ചിക്കാഗോയുടെ ചൂടുള്ള മുഖങ്ങൾ
text_fieldsചിക്കാഗോ... ന്യൂയോർക്കിനും ലാസ് വെഗാസിനും ഒപ്പം നിൽക്കുന്ന, നിദ്രയില്ലാത്ത മറ്റൊരു അമേരിക്കൻ നഗരം. ആകാശംമുട്ടേ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ, വെള്ളി അരപ്പെട്ട കെട്ടിയപോലെ തിളങ്ങുന്ന നഗരത്തെ വലം വെയ്ക്കുന്ന ജലപാതകൾ, വൈദ്യുതപ്രകാശം കൊണ്ട് ജ്വലിക്കുന്ന തെരുവുകൾ, പലരൂപങ്ങളിലായി ചിതറുന്ന ശബ്ദങ്ങളും നിറങ്ങളും, ചോരതുടിക്കുന്ന നിറത്തിലുള്ള സിഗ്നലുകളാൽ മനുഷ്യരേയും വാഹനങ്ങളെയും ചിട്ടയോടെ ചലിപ്പിക്കുന്ന, ഒരു ഫോട്ടോഗ്രാഫറിന്റെ സ്വപ്നം പോലെയുള്ള കാഴ്ച്ചകളാൽ ഈ നഗരം പകലും രാത്രിയും ഒരു പോലെ സമ്പന്നമാണ്. രാത്രികളിൽ സോഡിയം വേപ്പർ ലൈറ്റുകളുടെ മഞ്ഞയിൽ മുങ്ങുന്ന നീണ്ട റോഡുകൾ…
ചില സമയങ്ങളിൽ ആ തെരുവുകൾ കാണുമ്പോൾ ഒരു ഹോളിവുഡ് സിനിമയുടെ സെറ്റിൽ നടന്നു കൊണ്ടിരിക്കുന്നതുപോലെയാണ് തോന്നിയത്.
ഇവിടെ നടത്തിയ ബോട്ടുയാത്രകളായിരുന്നു എന്റെ മനസ്സിലും ക്യാമറയിലും കൂടുതൽ പതിഞ്ഞതും പിടികൂടിയതുമായ ഏറ്റവും നല്ല അനുഭവം. ചിക്കാഗോ തടാകത്തിലൂടെ ഒഴുകുന്ന അതിവിശാലമായ ബോട്ട്, ഇരുകരകളിലായി ആകാശത്തോട് ചുംബിക്കുന്ന ആർക്കിടെക്ചർ അത്ഭുതങ്ങൾ, നഗരത്തിന്റെ ചരിത്രം ചുരുളഴിക്കുന്ന മറൈൻ ഗൈഡിന്റെ വിശദീകരണങ്ങൾ കേട്ടും കണ്ടുമുള്ള യാത്ര!.
ദേശീയ അന്തർദേശീയ വിഷയങ്ങളിലൂന്നിയ നിശ്ശബ്ദമായ സമരശബ്ദങ്ങൾ അനുവദനീയമായ ചില കോണുകളിൽ കാണാം, റാപ്പർവേടനെപ്പോലെ.. റഫി സാബും ദാസേട്ടനും പോലെ വൈറലായി പടർന്ന ഗാനശകലങ്ങൾ പാടുന്ന വഴിയോര ഗായകർ, കണ്ണുകളിലെ വേദനയുടെ കലകൾ മറച്ചുവെച്ച് സഞ്ചാരികളെ കാത്തു നിൽക്കുന്ന, ‘Spare some change, please…’ എന്നചോദ്യവുമായി കൈനീട്ടുന്ന ഡ്രഗ്ഗ് അഡിക്റ്റുകളായ ഭിക്ഷക്കാരെയും പട്ടണത്തിലെ നടത്തത്തിനിടയിൽ കണ്ണിൽ പെടാതിരിക്കില്ല. മറ്റൊരു കോണിൽ തണൽ മരത്തിനടിയിൽ കൈകോർത്ത് നടക്കുന്ന കമിതാക്കൾ, വീഥികളിലൂടെ തിമിർക്കുന്ന മാർഗരിറ്റ, ഹോട്ട് ഡോഗ്, ഷവർമ സ്റ്റാളുകളിൽ നിന്നും വമിക്കുന്ന പല രാജ്യങ്ങളുടെ ചേരുവകളുമായി തിളങ്ങുന്ന രുചികൾ, ചിലയിടങ്ങളിൽ ഇന്ത്യയുടെ ഭക്ഷണ സുഗന്ധം ഒരു വലിയ ലോകത്തിന്റെ കാതിൽ കേൾക്കുന്ന സംഗീതം പോലെയും നമുക്ക് കാണാം.
ആകാശത്തെ തൊടുന്ന ആ കെട്ടിടങ്ങൾക്കിടയിൽ വീണുവീഴാതെ നീളുന്ന എലിവേറ്റഡ് ട്രെയിനുകൾ, ടൈം ലാപ്സിൽ നെട്ടോട്ടമോടുന്നവരുടെ നഗരമധ്യത്തിലെ തിരക്കുകൾ, ഷോപ്പിങ് മാളുകളിൽ നിന്നുള്ള കച്ചവട ശബ്ദങ്ങളെല്ലാം ചേർന്ന ചിക്കാഗോയുടെ പൾസ് അനിർവചനീയമാണ്. ഇതെല്ലാം കാണുന്നതിനിടയിൽ ഒരു ഓർമയിൽ തെളിഞ്ഞു വന്ന ചരിത്രം 1893ൽ ലോക മതസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ ചിക്കാഗോയുടെ മണ്ണിൽ ആമോദഭരിതമായി പ്രസംഗിച്ച നിമിഷം ‘‘My dear sisters and brothers of America…’’ ഇന്ത്യയുടെ ആത്മാവിന്റെ പ്രതീകമമായ ആ വരികൾ ഈ നഗരത്തിലൊരിടത്തെങ്കിലും ഇപ്പോഴും ധ്വനിക്കുന്നുണ്ടെന്ന്
എനിക്ക് തോന്നി. മറ്റൊരു ചരിത്ര ദിനമാണ് 1886 മെയ് ഒന്ന്. ആയിരക്കണക്കിന് തൊഴിലാളികൾ നഗരവീഥികളിൽ അണിനിരന്നത്, എട്ട് മണിക്കൂർ ജോലി എന്ന ഏക ആവശ്യം ഉന്നയിച്ച് ചെയ്ത സമരം.
ഇന്ന് ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ അനേകം മുദ്രാവാക്യങ്ങളുടെയും പാട്ടുകളുടെയും സമരങ്ങളുടെയും ദിനമായി മാറി. എനിക്ക് ഈ നഗരത്തിൽ കഴിയാൻ കഴിഞ്ഞ ഒക്ടോബറിലെ ഒരു പത്ത് ദിവസങ്ങളിൽ പതിനായിരം മുഖങ്ങൾ കണ്ടു, ആയിരം കഥകൾ കേട്ടു, എത്രയോ അനുഭവങ്ങൾ ഹൃദയത്തിൽ പതിഞ്ഞു. ചിക്കാഗോ വിശേഷങ്ങൾ തീരുന്നില്ല. കാഴ്ചയിൽ, ക്യാമറയിൽ പതിഞ്ഞ ചിക്കാഗോ യാത്രാ കുറിപ്പ്.