ഗവി ബസ് സർവിസുകൾ പുനഃരാരംഭിച്ചു
text_fieldsചിറ്റാർ: നീണ്ട ഇടവേളക്കുശേഷം പത്തനംതിട്ട-ഗവി-കുമളി, കാട്ടാക്കട - മൂഴിയാർ എന്നീ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃരാരംഭിച്ചു. ഗവി കാണാൻ എത്തുന്ന സഞ്ചാരികൾക്കു ഇനി ബസിൽ കാനനഭംഗി കണ്ട് മടങ്ങാം. കോവിഡുമായി ബന്ധപ്പെട്ടാണ് ഇരു സർവിസുകളും താൽക്കാലികമായി നിർത്തിയത്. ഗവി ബസ് സർവിസ് നിലച്ചതിനാൽ ഗവി നിവാസികൾ പുറം ലോകവുമായുള്ള ബന്ധം പൂർണമായും നിലച്ചിരുന്നു.
ഗവി സർവിസ് പത്തനംതിട്ട സ്റ്റാൻഡിൽനിന്ന് രാവിലെ 6.30ന് സർവിസ് ആരംഭിക്കും. വടശ്ശേരിക്കര, പെരുനാട്, ആങ്ങമൂഴി, മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി വഴി 12.30ന് കുമളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തും. ഉച്ചക്ക് 1.20ന് കുമളിയിൽനിന്ന് തിരിക്കുന്ന ബസ് വൈകീട്ട് ഏഴിന് പത്തനംതിട്ടയിൽ മടങ്ങിയെത്തും. കാട്ടാക്കട ബസ് വെളുപ്പിന് 4.15ന് കാട്ടാക്കടയിൽനിന്ന് സർവിസ് ആരംഭിക്കും.
അഞ്ചിന് തിരുവനന്തപുരത്തും ഏഴിന് പുനലൂരിലും 8.10ന് പത്തനംതിട്ടയിലും 11ന് മൂഴിയാറിലും എത്തും. ഉച്ചക്കുശേഷം 2.45ന് മൂഴിയാറിൽനിന്ന് കാട്ടാക്കടയിലേക്കുമടങ്ങും. ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഉദ്യോഗസ്ഥരാണ് പ്രധാന യാത്രക്കാർ. ദിവസം 20,000 രൂപയിൽ അധികമാണ് കളക്ഷൻ ലഭിക്കുന്നത്.