ആവേശമായി ശൈഖ് സായിദ് ഫെസ്റ്റിവൽ വീണ്ടും
text_fieldsഅബൂദബി: അബൂദബിയെ ആനന്ദത്തില്‍ ആറാടിക്കാന്‍ വീണ്ടുമൊരു ശൈഖ് സായിദ് ഫെസ്റ്റിവലിനു കൂടി തുടക്കമായി. അല്‍ വത്ബയില് നവംബര്‍ ഒന്നിന് ആരംഭിച്ച ശൈഖ് സായിദ് ഫെസ്റ്റിവല്‍ 2026 മാര്‍ച്ച് 22 വരെ നീണ്ടുനില്‍ക്കും. നാലായിരത്തിലേറെ സാംസ്കാരിക പരിപാടികളാണ് ഫെസ്റ്റിവലിനെ സമ്പന്നമാക്കുന്നത്.
യു.എ.ഇയ്ക്കു പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുപതിനായിരത്തിലേറെ പേര് പരി
പാടികളില്‍ സംബന്ധിക്കും. ആഭ്യന്തരവും അന്തര്‍ദേശീയവുമായ എക്സിബിഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് സ്ഥാപിച്ച ദേശീയ ഐക്യത്തെയും ശാശ്വത മൂല്യങ്ങളെയും ആഘോഷിക്കുന്ന യൂനിയന്‍ പരേഡ്, 54ാമത് യു.എ.ഇ യൂനിയന്‍ ദിനാഘോഷം എന്നിവയൊക്കെ ഫെസ്റ്റിവലിന്റെ കൊഴുപ്പു കൂട്ടുന്നവയാണ്.
പായ്ക്കപ്പലോട്ട മല്‍സരം, ഫാല്കണ്റി മല്‍സരം, സായിദ് ഗ്രാന്‍ഡ് ഒട്ടകയോട്ടം, ഇമാറാത്തി പരമ്പരാഗത പാചക മല്‍സരം, റമദാന് സ്പോര്‍ട്സ് ടൂര്‍ണമെന്റ് എന്നിവയും സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ അരങ്ങേറും. കുടുംബങ്ങള്‍ക്കും അല്ലാത്തവര്‍ക്കുമായി പ്രത്യേക വിനോദ മേഖലകള്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി പ്രാദേശികവും അന്തര്‍ദേശീയവുമായ ഭോജന ശാലകളും സജ്ജീകരിച്ചിട്ടുണ്ട്. ഏഷ്യന്‍, യൂറോപ്യന്‍, ഇന്ത്യന്‍ റസ്റ്റോറന്റുകളാണ് ഫുഡ് കോര്ട്ടുകളൊരുക്കിയിരിക്കുന്നത്. അപൂര്‍വ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനവും മേളയിലുണ്ടാകും. ക്ലാസിക്, മോഡിഫൈഡ് വാഹനങ്ങളുടെ പ്രദര്‍ശനവും ഫെസ്റ്റിവലിലുണ്ട്.
പുതുവര്‍ഷത്തോടനുബന്ധിച്ച് കരിമരുന്ന് പ്രകടനവും ലേസര്‍ ഷോയും 6000 ഡ്രോണുകളുടെ ഷോയും സംഗീത പരിപാടികളുമുണ്ടാകും. വൈകീട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് സാധാരണ ദിനങ്ങളില്‍ ഫെസ്റ്റിവലില്‍ സന്ദര്‍ശനം. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലര്‍ച്ചെ ഒന്നുവരെയും സന്ദര്‍ശകരെ അനുവദിക്കും.


