ഗ്ലോബൽ വില്ലേജ് വി.ഐ.പി ടിക്കറ്റുകൾ 27മുതൽ
text_fieldsദുബൈ: ഗ്ലോബൽ വില്ലേജിന്റെ 30ാം സീസൻ വി.ഐ.പി ടിക്കറ്റുകളുടെ വിൽപന സെപ്റ്റംബർ 27 മുതൽ ആരംഭിക്കും. 20 മുതൽ പ്രീ ബുക്കിങിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊക്കകോള അരേന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. വി.ഐ.പി നാല് വിഭാഗങ്ങളിലായാണ് ലഭ്യമാവുക. ഡയമണ്ട് പാക്കിന് 7550 ദിർഹം, പ്ലാറ്റിനം പാക്കിന് 3400 ദിർഹം, ഗോൾഡ് പാക്കിന് 2450 ദിർഹം, സിൽവർ പാക്കിന് 1800 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് 18 വയസ്സിന് മുകളിലുള്ള ആർക്കും വി.ഐ.പി പാക്ക് വാങ്ങാം.
ഗ്ലോബൽ വില്ലേജ് വേനൽക്കാലത്തെ അടച്ചിടലിന് ശേഷം ഒക്ടോബർ 15മുതലാണ് തുറക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളുടെ പവലിയനുകളും വിവിധ വിനോദ അവസരങ്ങളും ഒരുക്കുന്ന ആഗോളഗ്രാമം അടുത്തവർഷം മേയ് 10വരെ സന്ദർകരെ സ്വീകരിക്കും. യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് 30ാം വർഷത്തിലേക്ക് പ്രവവേശിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. കഴിഞ്ഞ സീസണിൽ റെക്കോഡുകൾ മറികടന്ന സന്ദർശക പ്രവാഹമാണ് രേഖപ്പെടുത്തിയിരുന്നത്. ആകെ സന്ദർശകരുടെ എണ്ണം 1.05 കോടിയാണെന്നാണ് സംഘാടകർ വെളിപ്പെടുത്തിയത്.പുതിയ സീസൺ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച എഡിഷനായാണ് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര പവലിയനുകൾ, വിവിധ രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം, സാംസ്കാരിക പരിപാടികൾ, ഷോപ്പിങ് അനുഭവം, റൈഡുകൾ, തൽസമയ വിനോദപരിപാടികൾ അടക്കമുള്ള സാധാരണ പരിപാടികൾക്കൊപ്പം അഥിതികളെ അത്ഭുതപ്പെടുത്തുന്ന മറ്റ് ആകർഷണങ്ങളും ഒരുക്കുന്നുണ്ട്.