സഞ്ചാരികളെ കാത്ത് മഞ്ഞും പൊതിക്കുന്ന്
text_fieldsമഞ്ഞുംപൊതിക്കുന്ന് പദ്ധതിയുടെ രേഖാചിത്രം
കാഞ്ഞങ്ങാട്: നഗരസഭയും അജാനൂര്‍ പഞ്ചായത്തും അതിരിടുന്ന മഞ്ഞുംപൊതിക്കുന്നില്‍ നടത്തുന്ന ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച നിമിഷങ്ങൾ സമ്മാനിക്കാനുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദേശീയപാതയില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മഞ്ഞുംപൊതിക്കുന്നില്നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ചയും നയനാനന്ദകരമാണ്. അടിസ്ഥാന സൗകര്യവികസനവും സൗന്ദര്യവല്കരണ പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ അറബിക്കടലും അരയിപുഴയും കണ്ടാസ്വദിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം നിലനിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ ചെറുപരിപാടികള്‍ക്ക് ഇവിടം വേദിയാക്കാം. 3.60 കോടിരൂപയുടെ പദ്ധതി കഴിഞ്ഞവര്‍ഷമാണ് ആരംഭിച്ചത്. സ്വാഗതകമാനം, വ്യൂയിങ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയിന്റ്, ടോയ്ലറ്റ്, മഴവെള്ള സംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എറണാകുളത്തെ സങ്കല്‍പ്പ് ആര്‍ക്കിട്ടെക്റ്റ് ഗ്രൂപ്പാണ് പദ്ധതി രൂപകൽപന ചെയ്തത്. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തികള്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രവേശന കവാടത്തില്‍നിന്ന് നേരിട്ട് പ്രവേശിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം ആണ് പദ്ധതിയിലുള്ളത്. കുന്നുകയറിയാലുള്ള വ്യൂഡെക്കിൽ സ്ഥാപിക്കുന്ന 70 സീറ്റുകള്‍ക്കായി നിർദിഷ്ട റസ്റ്റാറന്റും അനുബന്ധ അടുക്കളയും ഒരുക്കും. മികച്ച കാഴ്ചകള്‍ സമ്മാനിക്കുന്ന റസ്റ്റോറന്റ് ആംഫി തിയറ്ററിന് തൊട്ടടുത്താണ്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി പൊതു ടോയ്ലറ്റുകള് ഒരുങ്ങും. ഭിന്നശേഷിക്കാര്‍ക്ക് നേരിട്ട് സ്ലൈഡിങ് ഡോര്‍ സൗകര്യമുള്ള പ്രത്യേക ടോയ്ലറ്റും ഉണ്ട്. കുട്ടികള്‍ക്കായി കളിസ്ഥലവും പദ്ധതിയിലുണ്ട്.