വൻകരകൾ താണ്ടി ഒരു കുടുംബം
text_fieldsകെ.എം.സി. മുഹമ്മദ് കുഞ്ഞി ഹാജിയും കുടുംബവും ലോകപര്യടനത്തിനിടെ
പടന്ന: ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിലായി 56 രാജ്യങ്ങളിലൂടെ 76,000 കിലോമീറ്റർ താണ്ടി പടന്നയിലെ കെ.എം.സി. മുഹമ്മദ് കുഞ്ഞി ഹാജിയും കുടുംബവും നാട്ടിൽ തിരിച്ചെത്തി.
എട്ടുമാസങ്ങൾക്ക് മുമ്പ് ദുബൈയിൽനിന്നാണ് യാത്രയാരംഭിച്ചത്. രണ്ടുവർഷത്തെ ഒരുക്കങ്ങൾക്കുശേഷം ഫോർഡ് എൻഡവർ വാഹനത്തിൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയശേഷമായിരുന്നു യാത്ര. ഭാര്യ എ.കെ. നഫീസത്ത്, മകൻ മുസൈഫ് ഷാൻ മുഹമ്മദ്, സഹോദരി മുനീഫ, മുനീഫയുടെ കുഞ്ഞുമകൻ ഒരു വയസ്സുകാരൻ വിൽദാൻ എന്നിവരടങ്ങിയതായിരുന്നു യാത്രാസംഘം.
ഇറാൻ, ഇറാഖ്, തുർക്കിയ വഴി യൂറോപ്പിൽ പ്രവേശിച്ച സംഘം ബാൾക്കൺ, സ്കാൻഡിനേവിയൻ രാജ്യങ്ങളടക്കം യുക്രെയിൻ ഒഴികെയുള്ള മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിലൂടെയും സഞ്ചരിച്ചു. സ്പെയിനിൽനിന്ന് ഫെറി സർവിസിലൂടെ ജിബ്രാൾട്ടൻ കടലിടുക്ക് താണ്ടി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്തിയ സംഘം മൊറോകോ, വെസ്റ്റേൺ സഹാറ എന്നീ രാജ്യങ്ങളും സന്ദർശിച്ചു.
വിവിധ ദേശങ്ങളും ഭാഷകളും സംസ്കാരങ്ങളും താണ്ടിയുള്ള യാത്ര പലയിടത്തും അങ്ങേയറ്റം സാഹസികംകൂടിയായിരുന്നു എന്ന് യാത്രയിലുടനീളം വാഹനമോടിച്ച മുസൈഫ് പറയുന്നു. തിരിച്ച് റഷ്യയിലൂടെയുള്ള മടക്കയാത്രയിൽ ഇ-വിസ പ്രശ്നമായതിനാൽ കസാഖ്സ്താനിൽ പ്രവേശിക്കാൻകഴിയാതെ വന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതുകാരണം 12,000 കിലോമീറ്റർ തിരിച്ച് സഞ്ചരിക്കേണ്ടിവന്നു.
മാത്രമല്ല, യാത്രയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത അഫ്ഗാനിസ്താൻ വഴിയും സഞ്ചരിക്കേണ്ടിവന്നു. താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിലൂടെയുള്ള യാത്ര അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. ഒരുപാട് മനോഹര ഓർമകൾ സമ്മാനിച്ച യാത്രയിൽ കയ്പേറിയ അനുഭവങ്ങളും ഇവർക്ക് അഭിമുഖീകരിക്കേണ്ടിവന്നു.
ഏഥൻസിലെ അധോലോകസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ താമസിച്ച ഹോട്ടലിന്റെ സെക്യൂരിറ്റി ഗാർഡ് കൊല്ലപ്പെട്ടതും സ്പെയിനിലെ ബാഴ്സലോണയിൽ വാഹനം തകർത്ത് കാശ് മോഷ്ടിച്ചതും പാരിസിലെ ഈഫൽ ടവറിനടുത്തുള്ള ഹോട്ടലിൽനിന്ന് വംശീയവേർതിരിവോടെ ഇറക്കിവിട്ടതും ഇത്തരം അനുഭവങ്ങളായിരുന്നു. എല്ലാ മുൻധാരണകളേയും മാറ്റിമറിച്ചത് ഇറാനിയൻ ജനതയായിരുന്നു എന്ന് മുസൈഫും മുഹമ്മദ് കുഞ്ഞിയും പറയുന്നു.
ഭക്ഷണങ്ങളും പഴവർഗങ്ങളും മാത്രമല്ല, ഇന്ധനം അടിക്കാൻ കയറിയാൽ ഇന്ധനം അടിച്ച് തരാൻവരെ ആ ജനത മത്സരിക്കുകയായിരുന്നു എന്ന് ഇവർ പറയുന്നു. അതേപോലെ മൊറോക്കൻ ജനതയുടെ ആതിഥ്യമര്യാദ കാരണമായിരുന്നു അവിടത്തെ താമസം നാലു ദിവസം എന്നത് 14 ദിവസമാക്കി മാറ്റിയത്.
പക്ഷേ, എന്തൊക്കെയായാലും ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചിട്ടും ഇന്ത്യ എന്ന സ്വന്തം രാജ്യത്തെ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരിടത്തും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മുഹമ്മദ് കുഞ്ഞിയും കുടുംബവും പറയുന്നു.
56 രാജ്യങ്ങൾ റോഡ് ഗതാഗതം വഴി 76,000 കിലോമീറ്ററോളം സഞ്ചരിച്ച് കൗതുകംതീർത്ത് നാടിന് അഭിമാനമായിമാറിയ പ്രമുഖ വ്യവസായി കെ.എം.സി. മുഹമ്മദ് കുഞ്ഞി ഹാജിക്കും കുടുംബത്തിനും പടന്ന ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്വീകരണം നൽകി.
ക്ലബ് പ്രസിഡന്റ് ജി.എസ്. സഫീർ ഉപഹാരം കൈമാറി. ക്ലബ് മുംബൈ ശാഖ പ്രസിഡന്റ് പി.കെ.സി. നൗഫൽ, യു.എ.ഇ പ്രതിനിധി യു.സി. അജാസ്, കുവൈത്ത് പ്രതിനിധി പി. ഷഫീഖ്, ക്ലബ് ചാരിറ്റബിൾ വിങ് ജോ. കൺവീനർ പി. സലീൽ, മുഷ്താഖ് മാലദ്വീപ് എന്നിവർ ഹാരാർപ്പണം നടത്തി.