Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightവരുന്നവർക്ക് പുതിയ...

വരുന്നവർക്ക് പുതിയ ഫീസ്, പോകുന്നവരുടെ നിരക്ക് കുറച്ചു: ബംഗളൂരു വിമാനത്താവളത്തിൽ സെപ്റ്റംബർ ഒന്നുമുതൽ മാറ്റം

text_fields
bookmark_border
https://www.madhyamam.com/tags/bengaluru-airport
cancel

ബംഗളൂരു: ബംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സെപ്റ്റംബർ ഒന്നു മുതൽ യൂസർ ഡെവലപ്‌മെന്റ് ഫീ ഏർപ്പെടുത്തി. ആഭ്യന്തര വിമാനങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് 125 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 426 രൂപയുമാണ് നിരക്ക്.

നിലവിൽ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്ന് ഫീ ഈടാക്കിയിരുന്നില്ല. എയർപോർട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (എ.ഇ.ആർ.എ) അംഗീകരിച്ച പുതിയ നിരക്കുകളാണ് നിലവിൽ വരുന്നത്.

അതേസമയം, വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള യൂസർ ഡെവലപ്‌മെന്റ് ഫീ കുറച്ചു. ആഭ്യന്തര യാത്രക്കാരുടെ ഫീ, നിലവിലുള്ള 550 രൂപയിൽ നിന്ന് 300 ആയാണ് കുറച്ചത്. അന്താരാഷ്ട്ര യാത്രക്കാരുടേത് 1,500 ൽ നിന്ന് 997 രൂപയായും കുറച്ചിട്ടുണ്ട്. പുതിയ ഘടന പ്രകാരം ആഭ്യന്തര യാത്രക്കാരുടെ ഫീസിൽ 45.5 ശതമാനത്തിന്റെയും അന്താരാഷ്ട്ര യാത്രക്കാരുടെ ഫീസിൽ 33.5 ശതമാനത്തിന്റെയും കുറവ് വരുത്തി.

എന്നാൽ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾ, ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉടമകൾ, ഡ്യൂട്ടിയിലുള്ള എയർലൈൻ ജീവനക്കാർ, ഔദ്യോഗിക ഡ്യൂട്ടിയിൽ യാത്ര ചെയ്യുന്ന പ്രത്യേക വിഭാഗം യാത്രക്കാർ, ഒരേ ടിക്കറ്റിൽ 24 മണിക്കൂറിനുള്ളിൽ കണക്റ്റിങ് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാർ എന്നിവർക്ക് യൂസർ ഫീ നൽകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഇതോടൊപ്പം സെപ്റ്റംബർ ഒന്നു മുതൽ വിമാനങ്ങളുടെ ലാൻഡിങ് ചാർജും പരിഷ്കരിച്ചു. ആഭ്യന്തര വിമാനങ്ങൾക്ക് ഒരു മെട്രിക് ടണ്ണേജിന് 325 രൂപയും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 455 രൂപയുമാണ് ലാൻഡിങ് ചാർജായി നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തര ഷെഡ്യൂൾഡ് ഓപറേറ്റർമാർ നടത്തുന്ന 80 സീറ്റിൽ താഴെ മാത്രം പരമാവധി ശേഷിയുള്ള വിമാനങ്ങളെ ലാൻഡിങ് ചാർജിൽ നിന്ന് ഒഴിവാക്കി.

ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനായി എയർപോർട്ട്‌സ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച ഈ വിമാനത്താവള സേവന നിരക്ക് 2031 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

Show Full Article
TAGS:Bengaluru Airport User Development Fee september 1 air passengers 
Next Story