതൽ ഇന്ത്യൻ വാതിലുകൾ വരെ, കരകൗശലത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കഥ നിറഞ്ഞാടുകയാണ്.
ശൈഖ് ഫൈസൽ മ്യൂസിയത്തിലെ സ്തംഭങ്ങൾ കാണിക്കുന്നത് ചരിത്രം എങ്ങനെ സഞ്ചരിക്കുന്നു, കല എങ്ങനെ നിലനിൽക്കുന്നു, ഓർമകൾ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതാണ്. സന്ദർശകർ വായിക്കാൻ കാത്തിരിക്കുന്ന ശബ്ദമില്ലാത്ത ഒരു കഥ. അവ നഷ്ടമായ മസ്ജിദിന്റെ അവശിഷ്ടങ്ങൾ മാത്രമല്ല, ചരിത്രത്തിന്റെയും കലയുടെയും സ്മരണയുടെയും മൂർത്തരൂപങ്ങൾകൂടിയാണ്.
.


