മഴ നനഞ്ഞ് കോടമഞ്ഞ് കണ്ട് മല കയറണോ?
text_fieldsകക്കാടം പൊയിൽ കുരിശുമലയിൽ എത്തിയ സഞ്ചാരികൾ
അരീക്കോട്: മൺസൂൺ എത്തിയതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന കക്കാടംപൊയിൽ വീണ്ടും വിനോദസഞ്ചാരികളുടെ പറുദീസയായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്.
കോടമഞ്ഞു പുതഞ്ഞുകിടക്കുന്ന പശ്ചിമഘട്ട മലനിരകളുടെ മനോഹാരിതയും ‘മേഘങ്ങളാൽ മൂടിയ കുരിശുമലയിലെ കാഴ്ചകളും കോഴിപ്പാറ വെള്ളച്ചാട്ടവും പുതുതായി എത്തിയ സ്കൈവേവ് അമ്യൂസ്മെൻറ് പാർക്കും മറ്റു സാഹസികത യാത്രകളുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ദിവസവും പുലർച്ച മുതൽ രാത്രി ഏറെ വൈകിയും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് കുരിശുമലയിലേക്കാണ് എന്ന് പ്രദേശവാസികൾ പറയുന്നു.
മഴയുടെ സ്പര്ശത്തിൽ പുതുമയാർന്ന കുരിശുമലയുടെ പ്രകൃതിഭംഗി സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. കാറ്റിനോടൊപ്പം നിറഞ്ഞുനില്ക്കുന്ന മേഘക്കൂട്ടങ്ങളും പച്ചക്കാടുകളും സന്ദർശകരെ ആകർഷിക്കുന്നു. ഊർങ്ങാട്ടിരി, കൂടരഞ്ഞി, ചാലിയാർ പഞ്ചായത്തുകളിലെ ചെറിയൊരു ഗ്രാമം മാത്രമായിരുന്നു കക്കാടംപൊയിലിൽ ഇന്ന് മുന്നൂറിൽ കൂടുതൽ റിസോർട്ടുകൾ, മലയോര റോഡുകൾ ഉൾപ്പെടെ ഗ്രാമത്തിന്റെ വികസനവും ഇതിനകം ഉയർന്നു കഴിഞ്ഞു. ബലിപെരുന്നാൾ ദിവസം കക്കാടംപൊയിലിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് ഉണ്ടായിരുന്നത്.
അത്ര നിസ്സാരമായി മല കയറി മുകളിൽ എത്താൻ സാധിക്കില്ല. അതിന് ഒരു ദിവസം രാവിലെ ഒരുങ്ങി തന്നെ വേണം ഇവിടേക്ക് എത്താൻ. തുടർന്ന് വനഭൂമിയിലൂടെയും സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയും മണ്ണും കല്ലും താണ്ടിയ വഴിയിലൂടെ ഏകദേശം അരമണിക്കൂർ നടന്നുവേണം കുരിശുമല ഉൾപ്പെടെയുള്ള വ്യൂ പോയിന്റിന്റെ മുകളിൽ എത്താൻ. ഓഫ് റോഡ് ജീപ്പുണ്ടെങ്കിൽ വേഗത്തിൽ എത്താൻ ചില കുറുക്കുവഴികളും ഈ മലയിലേക്കുണ്ട്.
അങ്ങനെ മലമുകളിൽ എത്തിക്കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കാഴ്ചകളാണ് മലനിരകൾ ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. അതിരാവിലെ വെളിച്ചം കൂടുതൽ എത്തുന്നതോടുകൂടി കോടമഞ്ഞ് പതുക്കെ മലയിൽനിന്ന് നീങ്ങി തുടങ്ങും. പിന്നെ കാണുന്ന മലയുടെ താഴ്വാരങ്ങളിൽ കാണുന്ന കാഴ്ചകൾ.