ജെറാഷ്... മിഡിൽ ഈസ്റ്റിലെ പോംപേയി
text_fieldsഒരു പകൽ മുഴുവൻ കാണാനുള്ള കാഴ്ചകളുമുണ്ട് പെട്രയിൽ. ആരാധനാലയങ്ങളും ശവകുടീരങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുകൾ. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.പകൽ മുഴുവൻ സമ്പുഷ്ടമായ ചരിത്രക്കാഴ്ചകൾ എല്ലാം കണ്ട് തിരിച്ചുവന്ന് ഹോട്ടലിലെ കൗണ്ടറിൽ നിന്നും ബാഗ് എടുത്തു. വാച്ചിൽ സമയം 4.15 ആയിട്ടുള്ളൂ. ഇനിയും മുക്കാൽ മണിക്കൂറിനു മുകളിൽ ടൈം ഉണ്ട് ബസ്സ്സ്റ്റേഷനിൽ നിന്നും അമ്മാനിലേക്കുള്ള ബസ് പുറപ്പെടാൻ. ഹോട്ടലിൽ നിന്നും പെട്രയിലെ ബസ്സ്റ്റേഷനിലേക്ക് ഒരു അഞ്ചു മിനിറ്റ് ടാക്സി യാത്രയെ ഉള്ളൂ.
ഹോട്ടലിലെ റിസപ്ഷന് മുന്നിൽ നിരത്തിയിട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്ന് ഫോണിൽ ഇന്നത്തെ കാഴ്ചകൾ സ്റ്റാറ്റസ് ഇട്ടു വെറുപ്പിച്ചേക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് സുന്ദരിയായ ജോർദാനി റിസപ്ഷനിസ്റ്റ് എന്നോട് ചോദിച്ചത്, താങ്കൾക്കുള്ള ബസ് എപ്പോഴാണ്? അഞ്ചുമണി... ഞാൻ പറഞ്ഞു.സമയം ഇപ്പോൾ അഞ്ചരയായി...റിസപ്ഷനിസ്റ്റ് പറഞ്ഞു. ഇല്ല .ഇപ്പോൾ നാലര അല്ലെ ആയുള്ളൂ ...എന്റെ വാച്ചിൽ നോക്കി ഞാൻ പറഞ്ഞു. അല്ല, ഇന്നലെ രാത്രി ഒരുമണിക്ക് ജോർദാനിലെ ക്ലോക്കുകൾ സമയം ഒരു മണിക്കൂർ മുന്നോട്ടു ആക്കി വയ്ക്കുന്ന ദിവസം ആയിരുന്നു.
അതുകൊണ്ട് ഇന്നലത്തെക്കാൾ ഒരു മണിക്കൂർ മുന്നിലാണ് ഇന്നത്തെ സമയം. താങ്കളുടെ ബസ് ഇപ്പോൾ പോയി കഴിഞ്ഞിരിക്കും.....റിസിപ്ഷനിസ്റ്റ് പറഞ്ഞു നിറുത്തിയെങ്കിലും വേഗം തന്നെ ബാഗും എടുത്തു ബസ്സ്റ്റേഷനിലേക്കു ഓടി. ഡേലൈറ്റ് സേവിങ്ങിന്റെ ഭാഗമായി സമയം അഡ്ജസ്റ്റ് ചെയ്യുന്ന ദിവസമയത് കൊണ്ട് ബസ് ലേറ്റ് ആയിട്ടു പുറപ്പെട്ടത് ഏതായാലും ഭാഗ്യമായി. ബസിൽ കയറി അമ്മാനിലേക്കുള്ള യാത്ര ആരംഭിച്ചു.
ബസ്സിൽ ഇരിക്കവേ ഞാൻ ചിന്തിച്ചത് മറ്റൊന്നാണ്. ഭൂമധ്യരേഖയ്ക്ക് അടുത്ത് താമസിക്കുന്ന നമുക്കൊന്നും സത്യത്തിൽ ഇത്തരത്തിലുള്ള സമയക്രമീകരണം ബാധിക്കാറേയില്ലല്ലോ. ഋതുക്കൾ നമുക്ക് പാഠപുസ്തകത്തിൽ പഠിക്കുന്ന കാലങ്ങൾ എന്നതിനപ്പുറത്ത് പ്രകടമായ ഒരു വ്യത്യാസവും പ്രകൃതിയിൽ അനുഭവിക്കാറില്ലല്ലോ. എത്ര ഭാഗ്യവാന്മാരാണ് നമ്മളെല്ലാം!ഏതാണ്ട് 250 കിലോമീറ്റർ ഓടി ബസ് തലസ്ഥാനത്ത് എത്തിയപ്പോഴേക്കും രാത്രിക്ക് ഘനം കൂടിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അമ്മാനിലും പരിസരത്തുമുള്ള നിരവധി കാഴ്ചകളിലേക്ക് പോയി.അമ്മാനിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം തെക്കുപടിഞ്ഞാറു മാറി ചാവുകടൽ പുതിയൊരു അനുഭവമായിരുന്നു.
ചാവുകടൽ എന്ന പേര് അന്വർത്ഥമാക്കാൻ തക്കവണ്ണം ധാരാളം ലവണകളാൽ സമൃദ്ധമായ ആ സമുദ്രത്തിൽ സസ്യങ്ങൾക്കോ ജീവികൾക്കോ ജീവിക്കാൻ സാധ്യമല്ലെങ്കിലും, കടലിൽ ഇറങ്ങുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോകാതെ പൊങ്ങികിടക്കാൻ കഴിയുന്നത് കൗതുകം നിറഞ്ഞൊരു എക്സ്പീരിയൻസ് ആയിരുന്നു. അടുത്ത ദിവസങ്ങളിൽ ചരിത്രശേഷിപ്പുകൾ കൊണ്ട് സമ്പുഷ്ടമായ അമ്മാൻ സിറ്റാഡൽ, റോമൻ തിയേറ്റർ തുടങ്ങിയ സ്ഥലങ്ങിലേക്കു പോയി. അമ്മാന്റെ നഗരമധ്യത്തിൽ ആണെങ്കിലും ഇവയെല്ലാം പ്രാധാന്യത്തോടെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു.
മിഡിൽ ഈസ്റ്റിലെ പോംപേയി എന്നറിയപ്പെടുന്ന വടക്കൻ ജോർദാനിലെ ഒരു നഗരമാണ് ജെറാഷ്. അമ്മാനിൽ നിന്ന് ഏതാണ്ട് 50 കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. അങ്ങോട്ടുള്ള യാത്രയും അതീവ ഹൃദ്യമായിരുന്നു. ജെറാഷ് ഇന്ന് മികച്ച രീതിയിൽ സംരക്ഷിക്കുന്ന പുരാതന ഗ്രീക്കോ-റോമൻ നഗരങ്ങളിൽ ഒന്നാണ്. ചരിത്ര കാഴ്ചകളിലൂടെ നടന്നു അമ്മാനിലെ ദിവസങ്ങൾ പോയതറിഞ്ഞില്ല. തിരിച്ചു പോരാനുള്ള ദിവസം അജ്ലോൺ കാസിലും മൗണ്ട് നെബോയും സന്ദർശിച്ച് രാത്രിയോടെ അമ്മാനിലെ ക്വീൻ ആലിയ ഇന്റർനാഷണൽ എയർപോർട്ടിലേക്കു തിരിച്ചു. ആധുനിക പളപളപ്പൻ കാഴ്ചകളേക്കാൾ ചരിത്രത്തെ ഇഷ്ടപ്പെടുന്നവർക്ക് പറുദീസയായ ജോർദാനിൽ നിന്നും പാതിരാവോടെ മടക്കയാത്ര ആരംഭിച്ചു.


