ഷബീബ് ലോകം ചുറ്റും, സ്വന്തം സൈക്കിളിൽ
text_fieldsസ്വന്തമായി നിർമിച്ച സൈക്കിളിൽ ഷബീബ് കൂട്ടുകാർക്കൊപ്പം
തലശ്ശേരി: സൈക്കിളിൽ വിദേശ യാത്ര നടത്തണമെന്നത് ബിരുദധാരിയായ എം.പി. ഷബീബിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി സ്വന്തമായി ഒരുസൈക്കിൾ നിർമിക്കണമെന്നും മനസ്സിൽ സ്വപ്നമായി കൊണ്ടുനടന്നു. പതിയെ ഇത് യാഥാർഥ്യമാകുന്നതിന്റെ ആവേശത്തിലാണ് ഷബീബ് ഇപ്പോൾ. സൈക്കിൾ തയാറായി.
യാത്രക്ക് തയാറെടുപ്പിന് നല്ലൊരു ദിവസം കാത്തിരിക്കുകയാണ് ഈ യുവാവ്. മുട്ടന്നൂരിലെ ഖദീജ മൻസിലിൽ കെ. അഷ്റഫ്-എം.പി. ഖദീജ ദമ്പതികളുടെ മകനാണ് ഷബീബ്. സൈക്ലിങ്ങിൽ ഏറെ തൽപരനായതിനാൽ ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് 18 മാസം കൊണ്ട് ഷബീബ് സ്വന്തമായി സൈക്കിളുണ്ടാക്കിയത്. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ആധുനിക രീതിയിലുള്ള സാധനങ്ങൾ എത്തിച്ചാണ് സൈക്കിൾ നിർമിച്ചത്.
ദീർഘദൂര യാത്രക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിലുണ്ട്. ബിയാഞ്ചിയുടെ 1980ലെ മാതൃകയിലാണ് സൈക്കിൾ നിർമിച്ചത്. ഈ സൈക്കിൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അപൂർവമാണ്. ഇറ്റലി, ജപ്പാൻ, റഷ്യ, ചൈന, ചെക് റിപ്പബ്ലിക്, യു.കെ എന്നിവിടങ്ങളിൽ നിന്നാണ് സൈക്കിളിന്റെ ഭാഗങ്ങൾ എത്തിച്ചത്. 50 ശതമാനം ഭാഗങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തു. ബാക്കിയുള്ളവ നാട്ടിൽ നിന്നും.
ദീർഘദൂര യാത്രക്കായി ഏറെ ആലോചനകൾക്ക് ശേഷമാണ് സൈക്കിൾ രൂപപ്പെടുത്തിയതെന്ന് ഷബീബ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഭംഗിയിലും കെട്ടുറപ്പിലും മറ്റു സൈക്കിളുകളെ കവച്ചുവെക്കുന്നതാണിത്. ചെറുപ്പം മുതലേ സൈക്കിളിനോടുള്ള താൽപര്യമാണ് വ്യത്യസ്തമായ സൈക്കിള് നിർമിക്കാൻ ഷബീബിന് പ്രചോദനമായത്.
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സൈക്കിളിന്റെ ആവശ്യകതയും പ്രത്യേക സഞ്ചാരപാത എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവുമാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഷബീബ് പറഞ്ഞു. തലശ്ശേരി കടലോരം കസ്റ്റംസ് ഓഫിസ് പരിസരത്ത് ഷബീബ് നിർമിച്ച സൈക്കിൾ ലോഞ്ചിങ് നടത്തി. തലശ്ശേരി സൈക്ലിങ് ക്ലബിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് സൈക്കിളിൽ സവാരിയും നടത്തി.