Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightചരിത്രസ്മാരകങ്ങളല്ല,...

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം 'രുചി തേടിയുള്ള തീർഥാടകർ'

text_fields
bookmark_border
ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക്  ഒഴുകുന്നത് പുതിയ തരം രുചി തേടിയുള്ള തീർഥാടകർ
cancel

ഹൈദരാബാദ്: ചാർമിനാറും സലാർജങ് മ്യൂസിയവും കാണാൻ ഹൈദരാബാദിലേക്ക് വിമാനം കയറുന്ന കാലം കഴിയുന്നു. പകരം, നല്ല ഒന്നാന്തരം ഹൈദരാബാദി ദം ബിരിയാണിയും ഇറാനി ചായയും ലക്ഷ്യമിട്ട് മാത്രം നഗരത്തിലെത്തുന്ന പുതിയൊരു തരം സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ ഹൈദരാബാദിൽ. ഇന്ന് യൂട്യൂബിലോ ഇൻസ്റ്റാഗ്രാമിലോ ഹൈദരാബാദിനെക്കുറിച്ച് തിരഞ്ഞാൽ സ്ക്രീനിൽ നിറയുന്നത് ചരിത്ര സ്മാരകങ്ങളല്ല, മറിച്ച് ജൂബിലി ഹിൽസിലെ കഫേകളിലെ വിഭവങ്ങളുടെ മനോഹര ദൃശ്യങ്ങളാണ്. 'ഭക്ഷണത്തിന് വേണ്ടിയുള്ള തീർഥാടനം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുതിയ ട്രൻഡ് ഹൈദരാബാദിന്റെ ടൂറിസത്തെ തന്നെ മാറ്റിമറിക്കുകയാണ്.

മുമ്പ് വിനോദസഞ്ചാരികൾ നഗരത്തിലെ കെട്ടിടങ്ങൾക്കും ചരിത്ര സ്മാരകങ്ങൾക്കും മുന്നിൽനിന്ന് ഫോട്ടോ എടുത്തിരുന്നെങ്കിൽ, ഇന്നത്തെ സഞ്ചാരികൾക്ക് പ്രിയം ആവി പറക്കുന്ന ബിരിയാണിയുടെയും ബൺ മസ്കയുടെയും എച്ച്.ഡി വിഡിയോകൾക്കാണ്. ഹൈദരാബാദിലെ തെരുവുകളെ ഒരു വലിയ ബുഫെ കൗണ്ടർ പോലെയാണ് ഇവർ കാണുന്നത്. ഇവിടുത്തെ പഴയ ഭക്ഷണശാലകൾ ഇവർക്ക് വെറും ഹോട്ടലുകളല്ല, മറിച്ച് സന്ദർശിച്ചിരിക്കേണ്ട പുണ്യസ്ഥലങ്ങൾ പോലെയാണ്. നഗരത്തിന്റെ കാഴ്ചകളല്ല, അതിന്റെ രുചിയാണ് ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഈ നഗരത്തിലേക്ക് ആകർഷിപ്പിക്കുന്നത്.

സാധാരണ ഫുഡ് വ്ലോഗർമാരും ലോകത്ത് ശ്രദ്ധേയരായ ഇൻഫ്ലുവൻസറുകളും ഹൈദരാബാദിന്റെ രുചിയിൽ ആകൃഷ്ടരായി എത്തുന്നുണ്ട്. ദുബൈയിൽ നിന്നുള്ള പ്രശസ്ത ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി, ഹൈദരാബാദിലെ ഏറ്റവും മികച്ച ബിരിയാണി തേടി നടത്തിയ 72 മണിക്കൂർ യാത്രയും റംസാൻ കാലത്തെ ഭക്ഷണ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നടൻ ആശിഷ് വിദ്യർഥിയും നഗരത്തിലെ ഐക്കണിക് സ്പോട്ടുകളിൽ പുലർച്ചയുള്ള ചായയും നഹാരിയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

വലിയ താരങ്ങൾ മാത്രമല്ല,സാധാരണക്കാരായ സഞ്ചാരികളും ഇൻസ്റ്റാഗ്രാമിലെ കൊച്ചു കൊച്ചു ക്രിയേറ്റർമാരും ഇപ്പോൾ ഹൈദരാബാദിൽ ലക്ഷ്യം വെക്കുന്നത് ഇവിടുത്തെ ഭക്ഷണമാണ്. നിംറയിലെ പുലർച്ചയുള്ള ഇറാനി ചായയും, നഗരത്തിലെ മികച്ച ബിരിയാണി ഏതാണെന്നുള്ള തർക്കങ്ങളും ഇവരുടെ സ്ഥിരം പരിപാടികളായി മാറിക്കഴിഞ്ഞു. വലിയ പ്ലാറ്റ്‌ഫോമുകളൊന്നും വേണ്ട, നല്ല വിശപ്പും ഹൈദരാബാദിൽ എത്താനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഈ രുചി ലോകത്തെ പ്രണയിക്കാം എന്നതാണ് സമൂഹമാധ്യമങ്ങളിലെ സന്ദേശം.

Show Full Article
TAGS:Foods Tavel News Food Explore Hyderabad Instagram influencer 
News Summary - Not historical monuments, but the goal is dum biryani and Irani chai! A new breed of 'taste-seeking pilgrims' are flocking to Hyderabad
Next Story