ചിക്കാഗോയുടെ ചൂടുള്ള മുഖങ്ങൾ
text_fieldsമില്ലേനിയം പാർക്കിന്റെ വിശാലതയിൽ എത്തുമ്പോൾ തന്നെ മനസ്സിൽ സന്തോഷത്തിന്റെ സൂചിക ഉയരും. അവിടെ നമ്മെ ആദ്യം കാത്തിരിക്കുന്നത് ‘പയറുമണി’ (Cloud Gate) ആണ്. ഇന്ത്യൻ വംശജനായ ആനീഷ് കപൂർ 2004ൽ രൂപകൽപന ചെയ്ത, സ്റ്റെയ്ൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച ഭീമാകാര ശിൽപം. ഏകദേശം 10 മീറ്റർ നീളം, 13 മീറ്റർ വീതി, 20 മീറ്റർ ഉയരം. അതിന്റെ വലിപ്പം തന്നെ അത്ഭുതം ജനിപ്പിക്കുന്നു.
മിനുങ്ങിയ ഉപരിതലത്തിൽ നഗരം, ആകാശം, സഞ്ചാരികൾ എല്ലാം കണ്ണാടിയിലെന്നപോലെ പ്രതിഫലിക്കുന്നു. ഓരോ ദിശയിൽ നിന്നു നോക്കുമ്പോഴും പ്രതിബിംബം വ്യത്യസ്തമായി പ്രത്യക്ഷപ്പെടുന്നത് കൗതുകം നിറയ്ക്കും. സ്വന്തം മുഖം അവിടെ പതിയുന്നത് ചിത്രീകരിക്കാൻ സഞ്ചാരികൾ തിരക്കിലാകും. ഞാനും നിരവധി ഓർമച്ചിത്രങ്ങൾ പകർത്തി പയറുമണിക്ക് ചുറ്റും നടന്നു.
അതിനുശേഷം നേരെ മുന്നോട്ടു നടന്നു പോകുമ്പോൾ തന്നെ ലേക്ക് മിഷിഗൺ തീരം തുറന്ന് കാണാം. സമീപ ഹാർബറിൽ നിരയായി നിൽക്കുന്ന യോട്ടുകളും സഞ്ചാരക്കപ്പലുകളും നഗരത്തിന്റെ സമൃദ്ധി വെളിവാക്കുന്നു. കോർണിഷിലൂടെ നടന്നപ്പോൾ പച്ചപ്പും തുറസ്സും വഴിയരികിലെ ശിൽപ്പങ്ങളും ഇടക്കിടെ നടക്കുന്ന കലാപ്രകടനങ്ങളും മനസ്സിനെ ഏറെ ആകർഷിച്ചു.
പകൽക്കാഴ്ചയിൽ നഷ്ടപ്പെടാൻ പാടില്ലാത്ത അനുഭവം ചെറിയ സഞ്ചാരക്കപ്പലിലൂടെയുള്ള യാത്ര തന്നെയാണ്. ഇരുകരങ്ങളിലുമുള്ള ആർക്കിടെക്ചറുകളുടെ ഭംഗി കണ്ണിനെ കീഴടക്കും. വെള്ളത്തിൽ പതിക്കുന്ന കെട്ടിട പ്രതിബിംബങ്ങൾ, വിവിധ ദേശക്കാരായ സഞ്ചാരികളുടെ ചിരിയും കളിയും ഭക്ഷണപാനീയങ്ങളുടെ സുഗന്ധവും ഗൈഡിന്റെ ചരിത്രകഥകളും ചേർന്ന് മനസ്സിൽ എന്നും നിലനിൽക്കുന്ന ഓർമകൾ പകരും.
രാത്രിയാകുമ്പോൾ നേവി പിയറിലെ സെന്റീനിയൽ വീൽ (196 അടി ഏകദേശം 60 മീറ്റർ ഉയരം) പ്രകാശവുമായി തെളിയും. അതിൽ കയറി ആകാശത്തിലേക്ക് ഉയരുമ്പോൾ, നഗരം മുഴുവൻ ഒരു സംഗീതവേദിയായി മിന്നുന്നതു കാണാം. തടാകത്തിന്റെ ശാന്തത, മറുവശത്തെ ഉയർന്ന ടവറുകൾ, വിളക്കുകൾ കൊണ്ടു അലങ്കരിച്ച കെട്ടിട സമുച്ചയങ്ങൾ, റോഡുകൾ, വാഹനങ്ങളുടെ ചിട്ടയായ ഒഴുക്ക് എല്ലാം കൂടി ചിക്കാഗോയുടെ രാത്രി കാഴ്ചകളെ ഒരു മായാജാലാനുഭവമാക്കി മാറ്റുന്നു. പകലും രാത്രിയും ഒരുക്കുന്ന ഈ വൈവിധ്യമാർന്ന അനുഭവങ്ങളാണ് ചിക്കാഗോയെ ഓരോ സഞ്ചാരിയുടെ മനസ്സിൽ ഒരിക്കലും മായാത്ത രീതിയിൽ പതിയിരിക്കുന്നത്. ഇനിയും കാണാനും കേൾക്കാനും രുചിക്കാനും ഒത്തിരി കാര്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട്, ചിക്കാഗോയിലെ പത്തു ദിവസത്തെ സഞ്ചാരം അവസാനിപ്പിച്ചു. എമിറേറ്റ്സിന്റെ വിമാനത്തിൽ പതിനാറ് മണിക്കൂർ നീണ്ട മടക്ക യാത്രയ്ക്ക് ശേഷം, ഓർമകളുടെയും പുതിയ അനുഭവങ്ങളുടെയും കലവറയുമായി ദുബൈയിലെത്തിയപ്പോൾ മനസ്സിൽ ഇപ്പോഴും ആ നഗരത്തിന്റെ ചൂടുള്ള മുഖങ്ങൾ തെളിഞ്ഞുനിന്നു.
(യാത്രകൾ തുടരും)