മാങ്കുളം; സഞ്ചാരികളുടെ ഇഷ്ടഭൂമി
text_fieldsമാങ്കുളം പഞ്ചായത്തിലെ പുഴകളിൽ ഒന്ന്
അടിമാലി: അടുത്തകാലം വരെ അടിസ്ഥാന ജീവിത സൗകര്യങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ടുകിടന്ന മാങ്കുളം സഞ്ചാരികളുടെ ഇഷ്ടഭൂമിയാണിന്ന്. വെളളച്ചാട്ടങ്ങളും സാഹസികത നിറഞ്ഞ ട്രക്കിങ് കേന്ദ്രങ്ങളും പുഴകളും അരുവികളും ഭൂ പ്രകൃതിയുമാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയാക്കി മാറ്റുന്നത്.
നാല് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മാങ്കുളം മൂന്നാറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്.സുന്ദരമായ ഭൂപ്രകൃതിയാണ് മൂന്നാറിലെത്തുന്ന സഞ്ചാരികളെ മാങ്കുളത്തേക്ക് ആകര്‍ഷിക്കുന്നത്. ഇതോടെ ഓരോ സീസണിലും ഇവിടെയെത്തുന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ്.
കുഗ്രാമത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്
രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മാങ്കുളം കുഗ്രാമമായാണ് അറിയപ്പെട്ടിരുന്നത്.2001 ല്‍ മൂന്നാര്‍ പഞ്ചായത്തിനെ വിഭജിച്ച് മാങ്കുളം പഞ്ചായത്ത് രൂപവത്കരിച്ചതോടെയാണ് ഇവിടെ വികസന പാതയിലെത്തിയത്. മൂന്നാറിന്റെ ഭൂരിഭാഗം സ്ഥലങ്ങളും മാങ്കുളം വരെയുളള പ്രദേശങ്ങളും നേരത്തെ തേയിലത്തോട്ടങ്ങളായി മാറിയിരുന്നു.
എന്നാല്‍ മാങ്കുളം മുതല്‍ ആനകുളം വരെയുളള പ്രദേശത്തെ ചൂടുളള കാലാവസ്ഥ റബര്‍ കൃഷിക്ക് അനുകൂലമായതിനാല്‍ ആദ്യമായി റബര്‍ കൃഷി ഇറക്കിയതും ഇവിടെയാണ്.ഇതോടെയാണ് മാങ്കുളം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.1965 മുതല്‍ ഇവിടെ കര്‍ഷകരെത്തി.കണ്ണന് ദേവന് കമ്പനിയില്‍ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി 1980 ല്‍ 1200 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തതോടെ ജനവാസ മേഖലയായി ഇവിടം വളരുകയായിരുന്നു.
എത്തുന്നത് ആയിരങ്ങൾ
ഇവിടത്തെ മൊത്തം ജനസംഖ്യയില്‍ 22 ശതമാനം ആദിവാസികളാണ്. ഇത് കാരണം ആദിവാസികളുടെ ജീവീതരീതിയും ഭക്ഷണം ഉല്‍പ്പെടെയുളള കാര്യങ്ങളും മനസിലാക്കുന്നതിനായി വിദേശികളടക്കമുളളവര് ഇവിടെയെത്തുന്നു.14 ആദിവാസി സങ്കേതങ്ങളാണ് ഇവിടെ ഉളളത്.
123 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ച് കിടക്കുന്ന മാങ്കുളത്തെ, കരിന്തിരി,നല്ലതണ്ണി,മേനാച്ചേരി പുഴകളാണ് സുന്ദരിയാക്കുന്നത്.വനത്തില്‍ നിന്ന് ഉത്ഭവിച്ച് പെരിയാറിലാണ് ഈ പുഴകൾ എത്തിച്ചേരുന്നത്.നക്ഷത്രകുത്ത്,പെരുമ്പന്‍കുത്ത്,കോഴിവാലന്‍കുത്ത്, 33 വെളളച്ചാട്ടം ,ചിന്നാര്‍കുത്ത് ഉൾപ്പടെ 11 അതിമനോഹര വെളളച്ചാട്ടങ്ങളാണ് മറ്റൊരു പ്രത്യേകത.നാല് വശവും വനത്താല്‍ ചുറ്റപ്പെട്ട,അനധികൃത നിര്‍മാണങ്ങളോ മാലിന്യമോ ഇല്ലാത്ത പ്രദേശം, ശുദ്ധജലവും മലിനമാകാത്ത വായുവുളള പ്രദേശം, രാജ്യത്തെ ആദ്യ ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് വില്ലേജ് എന്നിവയും ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്.
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത പഞ്ചായത്തെന്ന സവിശേഷതയും മാങ്കുളത്തിനുണ്ട്.നാല് മണിക്കൂറിലധികം വനത്തിലൂടെ സാഹസിക ട്രക്കിങ്,ഡീപ്പ് ഫോറസ്റ്റ് ട്രക്കിങ്,ഏക്കോ ടൂറിസം ,കാട്ടാനകളുടെ വിഹാര കേന്ദ്രമായ ആനകുളം എന്നിവയാണ് മാങ്കുളത്തിന്റെ ആകർഷണങ്ങൾ