ആകാശക്കാഴ്ചകളുമായി ഹൈദരാബാദ് ടൂറിസം; ഹെലികോപ്റ്റർ സർവീസ് ഏപ്രിൽ ഒമ്പതിന് തുടങ്ങും
text_fieldsഹൈദരാബാദ്: വിനോദസഞ്ചാര മേഖലയിൽ പുത്തൻ അനുഭവങ്ങളൊരുക്കി ഹൈദരാബാദ്, സോമശില, ശ്രീശൈലം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ വിനോദസഞ്ചാര പദ്ധതിക്ക് ഏപ്രിൽ ഒമ്പത് വ്യാഴാഴ്ച തുടക്കമാകും. കൃഷ്ണാനദിയുടെയും പച്ചപ്പാർന്ന നല്ലമല വനമേഖലയുടെയും മനോഹരമായ ആകാശക്കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതിയെന്ന് ടൂറിസം-സാംസ്‌കാരിക മന്ത്രി ജൂപ്പള്ളി കൃഷ്ണറാവു അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി സോമശിലയിലെ ഹെലിപാഡ് നിർമ്മാണവും മറ്റ് സൗകര്യങ്ങളും മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി. ഹൈദരാബാദിൽ നിന്ന് പുറപ്പെടുന്ന ഹെലികോപ്റ്റർ ആദ്യം സോമശിലയിലാണ് എത്തുക. സോമശിലയിലെ ബാക്ക് വാട്ടേഴ്സിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം സഞ്ചാരികൾക്ക് ബോട്ടിങിനും സൗകര്യമുണ്ടാകും.
തുടർന്ന് അവിടെനിന്ന് ശ്രീശൈലത്തിലേക്ക് യാത്ര തുടരുന്ന രീതിയിലാണ് ക്രമീകരണം. സ്വകാര്യ ഏവിയേഷൻ ഏജൻസികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി വഴി സഞ്ചാരികൾക്ക് അന്നുതന്നെ ഹൈദരാബാദിലേക്ക് മടങ്ങാൻ സാധിക്കും. ഭാവിയിൽ നാഗാർജുന സാഗർ, രാമപ്പ ക്ഷേത്രം, നിസാം സാഗർ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഹെലികോപ്റ്റർ സർവീസ് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.


