വരുന്നോ, കുറുവാ ദ്വീപിൽ ചങ്ങാടത്തിൽ പോകാം
text_fieldsകുറുവാ ദ്വീപിലെ പുതിയ മുളച്ചങ്ങാടം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു
പനമരം: കുറുവ ദ്വീപിൽ പുതിയ മുളച്ചങ്ങാടങ്ങൾ ഒരുക്കി. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ചാർജ് ഈടാക്കുന്നത്. രണ്ടു പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല. സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ചങ്ങാടങ്ങൾ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. അവധി ദിവസങ്ങളിൽ വിനോദത്തിന് ഏറെ അനുയോജ്യമായ പ്രദേശമാണ് കുറുവ ദ്വീപ്. പരിസ്ഥിതി സൗഹൃദമായ കൂടുതൽ സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷതവഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കുറുവ ഡി.എം.സി മാനേജർ രതീഷ് ബാബു, ഡി.ടി.പി.സി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി. പ്രവീൺ എന്നിവർ സംസാരിച്ചു.
കുറുവാ ദ്വീപിൽ ഒരുക്കിയ ബാംബൂ റാഫ്റ്റിങ്
വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവാദ്വീപ് പുത്തൻ ഉണര്വിലാണിപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവാദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്.
2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര് ഇവിടെയെത്തിയിരുന്നു. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശന കവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പുയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്.
ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനമനുവദിച്ചത്. മുതിര്‍ന്നവ൪ക്ക് 220 രൂപയും വിദ്യാർഥികൾക്ക് 100 രൂപയും വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവാദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
കർളാട് തടാകത്തിലൂടെ ഇനി ചങ്ങാട യാത്രയും
തരിയോട്: പ്രകൃതി ഭംഗി ആസ്വദിച്ച് കർളാട് ശുദ്ധജല തടാകത്തിലൂടെ വിനോദ സഞ്ചാരികൾക്ക് സവാരി നടത്താൻ ഇനി ചങ്ങാട യാത്രയും. 10 പേർക്ക് യാത്ര ചെയ്യാവുന്ന നാല് ചങ്ങാടങ്ങളാണ് പുതുതായി ഇറക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
കർളാട് തടാകത്തിലെ ചങ്ങാട സർവിസ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
മുൻകാലത്ത് 45 പേർക്ക് യാത്ര ചെയ്യാനാകുന്ന ചങ്ങാടം ഉണ്ടായിരുന്നെങ്കിലും ഒന്നര വർഷമായി അവ പ്രവർത്തനക്ഷമമല്ല. 10 പേർ വരെയുള്ള ഗ്രൂപ്പിന് അരമണിക്കൂർ യാത്രക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. പത്തര ഏക്കർ വരുന്ന പ്രകൃതിരമണീയമായ ഈ ശുദ്ധജല തടാകത്തിലെ ചങ്ങാട യാത്രക്ക് തുഴച്ചിൽ ജീവനക്കാരുടെ സേവനം ലഭ്യമാകും. കുടുംബങ്ങൾക്കും സൗഹൃദ ഗ്രൂപ്പുകൾക്കും തടാക യാത്ര ഒന്നിച്ച് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. ടൂറിസം കേന്ദ്രം മാനേജർ കെ.എൻ. സുമാദേവി, ലൂക്കാ ഫ്രാൻസിസ്, കെ.പി. ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.