Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightയാത്രയ്ക്ക് മുമ്പ്...

യാത്രയ്ക്ക് മുമ്പ് 'ടിപ്പ്' ചോദിക്കരുത്; ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ വിലക്ക്

text_fields
bookmark_border
യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കരുത്; ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്രത്തിന്‍റെ വിലക്ക്
cancel

ന്യൂഡൽഹി: ഊബർ, റാപ്പിഡോ തുടങ്ങിയ റൈഡിങ് ആപ്പുകളിൽ യാത്ര ബുക്ക് ചെയ്യുന്ന വേളയിൽ ഉപഭോക്താക്കളിൽ നിന്ന് 'അഡ്വാൻസ് ടിപ്പ്' ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറിന്റെ നിർദേശം. യാത്രയ്ക്ക് മുമ്പോ ബുക്കിങ് സമയത്തോ അധിക തുക ആവശ്യപ്പെടുന്നത് മോട്ടോർ വാഹന അഗ്രിഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു. ഇത്തരം രീതികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവുമാണെന്ന് കേന്ദ്രം വ്യക്തമാക്കി.

ടിപ്പ് നൽകുന്നത് തികച്ചും സ്വമേധയാ ഉള്ള കാര്യമാണെന്നും അത് യാത്ര പൂർത്തിയായ ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നും അഗ്രിഗേറ്റർ ഗൈഡ്‌ലൈൻസിലെ 14.15-ാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. യാത്ര ബുക്ക് ചെയ്യുമ്പോഴോ യാത്രയ്ക്കിടയിലോ ഇതിനുള്ള ഓപ്ഷനുകൾ ആപ്പുകളിൽ നൽകാൻ പാടില്ല.

'അഡ്വാൻസ് ടിപ്പ് നൽകുക', 'കൂടുതൽ തുക നൽകിയാൽ ഡ്രൈവർ വേഗത്തിൽ യാത്ര സ്വീകരിക്കും', 'കാത്തിരിപ്പ് സമയം കുറയ്ക്കാൻ അഡ് ഓൺ തിരഞ്ഞെടുക്കുക' തുടങ്ങിയ സന്ദേശങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തന്ത്രങ്ങളാണ്. സേവന നിലവാരം മെച്ചപ്പെടുത്താനോ ഡ്രൈവറെ വേഗത്തിൽ അനുവദിക്കാനോ എന്ന പേരിൽ അനാവശ്യ തുക നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഒരു ഫീച്ചറും ആപ്പുകളിൽ പാടില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.

മുമ്പ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഈ രീതി അവസാനിപ്പിക്കാൻ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ആപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ തുടർന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രാലയം നേരിട്ട് കർശന നടപടിയുമായി രംഗത്തെത്തിയത്.

Show Full Article
TAGS:Uber Rapido tips Central gov 
News Summary - Central ministry bans for tips before the ride
Next Story