റെക്കോഡിട്ട് ഇന്ത്യ; 2025ൽ സന്ദർശിച്ചത് 56 ലക്ഷം വിദേശികൾ
text_fieldsന്യൂഡൽഹി: 2025 ആഗസ്റ്റ് വരെ ഇന്ത്യ സന്ദർശിച്ചത് 56 ലക്ഷം വിദേശികൾ. 303.59 കോടി ആഭ്യന്തര ടൂറിസ്റ്റ് സന്ദർശനങ്ങളെന്നും റിപ്പോർട്ട്. വെള്ളിയാഴ്ച പുറത്തു വന്ന ഔദ്യോഗിക രേഖയിലാണ് വിവരമുള്ളത്. റിപ്പോർട്ട് പ്രകാരം ചികിത്സാ ആവശ്യങ്ങൾക്കായി ഏപ്രിൽ വരെ 1,31,856 പേരാണ് ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യയിലെ മൊത്തം വിദേശ സന്ദർശകരുടെ 4.1 ശതമാനം വരുമിത്.
2024-25 സാമ്പത്തിക വർഷം സുസ്ഥിര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി 23 സംസ്ഥാനങ്ങളിലെ 40 പ്രോജക്ടുകളിലായി 3,295.76 കോടിയാണ് കേന്ദ്രം അനുവദിച്ചത്. സ്വദേശ് ദർശൻ, സ്വദേശ് ദർശൻ 2.0 എന്നിവ വഴി രാമായണ, ബുദ്ധിസ്റ്റ്, കോസ്റ്റൽ, ആദിവാസി സർക്യൂട്ടുകളിലായി 110 പ്രോജക്ടുകളാണ് കേന്ദ്രം വികസിപ്പിച്ചത്.
കയറ്റുമതിയെയും ആഗോള അഭിവൃദ്ധിയെയും സ്വാധീനിക്കുന്ന നിർണായക ഘടകമാണ് ടൂറിസം. 2025 ജൂൺ വരെ 16.5 ലക്ഷം സന്ദർശകർ ഇന്ത്യയിലെത്തി. അതേ സമയം ഇന്ത്യയിൽ നിന്ന് വിദേശ സന്ദർശനം നടത്തിയവരുടെ എണ്ണം 84.4 ലക്ഷവും. ഇത് ഇന്ത്യയുടെ വിദേശവിനിമയ നേട്ടം 51,532 കോടിയാക്കിയെന്ന് കണക്കുകൾ പറയുന്നു. 2025ലെ നാഷനൽ അക്കൗണ്ട് സ്റ്റാറ്റിക്സ് പ്രകാരം 2023-24ൽ ഇന്ത്യയുടെ ജിഡിപിയിൽ ടൂറിസം മേഖല 15.73 ലക്ഷം കോടിയാണ് സംഭാവന ചെയ്തത്.
36.90 മില്യൻ പ്രത്യക്ഷ തൊഴിലും 47.72 മില്യൻ പരോക്ഷ തൊഴിലും ടൂറിസം മേഖലയിൽ സൃഷ്ടിക്കപ്പെട്ടുവെന്നാണ് പീരിയോഡിക് ലേബർ ഫോഴ്സ് സർവെ പറയുന്നത്. അതായത് രാജ്യത്തെ മൊത്തം തൊഴിൽ ശക്തിയുടെ 13.34 ശതമാനം വരുമിത്.