Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകൊച്ചി...

കൊച്ചി രാജചരിത്രമുറങ്ങുന്ന ഹിൽപാലസിലൂടെ ഒരു യാത്ര

text_fields
bookmark_border
Hill Palace Museum,Kochi tourism,Tripunithura palace,Kerala archaeology,Kerala archaeology,Cochin royal family,ഹിൽപാലസ്, കൊച്ചി രാജവംശം,മ്യൂസിയം
cancel
camera_alt

ഹിൽപാലസ്

കൊച്ചി രാജവംശത്തിന്‍റെ ഔദ്യോഗിക വസതിയായിരുന്ന തൃപ്പൂണിത്തുറയിലെ ഹിൽ പാലസ്, കൊച്ചിയിലെ രാജവാഴ്ചയുടെ കാലഘട്ടത്തിന്റെ നേർക്കാഴ്ച നൽകുന്ന ഒരു വാസ്തുവിദ്യാ അത്ഭുതമാണ്. 1865-ൽ പണികഴിപ്പിച്ച ഈ കൊട്ടാര സമുച്ചയം 52 ഏക്കറിലായി 49ല്‍പരം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ബൃഹത്തായ ഒന്നാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, മാൻ പാർക്ക്, ഉദ്യാനങ്ങള്‍, കുട്ടികളുടെ പാർക്ക് എന്നിവയും ഇതിനോടനുബന്ധിച്ചുണ്ട്. കൊച്ചി സാമ്രാജ്യ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ ആകട്ടെ ഇന്ന്.

കൊട്ടാരക്കരയിൽ നിന്ന് അനുവും നീലും നേവയുമൊത്ത് രാവിലെ യാത്ര ആരംഭിച്ച് പതിനൊന്ന് മണിയോടെ തൃപ്പൂണിത്തുറ ഹിൽ പാലസിന് സമീപം എത്തി. അവിടെ ഞങ്ങളെ കാത്ത് നാട്ടുകാരിയും അദ്ധ്യാപികയും യാത്രാപ്രേമിയുമായ റെമി സാമ്പൻ ടീച്ചറും മകൾ ചിത്രയും ഉണ്ടായിരുന്നു. യാത്ര പ്രിയരായ ഞങ്ങൾ പ്രധാന പ്രവേശനകവാടത്തിലൂടെ കൊട്ടാരവളപ്പിലേക്ക് പ്രവേശിച്ചു. അവധി ദിവസമായതിനാൽ സന്ദർശകരുടെ നല്ല തിരക്കുണ്ടായിരുന്നു. ഗതകാല പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ‘കുന്നിന്മേൽ കൊട്ടാരം’, തട്ടുതട്ടുകളായി ക്രമീകരിച്ച ഉദ്യാനവും, മധ്യത്തിലായി പടികളും ചേര്‍ന്ന് സുന്ദരമായ ഒരു കാഴ്ചയായിരുന്നു. ഏകദേശം 52 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കൊട്ടാര വളപ്പിൽ കൊട്ടാരസമുച്ചയം മാത്രം വിശദമായി കാണാൻ മൂന്നു മണിക്കൂറിലധികം വേണ്ടിവരുമെന്നും, ഇവിടുത്തെ മറ്റു കാഴ്ചകൾക്കെല്ലാമായി ഒരു പകൽ മുഴുവനും ചെലവഴിക്കാം.

കേരള സർക്കാർ ഏറ്റവും ഭംഗിയായി സംരക്ഷിക്കുന്ന ഹിൽ പാലസ്, കൊച്ചിയിൽ നിന്ന് 13 കിലോമീറ്റര്‍ അകലെ തൃപ്പൂണിത്തുറയിലെ സസ്യശ്യാമളമായ കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം. കൂടാതെ ഒരു മാൻ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവയുമുണ്ട്. ഇവയെല്ലാം മ്യൂസിയത്തിലേക്കുള്ള സന്ദർശനം മുതിർന്നവർക്കും കുട്ടികള്‍ക്കും ഒരുപോലെ രസകരമാക്കുന്നു. കൊട്ടാരവളപ്പിന്‍റെ ചുറ്റുമുള്ള ഭാഗങ്ങള്‍ നമ്മുടെ തദ്ദേശ വൃക്ഷയിനങ്ങള്‍ കൂടാതെ മധ്യഅമേരിക്കയിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും കൊണ്ടുവന്ന വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ഉദ്യാനവും, ബൊട്ടാണിക്കൽ ഗാർഡനുമാണ്. 17-ാം നൂറ്റാണ്ടിനു ശേഷം ആൾ താമസമില്ലാതിരുന്ന കൊട്ടാരങ്ങളായ പത്മനാഭപുരവും കൃഷ്ണപുരവും പോലെയല്ല ഹിൽ പാലസ്, 1980 ലാണ് കൊച്ചി രാജകുടുംബം കൊട്ടാരം സർക്കാറിലേക്ക് വിട്ടു നൽകുന്നത്. മുമ്പ് ഈ കൊട്ടാരങ്ങൾ സന്ദർശിച്ചതിന്‍റെ ഓർമകള്‍ മനസ്സിലേക്ക് വന്നു.

വാഹനം പാർക്ക് ചെയ്ത ശേഷം പടികള്‍ കയറി മുകളിലെത്തി, കൊട്ടാരത്തിലേക്ക് പ്രവേശിച്ചു. കൊച്ചി ഭരണാധികാരികളുടെ പരിഷ്കൃത അഭിരുചികളും ആഡംബരപൂർണമായ ജീവിതശൈലിയും പ്രകടമാക്കുന്ന കൊട്ടാരത്തിലെ കാബിനറ്റ് ഹാൾ ഉൾപ്പെടുന്ന മധ്യ ബ്ലോക്ക്. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥയായ ബിമി ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു.

കൊട്ടാരത്തിന്‍റെ പ്രഥമ മന്ദിരങ്ങള്‍ 1865ൽ പൂര്‍ത്തിയായെങ്കിലും 19ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതി മുതൽ മാത്രമാണ് ഹിൽ പാലസ് കൊച്ചി രാജവംശത്തിന്‍റെ ആസ്ഥാനമായി മാറിയത്. തുടക്കത്തിൽ, ‘എട്ടുകെട്ട്’ തരത്തിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടസമുച്ചയം ഉണ്ടായിരുന്നു. ഇപ്പോൾ പൈതൃക മ്യൂസിയം സ്ഥിതി ചെയ്യുന്ന അവിടം പരമ്പരാഗത ശൈലിയിൽ തന്നെ നവീകരിച്ചു. ‘ഹിൽ ബംഗ്ലാവ്’ എന്നറിയപ്പെടുന്ന പ്രധാന കൊട്ടാര സമുച്ചയത്തിന്‍റെ വടക്കൻ ബ്ലോക്ക് യൂറോപ്യൻ വാസ്തുശിൽപികൾ രൂപകൽപന ചെയ്ത് 1897ൽ പണിതതാണ്. കാബിനറ്റ് ഹാൾ ഉൾപ്പെടുന്ന മധ്യ ബ്ലോക്കും അതിനോട് ചേർന്നുള്ള ബ്ലോക്കും സ്ഥാനത്യാഗം ചെയ്ത രാമവർമ രാജ (1895 - 1914) പൂർത്തിയാക്കി.

ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് സെൻട്രൽ ബ്ലോക്കിൽ സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. എട്ടുകെട്ടിന്‍റെ പരമ്പരാഗത ശൈലിയിൽനിന്ന് വ്യത്യസ്തമായി, ഉയർന്ന തൂണുകളും കമാനങ്ങളുമുള്ള ബൃഹത്തും ഗാംഭീര്യവുമുള്ള ഒരു മാളികയാണ് ഈ ബംഗ്ലാവ്. മനോഹരമായ നിറങ്ങളിലുള്ള ഇറക്കുമതി ചെയ്ത ടൈലുകളുടെ അപൂർവ ഇനങ്ങൾ തറകൾക്കായി ഉപയോഗിച്ചിട്ടുള്ളത് കൊട്ടാരത്തിന്‍റെ പ്രൗഢി വർധപ്പിക്കുന്നു. യൂറോപ്യൻ ഡച്ച് ബറോക് ശൈലിയുടെ സ്വാധീനം നിര്‍മാണത്തില്‍ കാണാം

കൊച്ചിയുടെ ചരിത്രം

പെരുമ്പടപ്പ്‌ സ്വരൂപം എന്നറിയപ്പെട്ടിരുന്ന കൊച്ചി രാജ്യത്തിന്‍റെ ഔദ്യോഗിക തലസ്ഥാനം മുമ്പ് തൃശൂരിലായിരുന്നു, മഹാരാജാവിന്‍റെ രാജകീയ കാര്യാലയവും കോടതിയും എല്ലാം നഗരത്തിലായിരുന്നു. എന്നിരുന്നാലും, ആചാരങ്ങൾ അനുസരിച്ച്, കൊച്ചി രാജ്ഞിയുടെ (പെൺവഴിത്തമ്പുരാൻ) ഇരിപ്പിടം രാജകീയ തലസ്ഥാനമായി കണക്കാക്കപ്പെട്ടു, കാരണം കൊച്ചി രാജകുടുംബത്തിന് മാതൃപരമ്പര പാരമ്പര്യങ്ങളാണ് ഉണ്ടായിരുന്നത്. രാജാവ് ഭരിക്കുന്ന സംസ്ഥാനത്തിന്‍റെ പരമാധികാരിയായി രാജ്ഞിയെ കണക്കാക്കി. 1755 മുതൽ, രാജ്ഞിയും അവരുടെ പരിവാരങ്ങളും തൃപ്പൂണിത്തുറയിൽ താമസിച്ചു, അതുവഴി നഗരം ഔദ്യോഗിക തലസ്ഥാനമായി മാറി. കൂടാതെ, രാജകുമാരൻ രാമവർമ തൃപ്പൂണിത്തുറയിൽ വളർന്നു, അതിനാൽ രാജാവായി കിരീടധാരണം ചെയ്തതിനുശേഷവും തൃശൂരിലേക്ക് മാറുന്നതിനുപകരം ഇവിടെ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. അങ്ങനെ, അദ്ദേഹത്തിന്‍റെ സൗകര്യത്തിനായി, 1865 ൽ ഒരു ഓഫിസ് ഇവിടെ നിർമിച്ചു.

തുടക്കത്തിൽ ഇത് ഒരു രാജകീയ ഓഫിസ്, കോടതി കെട്ടിടം, രാജകീയ സെക്രട്ടറിമാരുടെയും കോടതിയിലെ പ്രഭുക്കന്മാരുടെയും ഓഫിസുകൾ എന്നിവയായി ആരംഭിച്ചു, എന്നാൽ താമസിയാതെ വിവിധ ആവശ്യങ്ങൾക്കായി പ്രധാന ഘടനയിൽ മറ്റു കെട്ടിടങ്ങൾ ചേർത്തു. താമസിയാതെ, രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ അടുത്ത കുടുംബത്തിന്‍റെയും വസതിക്കായി ഒരു കെട്ടിടവും നിർമിക്കപ്പെട്ടു, എന്നിരുന്നാലും കൊച്ചി രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് സ്വന്തമായി അനുവദിച്ച ബംഗ്ലാവുകളും ഔദ്യോഗിക വസതികളും ഉണ്ടായിരുന്നു.

എത്‌നോ - ആർക്കിയോളജിക്കൽ മ്യൂസിയം

ഇന്ന് ഇവിടം ഒരു എത്‌നോ - ആർക്കിയോളജിക്കൽ മ്യൂസിയമായും കലാസൃഷ്ടികളുടെയും പുരാവസ്തുക്കളുടെയും നിധിശേഖരമുള്ള കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമായും സംരക്ഷിക്കപ്പെടുന്നു. 1986ല്‍ ആണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കൊച്ചി രാജകുടുംബത്തിൽ നിന്നും വകുപ്പിന്‍റെ സ്വന്തം ശേഖരങ്ങളിൽ നിന്നുമുള്ള വസ്തുക്കളും കേരളത്തിന്‍റെ ചരിത്ര നിധികളും പ്രദർശിപ്പിക്കുന്ന മ്യൂസിയം ഇപ്പോൾ ഒരുക്കിയിരിക്കുന്നത് തീമാറ്റിക് രീതിയിൽ ആണ്. ‘കഥ പറയുന്ന മ്യൂസിയം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ചരിത്രബോധത്തോടൊപ്പം കലാപരമായും കൂടി അന്തർദേശീയ നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന കാഴ്ചകൾ ഓരോന്നും ഞങ്ങൾ കണ്ടു നടന്നു. കൊച്ചി രാജ്യത്തിന്‍റെ ചരിത്രത്തിന് അനുബന്ധമായി വൈദേശിക ആധിപത്യത്തിന്‍റെ കഥയും പറയുന്ന മ്യൂസിയം, ഈ ചരിത്രങ്ങൾ എല്ലാം സന്ദർശകരിലേക്ക് പകരുകയാണ്.

17 ഗാലറികള്‍ ആണിവിടെയുള്ളത്‌. മെയിൻ ബ്ലോക്കിൽ 10 ഗാലറിയും ബാക്കി സമീപമായുള്ള പുത്തൻമാളികയിലുമായാണുള്ളത്. ഓരോ മുറിയിലും ഗൈഡുകളും ഓട്ടോമേറ്റഡ് സൂചികകളും സ്ക്രീനുകളും ഉണ്ട്. വ്യക്തവും വിശദവുമായ വിവരണങ്ങൾ ഓരോ ചുവരിലും കാണാൻ സാധിക്കും. രാജസിംഹാസനം പോർച്ചുഗൽ രാജാവ് ഇമ്മാനുവൽ കൊച്ചി രാജാവിന് വാസ്കോഡഗാമ വഴി സമ്മാനിച്ച മരതകം, വജ്രം, മാണിക്യം എന്നിവ കൊണ്ട് അലങ്കരിച്ച,1.75 കിലോ തൂക്കംവരുന്ന സ്വർണകിരീടം എന്നിവ ഞങ്ങള്‍ സാകൂതം വീക്ഷിച്ചു. പ്രദർശനവസ്തുക്കളിൽ പ്രധാന ആകർഷകവസ്തു കരിവീട്ടിയിൽ കൊത്തിയെടുത്ത യഥാർഥ ആനക്കൊമ്പുകൾ പിടിപ്പിച്ച ഒരു ഗജവീരന്‍റെ ശിൽപമാണ്. ഗജവീരൻ അണിഞ്ഞിരിക്കുന്ന ചങ്ങലയും തടിയിൽ തീർത്തിട്ടുള്ളതാണ്. തടിയിൽ നിർമിച്ച ആനക്കൊമ്പ് കൊണ്ട് അലങ്കരിച്ച കറങ്ങുന്ന കസേര, മനോഹരമായ ദാരുശിൽപങ്ങൾ, കൊച്ചി രാജകുടുംബത്തിന്റെ വസ്തുക്കൾ, ആഭരണങ്ങൾ, കല്ലിലുള്ള ശിൽപങ്ങൾ, ചിത്രവധക്കൂട്, തുടങ്ങി ഇവിടെ കാണപ്പെടുന്ന അപൂർവ പുരാതന വസ്തുക്കളുടെ പട്ടിക വിവിധങ്ങളാണ്.

സിന്ധുനദീതടം, ഹാരപ്പ തുടങ്ങിയ പുരാതന നാഗരികതകളിൽ നിന്നുള്ള സ്മാരകങ്ങളും, ആടിന്‍റെ തോലിൽ എഴുതിയ തോറയും (ജൂത മതഗ്രന്ഥം) കണ്ടു. കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരുടെ ചിത്രങ്ങൾ കാലക്രമം അനുസരിച്ച് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. രാജകുടുംബങ്ങളിൽ ഉപയോഗിച്ചിരുന്ന 150-ലധികം വസ്തുക്കൾ, പോർസലൈൻ വസ്തുക്കള്‍, കപ്പുകൾ, കലങ്ങൾ, പുരാതന നാണയങ്ങൾ, മറ്റ് പുരാതന വസ്തുക്കൾ, അങ്ങനെ അനവധി കാഴ്ചാവസ്തുക്കള്‍. പുത്തൻ മാളികയിലെ ഗാലറികളില്‍ പല്ലക്കുകളുടെയും കുതിരവണ്ടികളുടെയും വിപുലമായ ഒരു ശേഖരവും കാണാം.

പോർച്ചുഗീസുകാർ വന്നതിനുശേഷമുള്ള കൊച്ചിയുടെ ചരിത്രമാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നും, കൊച്ചി എന്ന പേര് വന്ന വഴിയും, കൊച്ചി രാജാക്കന്മാർ കിരീടം ധരിക്കാറില്ലായിരുന്നു, തലപ്പാവ് മാത്രമാണ് ധരിക്കാറെന്നും, കൊച്ചി രാജാക്കന്മാർ എല്ലാം ‘രവിവർമ’, ‘രാമവർമ’, ‘കേരളവർമ’ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നും അതുപോലെതന്നെ രാജ്ഞിമാരെയും ‘തമ്പുരാൻ’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത് എന്നുമുള്ള അറിവുകളെല്ലാം ബിമി വിശദമായി പറഞ്ഞു തന്നു.

കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങി സാംസകാരിക പൈതൃക ദൃശ്യമന്ദിരത്തില്‍ എത്തി. ഈ കുന്നിലെ ആദ്യകാല നിർമിതികളുള്ള ഇവിടെ എട്ടുകെട്ട്, നാലുകെട്ട്, പ്രാർഥനാമുറി, അടുക്കള, ക്ഷേത്രം, കുളങ്ങൾ, ‘കുലപുരം’ (കുളത്തിന്‍റെ ഒരറ്റത്ത് മേൽക്കൂരയുള്ള സ്ഥലം, സ്ത്രീകൾക്ക് കുളിക്കാൻ കഴിയും) എന്നിവയാൽ സമ്പന്നമാണ്. അവിടുത്തെ വലിയ കുളവും, പത്തായപ്പുരയും, പുറത്തു കണ്ട വലിയ ഒരു കുട്ടകവും ഞങ്ങളില്‍ ആശ്ചര്യമുളവാക്കി. കൽത്തൂണുകളും തുളസിത്തറയും മറ്റു നിർമിതികളും സുന്ദരമായിരുന്നു.

പുറത്തെ കാഴ്ചകളും അന്തരീക്ഷവും മനോഹരമാണ്. ഉദ്യാനത്തിന്‍റെ പലഭാഗങ്ങളിലുമായി ഫൗണ്ടനുകള്‍ കാണാമായിരുന്നു. നിരവധി അതിഥി മന്ദിരങ്ങളും പ്രഭുമന്ദിരങ്ങളും കുടുംബ ദേവതയ്ക്കുള്ള തേവാരപ്പുരയും ഊട്ടുപുരകളും കുളപ്പുര മാളികകളും വാഹനപ്പുരകളും കാലിത്തൊഴുത്തും പരിചാരക വൃന്ദങ്ങളുടെ വാസഗേഹങ്ങളും കുതിരലയങ്ങളും ഇവിടെയുണ്ട്. ഞങ്ങള്‍ നടന്ന് കൊച്ചിയിലെ അവസാന രാജാവായിരുന്ന രാമവര്‍മ്മ പരീക്ഷിത്ത്‌ തമ്പുരാന്‍റെ അന്ത്യവിശ്രമ സ്ഥലത്തെത്തി. അവിടെനിന്ന് സമീപമായുള്ള കുട്ടികളുടെ പാർക്കും വലിയ ദിനോസർ പ്രതിമയും കണ്ടതിനുശേഷം മാനുകളുടെ പാര്‍ക്കിനു സമീപത്തേക്ക് നടന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അസ്വാദ്യകരമായ ഇവിടങ്ങളിളെല്ലാം വിശ്രമിക്കാനായി ബെഞ്ചുകളും ഊഞ്ഞാലുകളും ഒരുക്കിയിട്ടുണ്ട്. അവിടെ ഒരിടത്ത് ഞങ്ങൾ ഐസ്ക്രീം കഴിച്ചും മാൻ കൂട്ടത്തെയും കണ്ട് അവയ്ക്ക് ഇലകൾ പറിച്ചുനൽകിയും കുറച്ച് സമയം വിശ്രമിച്ചു. ഇവിടുത്തെ സ്വച്ഛമായ അന്തരീക്ഷവും, ഇരു വശങ്ങളിലായി നിറഞ്ഞു നില്‍ക്കുന്ന പുളിയും പ്ലാവും മാവും തുടങ്ങി വ്യത്യസ്ത മരങ്ങളും സസ്യലതാദികളും ശുദ്ധവായു സമ്മാനിച്ച് ഞങ്ങളെ ഉൽസാഹഭരിതരാക്കി.

ഹിൽ പാലസ് ചരിത്ര വിദ്യാർത്ഥികൾക്കും പുരാവസ്തു വിദ്യാർത്ഥികൾക്കും മാത്രമല്ല, പഴമയേയും പൈതൃകത്തെയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും സന്ദർശിക്കാവുന്ന ഒരിടമായാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിന്‍റെ ചരിത്രം തിരുവിതാംകൂർ കൊച്ചി മലബാർ രാജ്യങ്ങളുടെ കൂടി ചരിത്രമാണല്ലോ.

കലയുടെയും വാസ്തുശില്പഭംഗിയുടെയും പ്രാമാണികത വിളിച്ചറിയിക്കുന്ന ഇവിടം കൊച്ചി വാണിരുന്ന ഭരണകർത്താക്കളുടെ ഗതകാലപ്രൗഢി വിളിച്ചറിയിക്കുന്നതാണ്. ശാന്തമായ കുന്നിന്‍മുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് മ്യൂസിയം, നാടിന്‍റെ സമൃദ്ധി, ചരിത്രം, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയുടെ അഭിമാനകരമായ സാക്ഷ്യമാണ്. ഇവയെല്ലാം കണ്ടറിയുവാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യമായിരുന്നു മടക്കയാത്രയില്‍ ഞങ്ങളുടെ മനസ്സിൽ.

Show Full Article
TAGS:Hill Palace Museum travelogue ​Travel News 
News Summary - A journey through the Hill Palace, steeped in Kochi's royal history
Next Story