വനത്തിനുള്ളിലെ എൻജിനീയറിങ് വിസ്മയം
text_fieldsകാന്തല്ലൂരിലെ ഏറുമാടം
അക്ഷരാഭ്യാസമില്ലെങ്കിലും, കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിലെ വനത്തിനുള്ളിൽ പളനിസാമിയെന്ന മുതുവാൻ സമുദായത്തിൽപെട്ട ആദിവാസി യുവാവ് തീർത്തുവെച്ചിരിക്കുന്ന വിസ്മയങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. മോഹൻലാൽ തകർത്തഭിനയിച്ച ‘ഭ്രമരം’ സിനിമയിലൂടെ ഈ ദൃശ്യവിസ്മയ സ്ഥലങ്ങൾ പുറംലോകമറിഞ്ഞതിന് ശേഷമാണ് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.
പ്രകൃതി, സൗന്ദര്യം കനിഞ്ഞുനൽകിയ ഈ സ്ഥലത്ത് സഞ്ചാരികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചെറിയവരുമാനവും ലക്ഷ്യമിട്ടാണ് പളനിസാമിയെന്ന മിടുക്കൻ യുവാവ് ഇവിടെ പുൽത്തൈല നിർമാണം തുടങ്ങുന്നത്. അതും സ്വന്തമായി വികസിപ്പിച്ചെടുത്ത നിർമാണ രീതിയിലൂടെ. ശുദ്ധമായ ഇൗ പുൽത്തൈലത്തിന് ഇന്ന് വിദേശത്തും സ്വദേശത്തും ആവശ്യക്കാർ ഏറെയാണ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ കിട്ടുന്ന കാര്യം പ്രയാസവും.
വനത്തിനുള്ളിലെ പുൽത്തൈല നിർമാണ കേന്ദ്രവും കൃഷിത്തോട്ടങ്ങളിലൊന്നും
പുൽത്തൈലത്തിനുള്ള ഇഞ്ചിപ്പുല്ല് നട്ടുവളർത്തിയിരുന്ന സ്ഥലത്തിന് നടുവിലായി ഉണ്ടായിരുന്ന മരം വെട്ടിമാറ്റണമെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അതിലൊരു ഏറുമാടം കെട്ടിയാലോ എന്ന് പളനിസാമിക്ക് തോന്നിയത്. ഇത്രയും ഉറപ്പുള്ള അതും താഴെനിന്ന് ഒരു താങ്ങുപോലുമില്ലാത്ത പളനിസാമി നിർമിച്ച ഏറുമാടം എല്ലാവർക്കും ഒരു അദ്ഭുതമായിരുന്നു. 8-10 പേർ ഒരുമിച്ച് കയറിനിന്നാലും ഒരു ചെറിയ ആട്ടംപോലും ഈ ഏറുമാടത്തിനില്ല.
പളനിസാമി
ഏറുമാടത്തിൽ കയറാനുള്ള പടവുകളിൽ മാത്രമാണ് തറനിരപ്പിൽനിന്ന് താങ്ങ് കൊടുത്തിട്ടുള്ളത്. ബാക്കി മുഴുവൻ മരത്തിന്റെ ചില്ലകൾക്കനുസരിച്ച് തടിയുറപ്പിച്ചാണ് ഒരുവർഷത്തോളം പണിപ്പെട്ട് പളനിസാമി ഇതിന്റെ നിർമാണം പൂർത്തീകരിച്ചത്. ഏത് എൻജിനീയറും തോറ്റുപോകുന്ന ഒരു എൻജിനീയറിങ് വിസ്മയം തന്നെയാണ് ഈ ഏറുമാടം. ഇന്ന് ഈ ആദിവാസി യുവാവിന്റെ പ്രധാന വരുമാനമാർഗം കൂടിയാണിത്.
വനത്തിനുള്ളിലെ വിഭവങ്ങൾ വേണമെങ്കിലും പളനിസാമിയെ സമീപിച്ചാൽ മതി. കാട്ടാനകളോടും കാട്ടുമൃഗങ്ങളോടും പോരാടി കൊണ്ടുവരുന്ന കാട്ടുതേനും കാട്ടുനെല്ലിക്കയുമാണ് കൂട്ടത്തിൽ പ്രധാനികൾ. 700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയിലാണ് അഞ്ഞൂറിലേറെ തേൻകൂടുകളുള്ള തേൻപാറ.
നൂറ്റാണ്ടുകളായി ഈ പാറക്ക് മുകളിൽനിന്ന് വടംകെട്ടിയിറങ്ങി തേൻ ശേഖരിക്കുന്നത് ആദിവാസികളുടെ ആചാരത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇപ്പോൾ പളനിസാമിയുൾപ്പെടെ വളരെക്കുറച്ചുപേർ മാത്രമാണ് അതിസാഹസികമായി തേൻ ശേഖരിക്കാൻ ഇറങ്ങാറുള്ളത്. പുൽത്തൈലത്തിന് പുറമെ സ്ട്രോബറി, കാരറ്റ്, കൂർക്ക, പേരയ്ക്ക, മരത്തക്കാളി തുടങ്ങി നിരവധി കൃഷികളും ഈ യുവാവ് ചെയ്യുന്നുണ്ട്. ആവശ്യക്കാർ കൂടുതലുള്ളതുകൊണ്ട് മുൻകൂട്ടി പറയണമെന്ന് മാത്രം.
മരത്തക്കാളി
സ്ട്രോബറി
മൂന്നാർ, വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളൊക്കെ സന്ദർശിക്കാൻ പറ്റിയ സമയമാണിപ്പോൾ. ഏത് നിമിഷവും കാഴ്ചകളെ കണ്ണിൽനിന്ന് മായ്ക്കുന്ന കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയും ഫ്രൂട്ട്സ് തോട്ടങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൂടാതെ ശീതകാല പച്ചക്കറികളുടെയും കാഴ്ചകളുടെയും കോടമഞ്ഞിന്റെയും പഴവർഗങ്ങളുടെയും ഒരു മായാലോകമാണ് ഈ സ്ഥലങ്ങൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്.