ചൂട് കാലാവസ്ഥ മാറിത്തുടങ്ങി; വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചു
text_fieldsസീസണിലെ ആദ്യ ക്രൂസ് കപ്പൽ മെറിൻ ഷിഫ് നാല് സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍
നങ്കൂരമിട്ടപ്പോൾ
മത്ര: ഒമാനിലെ ചൂട് കാലാവസ്ഥ മാറിത്തുടങ്ങിയതോടെ വിനോദ സഞ്ചാരികളുടെ വരവ് ആരംഭിച്ചു. ടൂറിസ്റ്റുകളുമായുള്ള ഈ വര്‍ഷത്തെ ആദ്യ ക്രൂസ് കപ്പൽ വെള്ളിയാഴ്ച മത്ര സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ നങ്കൂരമിട്ടു. ജർമൻ കമ്പനിയായ ടി.യു.ഐ ഓപറേറ്റ് ചെയ്യുന്ന മെറിൻ ഷിഫ് -നാല് എന്ന ക്രൂസ് കപ്പലാണ് മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് പോര്‍ട്ടില്‍ എത്തിയത്.
ക്രൂസ് കപ്പലിൽ വന്നിറങ്ങിയ വിനോദസഞ്ചാരികൾ മത്രയിൽ സൈക്കിൾ സവാരിക്കിടെ
ഇതോടെ മാസങ്ങളോളമായി ആളും ആരവവും ഒഴിഞ്ഞ മത്ര സൂഖിന് ഉത്സവഛായ കൈവന്നു. 2386 ടൂറിസ്റ്റുകളുമായാണ് മെറിൻ ഷിഫ് ക്രൂയിസ് കപ്പലിന്റെ ലോക സഞ്ചാരം. മത്ര കോര്‍ണീഷിലെയും പരിസരങ്ങളിലെയും മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിച്ചും സൂഖിലൂടെ അലസഗമനം നടത്തിയും കപ്പലില്‍നിന്നും സഞ്ചാരികള്‍ക്കായി സൗകര്യപ്പെടുത്തിയ സൈക്കിളില്‍ കോര്‍ണീഷിലൂടെ കറങ്ങിയും സഞ്ചാരികള്‍ നീങ്ങിയത് വര്‍ണശബളമായ കാഴ്ചയാണ് സൂഖിന് സമ്മാനിച്ചത്.
ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് വിനോദ സഞ്ചാരികളുടെ കപ്പലെത്തിയത്. മേഖലയിലെ അസ്വസ്ഥകരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ക്രൂയിസ് കപ്പലുകളുടെ വരവ് സംബന്ധമായി അനിശ്ചിതത്വം നിലനിന്നിരുന്നു.കപ്പലുകള്‍ എത്തുമെന്ന് പറഞ്ഞ് അറിയിച്ച ദിവസങ്ങളില്‍ കാന്‍സല്‍ ചെയ്തു കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത് വ്യാപാരികളില്‍ നിരാശയുണ്ടാക്കുകയും ചെയ്തിരുന്നു.അതേസമയം ആദ്യ കപ്പലെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ സഞ്ചാരികളെ വരവേറ്റത്. കാര്യമായ കച്ചവടം നടക്കുന്നില്ലെന്നാണ് മത്ര ടൂറിസം ഏരിയയിലെ കച്ചവടക്കാരായ ഫിറോസ് അമ്രി മട്ടന്നൂരും സജീര്‍ ഇരിക്കൂറും പറയുന്നത്. ഈ സീസണിലെ ആദ്യ കപ്പലായതിനാല്‍ വെള്ളിയാഴ്ച മധ്യാഹ്ന വിശ്രമം ഒഴിവാക്കി വ്യാപാരികൾ കച്ചവട സ്ഥാപനങ്ങള്‍ തുറന്നിരുന്നു.
വിനോദസഞ്ചാരികൾ മത്രയിൽ ബസിൽ നഗരം ചുറ്റാനിറങ്ങിയപ്പോൾ
പഴയ പോലെയുള്ള കച്ചവടങ്ങളൊന്നും നടക്കുന്നില്ല, കരുതലോടെയും വിലപേശിയും കുറച്ച് മാത്രമേ സഞ്ചാരികള്‍ സാധനങ്ങള്‍ വാങ്ങുന്നുള്ളൂ എന്ന് കഞ്ചര്‍, കരകൗശല വ്യാപാരിയായ റഫീഖ് കുരിക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതൽ കപ്പലുകളിലായി ഏറെ സഞ്ചാരികള്‍ എത്തുന്നതോടെ വിപണി ഉയരുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
ജർമനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് വെള്ളിയാഴ്ച വന്ന കപ്പലില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് സഞ്ചാരികളുമായി കപ്പൽ തുറമുഖം വിട്ടു.


