ബേപ്പൂര്‍ ജലമേള; ആകാശ വിസ്മയമായി പട്ടം പറത്തൽ
text_fieldsബേപ്പൂർ അന്താരാഷ്ട്ര ജലമേളയോടനുബന്ധിച്ച് നടക്കുന്ന പട്ടംപറത്തൽ മത്സരപ്രദർശനം
അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബേപ്പൂര്‍: പുലിമുട്ട് കടൽത്തീരത്തെ ആകാശങ്ങൾ വർണപ്പട്ടങ്ങളാൽ അലങ്കൃതമായി. ഉയരത്തിൽ പാറിപ്പറക്കുന്ന പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര ജലമേളയുടെ ആദ്യദിവസം കാണികളുടെ മനം കവര്‍ന്നു.
ഇന്തോനേഷ്യ, വിയറ്റ്നാം, ഒമാന്‍, തുര്‍ക്കി, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് പട്ടം പറത്തല്‍ മത്സരത്തില്‍ മാറ്റുരക്കാന്‍ എത്തിയത്.
കുതിര, പുലി തുടങ്ങിയ മൃഗങ്ങളുടെ ഭീമന് രൂപങ്ങളിലുള്ള പട്ടങ്ങള്‍, വിവിധ രാജ്യങ്ങളുടെ പതാക, ബേപ്പൂർ ജലമേളയുടെ ലോഗോ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പട്ടങ്ങളാണ് പറത്തിയത്. കൈറ്റ് സ്റ്റണ്ട്, സ്പോര്‍ട്സ് കൈറ്റ്, ത്രീഡി കൈറ്റ്, കൈറ്റ് ഷോ എന്നീ വിഭാഗങ്ങളിലെ മത്സരങ്ങളും വെള്ളിയാഴ്ച ആരംഭിച്ചു.
ഉച്ചക്ക് രണ്ട് മുതല്‍ ആറ് വരെ പട്ടം പറത്തൽ മത്സരപ്രദർശനം ഉണ്ടാകും. വിജയികളെ മേളയുടെ അവസാന ദിവസം പ്രഖ്യാപിക്കും. ഉദ്ഘാടനം അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ നിര്‍വഹിച്ചു.
കൈറ്റ് ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ വാസുദേവന്‍, ക്യാപ്റ്റന്‍ അബ്ദുള്ള മാളിയേക്കല്‍, കൈറ്റ് ഫ്ളൈര്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഷുക്കൂര്‍, വണ്‍ ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


