സമൃദ്ധിയുടെ അഴക് വിരിച്ച് സിദ്ര്
text_fieldsയു.എ.ഇയുടെ സാംസ്ക്കാരിക പൈതൃകത്തിെൻറ ഭാഗമായ സിദ്ര് വൃക്ഷം ഇക്കുറി റെക്കോര്‍ഡ് വിളവെടുപ്പില്‍. വേര് മുതല്‍ ഇലകള്‍ വരെ ഒൗഷധ ഗുണമുള്ള സിദ്ര് വൃക്ഷത്തില്‍ നിന്ന് ഇക്കുറി കായ്കൾ (നബ്ച്ച്, നബ്ഖ, കനാര്) മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ തോതിലാണ് ലഭിച്ചതെന്ന് റാസല്‍ഖൈമയിലെ തോട്ട ഉടമ അഹമ്മദ് സാലിം അല്‍വാലി അല്‍ മസ്റൂഇ പറയുന്നു. ശൈത്യകാലം വസന്തകാലത്തെ വരവേല്‍ക്കുന്ന സമയത്താണ് നബ്ച്ച് പാകമാകുന്നത്. തദ്ദേശീയര്‍ക്കൊപ്പം ഇതര രാജ്യക്കാര്‍ക്കും ആഭ്യന്തര പഴവര്ഗകമായ കനാര് പ്രിയപ്പെട്ടതാണ്. വൃത്താകൃതിയിലും ഓവല്‍ ഷേപ്പിലും തുടങ്ങി ചെറുതും വലുതുമായ വലുപ്പത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ ഇവയുണ്ട്. സിദ്റില് നിന്ന് തേന്‍ ഉല്പാദനവും നടക്കുന്നു. ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലാണ് സിദ്ര് പുഷ്പ്പിക്കുന്നത്. ഈ സമയം തേനീച്ചകള്‍ കൂടും. ഏറെ ഡിമാൻറാണ് സിദ്ര് തേനിന്-എത്ര മാത്രമെന്നു വെച്ചാൽ ഒരു കിലോ ഗ്രാം അറബ് സിദ്ര് തേനിന് 1500 ദിര്‍ഹം വരെ വില വരും.
'കനാര് (നബ്ച്ചി) വിളഞ്ഞാല്‍, രാവും പകലും തുല്യമാണ്' എന്നത് പൂര്‍വികരുടെ വാക്കുകളാണെന്ന് ജ്യോതി ശാസ്ത്രജ്ഞനും ഗവേഷകനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടു. ഏറെ പോഷക സമ്പുഷ്ടമായ നബ്ച്ചി അറബികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വാദികളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പരിചരണമേതുമില്ലാതെയാണ് സിദ്ര് വൃക്ഷം വളരുന്നത്.
കടുത്ത ചൂടിനെ പ്രതിരോധിച്ച് ജലത്തിെൻറ അഭാവത്തിലും ഇത് വളരുന്നു. ജനുവരി - മാര്‍ച്ച് മാസങ്ങളിലാണ് ഇത് കായ്ക്കുന്നത്. മനുഷ്യ ശരീരത്തിന് ഇത് നല്കുന്ന ഗുണങ്ങളേറെ. നിര്‍ജലീകരണം ഒഴിവാക്കുന്നതിന് പുറമെ കരുത്തും ഊര്‍ജവും ഇത് നല്കുന്നു -ഇബ്രാഹിം വ്യക്തമാക്കി. സ്വര്‍ഗത്തിലെ സസ്യങ്ങളിലൊന്നായി സിദ്ര് വൃക്ഷം ഖുര്‍ആനില്‍ പരാമര്ശിക്കപ്പെടുമ്പോള് ബൈബിളില്‍ വിവരിക്കുന്ന മുള് കിരീടം ഈ വൃക്ഷത്തിെൻറ ശാഖകളില്‍ നിന്ന് നിര്‍മിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ടെന്നത് ശ്രദ്ധേയമാണ്.