ഒറ്റക്ക് യാത്രപോയാലെന്താ!
text_fieldsഅഫീദ ഷെറിൻ
യാത്രക്കിടെ
ഒറ്റക്ക് ഹിമാലയത്തിലേക്ക് യാത്ര നടത്തണം. ആ സ്വപ്നം സഫലമായ കഥ
പന്ത്രണ്ടുകാരിഅഫീദ ഷെറിൻ മണ്ണുകൊണ്ടുള്ള ഒരു ഹുണ്ടികയിൽ ചില്ലറ നാണയങ്ങൾ ഇട്ട് തുടങ്ങിയപ്പോൾ രക്ഷിതാക്കൾ കരുതിയത് കുട്ടി സമ്പാദ്യം ശീലമാക്കിത്തുടങ്ങിയെന്നാണ്. വിരുന്നുകാർ വരുമ്പോൾ നൽകുന്നതും നോമ്പിനും പെരുന്നാളിനുമൊക്കെ ലഭിക്കുന്നതുമായ ചെറിയ തുകകൾ ഹുണ്ടികയിൽ നിക്ഷേപിക്കുമ്പോഴും ആ കുഞ്ഞു മനസ്സിൽ ഹിമാലയത്തോളം വലിയൊരു സ്വപ്നമായിരുന്നു. ഒറ്റക്ക് ഹിമാലയത്തിലേക്ക് യാത്ര നടത്തണം. ഒരു ബന്ധു ഹിമാചൽ പ്രദേശിനെ കുറിച്ച് വിവരിച്ചപ്പോൾ മൺപാത്രത്തിലേക്ക് നാണയത്തുട്ടുകളും നോട്ടുകളും വീണുകൊണ്ടേയിരുന്നു. സ്വപ്നം വീട്ടുകാരോട് പങ്കുവെച്ചപ്പോൾ അവരത് തമാശയായെടുത്തു. പോകപ്പോകെ മകളുടെ ആഗ്രഹം ഗൗരവത്തിലുള്ളതാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
അഫീദ ഷെറിൻ കുടുംബത്തിനൊപ്പം
ആദ്യം കളിയാക്കി. പിന്നീട് ഒറ്റക്കുള്ള യാത്രയുടെ അപകടം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കൂട്ടുകാർ പൊട്ടത്തിപ്പെണ്ണിന്റെ പൊട്ടത്തരമായി കണ്ടു. അപ്പോഴൊക്കെ മുറിയടച്ച് അവൾ കരഞ്ഞു. ഹിമാലയത്തിലൂടെ പിറകിൽ തൂക്കിയ വലിയ ബാഗുമായി നടന്നുപോകുന്ന തന്നെ പുസ്തകത്തിന്റെ താളുകളിൽ അവൾ വരച്ചിട്ടു. അതിനടിയിൽ ഇങ്ങനെയെഴുതി, ‘എന്റെ സ്വപ്നം ഞാൻ സഫലീകരിക്കും.’ ഒമ്പതു വർഷങ്ങൾക്കിപ്പുറം അഫീദ തന്റെ സ്വപ്നത്തിലേക്ക് നടന്നടുത്തു. 20 തവണ അവൾ ചിമാചലിലേക്ക്
ഒറ്റക്ക് യാത്രചെയ്ത് കഴിഞ്ഞു. സ്വപ്നയാത്രയുടെ വഴികൾ
മലപ്പുറം മങ്കട ചേരിയത്തെ ആ പെൺകുട്ടി ഹിമാലയ യാത്രയെക്കുറിച്ച് തീരുമാനിച്ചുറപ്പിച്ചപ്പോഴേ ഒരു കാര്യവും ഉറപ്പാക്കിയിരുന്നു. യാത്രക്കായുള്ള തുകക്കായി രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കില്ലെന്ന്. പഠനാവശ്യങ്ങൾക്കും മറ്റുമായി വീട്ടിൽനിന്ന് ലഭിക്കുന്ന തുകയിൽനിന്ന് മിച്ചംവെക്കുന്ന തുക സ്വരൂപിച്ച് നിരവധി യാത്രകൾ നടത്തി. ആർക്കിടെക്ചർ പഠനം തിരഞ്ഞെടുത്തതുതന്നെ യാത്രകൾക്കുള്ള സാധ്യതകൂടി കണക്കിലെടുത്താണെന്ന് അവൾ പറയുന്നു. ഇതിനായി രണ്ടുതവണ പരീക്ഷയെഴുതി. അങ്ങനെ ഡൽഹി യൂനിവേഴ്സിറ്റിയിൽ പ്രവേശനം കിട്ടി. എല്ലാവരും സന്ദർശിക്കാനിഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒഴിവാക്കി അറിയപ്പെടാത്ത സ്ഥലങ്ങൾ കണ്ടെത്തുകയാണ് അഫീദയുടെ രീതി. മുമ്പ് നിരവധി യാത്രകൾ നടത്തിയെങ്കിലും രണ്ടു കൊല്ലത്തോളം എടുത്താണ് അഫീദ തന്റെ ഏകാന്ത യാത്ര നടത്തിയത്. മലപ്പുറത്തുനിന്ന് ഡൽഹിയിലേക്ക് ട്രെയിൻ ടിക്കറ്റെടുത്തപ്പോൾ മുതൽ അരക്ഷിതാവസ്ഥ അവളുടെ മനസ്സിനെ ബാധിച്ചു. യാത്രക്കുള്ള ദിവസം അടുക്കുന്തോറും അതേറി വന്നു. ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന തോന്നലോടെയാണ് വീട്ടിൽനിന്ന് യാത്രതിരിച്ചത്. ഡൽഹിയിലെത്തി അവിടെനിന്ന് ഹിമാചലിലേക്ക് പോവുമ്പോഴൊക്കെ മരണഭയം പിന്തുടർന്നു. ഇതിനിടെ ട്രെയിനിൽവെച്ച് ഒരു യാത്രാസംഘത്തെ പരിചയപ്പെട്ടു. അവർക്കൊപ്പം യാത്ര നടത്താമെന്ന് പറഞ്ഞു. പക്ഷേ, ഒറ്റക്ക് യാത്ര തുടരാൻ പേടിയുണ്ടെങ്കിലും ഒറ്റക്കുള്ള യാത്രക്കുതന്നെ തീരുമാനിച്ചു.
യാത്രയേല്ല, സ്വപ്നം കൂടെയുണ്ട്
റിക്കോങ് പിയോ എന്ന മലമുകളിലുള്ള പ്രദേശത്തേക്കായിരുന്നു ആ യാത്ര. ബസിലുള്ള യാത്ര ഏറെ സാഹസമായിരുന്നു. ചെങ്കുത്തായ മലനിരകളിൽ മണ്ണിടിഞ്ഞ് പലപ്പോഴും ബസ് നിർത്തിയിടേണ്ടി വന്നു. ഓരോ സ്ഥലത്തേക്കും വാഹനങ്ങൾക്ക് കൈകാണിച്ചും ലിഫ്റ്റ് തരപ്പെടുത്തിയുമൊക്കെയാണ് യാത്ര. ചെലവ് കുറക്കാൻ കൂടിയാണിത്. ഒറ്റക്കുള്ള യാത്രക്കിടെ പല സ്ഥലങ്ങളിൽനിന്നുമുണ്ടായ മോശം അനുഭവങ്ങളും അഫീദ ഓർക്കുന്നുണ്ട്. ഒറ്റക്കാണ് സഞ്ചരിക്കുന്നതെന്ന് അഫീദ ആരോടും പറയാറില്ല. തൊട്ടുള്ള സ്ഥലത്ത് ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെന്ന് പറയും. ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവരുടെ ഗ്രാമീണ വേഷം ധരിച്ചാണ് യാത്ര. തന്റെ സ്വപ്നപൂർത്തീകരണത്തിന് നാട്ടിലെ പാനി പൂരി കച്ചവടക്കാരനോട് വരെ നന്ദിപറയുന്നു അഫീദ. ഹിമാലയ യാത്രക്ക് ഹിന്ദി ഭാഷ അറിയണമെന്ന് മനസ്സിലാക്കിയ ആറാം ക്ലാസുകാരിയെ ഹിന്ദി പഠിപ്പിക്കാനാരംഭിച്ചത് ബേൽപൂരി വിൽപനക്കാരനാണ്. ഹിന്ദി സിനിമകളും സീരിയലുകളും സ്ഥിരമായി കണ്ട് ഭാഷ സായത്തമാക്കി. തനിക്കെത്തേണ്ടയിടം പുസ്തകത്താളുകളിൽ വരച്ചിടുന്ന, വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഈ ഏകാന്ത യാത്രിക അടുത്ത സ്വപ്നസാഫല്യത്തിലേക്കുള്ള യാത്രയിലാണിപ്പോൾ.
മങ്കട ചേരിയം പുഴുത്തിനിയിൽ അഷ്റഫിന്റെയും ബുഷറയുടെയും മകളാണ് അഫീദ. ഫിസിയോ തെറപ്പിസ്റ്റായ അസീഫയും പത്താം ക്ലാസുകാരിയായ അഫ്നയും സഹോദരികളാണ്..